ഇടറാതെ ബ്രസീൽ

മോസ്കോ
വൻമരങ്ങൾ കടപുഴകുമ്പോൾ ബ്രസീൽ പിടിച്ചുനിൽക്കുന്നു. ജർമനി പുറത്തായ രാത്രിയിൽ സെർബിയയെ രണ്ടു ഗോളിന് തോൽപ്പിച്ച് ബ്രസീൽ രണ്ടാം റൗണ്ടിലേക്കുള്ള വാതിൽ തുറന്നു. ആധികാരിക പ്രകടനത്തോടെയാണ് മുന്നേറ്റം. പ്രതീക്ഷകൾക്കൊത്ത് ബ്രസീലിന്റെ കളി ആനന്ദിപ്പിക്കുന്നില്ലെങ്കിലും ആത്മവിശ്വാസമുള്ള പ്രകടനമായിരുന്നു അത്. സെർബിയയുടെ കായികകരുത്തിനു മുന്നിൽ പിടിച്ചുനിന്നു. പൗളീന്യോയും തിയാഗോ സിൽവയും നേടിയ ഗോളിലാണ് ജയിച്ചത്. ഫിലിപ് കുടീന്യോ ഒരിക്കൽക്കൂടി നിർണായക സാന്നിധ്യമായി. നെയ്മറും ഒരു ഗോളിന് വഴിയൊരുക്കി.
പരിക്കേറ്റ ഡഗ്ലസ് കോസ്റ്റയെ കൂടാതെയാണ് ബ്രസീൽ ഇറങ്ങിയത്. വില്ലിയൻ ഒരിക്കൽക്കൂടി ആദ്യ പതിനൊന്നിൽ തിരിച്ചെത്തി. മിറാൻഡയ്ക്കായിരുന്നു മത്സരത്തിൽ ക്യാപ്റ്റന്റെ ചുമതല. ബ്രസീലിന്റെ കളി തുടങ്ങിയത് മാഴ്സെലോയുടെ പരിക്കോടെയാണ്. കളിതുടങ്ങി നിമിഷങ്ങൾക്കുള്ളിൽ മാഴ്സെലോ പുറത്ത്. പുറംവേദനയെത്തുടർന്നായിരുന്നു പിന്മാറ്റം. ഫിലിപ് ലൂയിസ് പകരക്കാരനായി എത്തി. മാഴ്സെലോയുടെ പിന്മാറ്റം ബാധിക്കാത്തതരത്തിൽ ലൂയിസ് കളം നിറഞ്ഞു. പക്ഷേ, മാഴ്സെലോയുടെ ആക്രമണോത്സുകത ലൂയിസിനുണ്ടായില്ല. പൊക്കത്തിന്റെ ആനുകൂല്യത്തിൽ വിരട്ടാൻ ശ്രമിച്ച സെർബിയൻ മുന്നേറ്റത്തെ ബ്രസീൽ പ്രതിരോധം പിടിച്ചുനിർത്തി. സിൽവയും മിറാൻഡയും ലൂയിസും ഫാഗ്നെറും പ്രതിരോധനിരയിൽ ഉറച്ചു. സെർബിയൻ മുന്നേറ്റക്കാരൻ അലെക്സാണ്ടർ മിത്രോവിച്ച് രണ്ടുതവണ ഹെഡറിലൂടെ ഗോളിന് അരികെയെത്തിയെങ്കിലും ബ്രസീൽ പ്രതിരോധം വിട്ടുകൊടുത്തില്ല.
ആദ്യപകുതിയിൽ ബ്രസീൽ കളിയിൽ പൂർണനിയന്ത്രണം നേടി. കുടീന്യോയും പൗളീന്യോയും നീക്കങ്ങൾ നെയ്തു. അരമണിക്കൂർ കഴിയുമ്പോഴേക്കും ബ്രസീൽ മുന്നിലെത്തി. പൗളീന്യോയുടെ ഉശിരൻ ഗോൾ. കുടീന്യോ ഉയർത്തിവിട്ട പന്ത് പൗളീന്യോ സെർബിയൻ ഗോൾകീപ്പർ വ്ളാദിമിർ സ്റ്റോയ്കോവിച്ചിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടു. മൂന്ന് സെർബിയൻ കളിക്കാർക്കിടയിൽനിന്നാണ് ഈ ബാഴ്സലോണ താരം പന്ത് വലയിലാക്കിയത്. സെർബിയർ പ്രതിരോധം ഉലഞ്ഞു. ബ്രസീലിന്റെ ആക്രമണത്തിനു മുന്നിൽ അലെക്സാണ്ടർ കൊളറോവ് നയിച്ച പ്രതിരോധത്തിന് താളംതെറ്റി. രണ്ടാംപകുതിയിൽ ബ്രസീൽ അൽപ്പമൊന്ന് പിൻവലിഞ്ഞു. സെർബിയൻനിരയിൽ ദാസുൻ ടാഡിച്ചും അലെക്സാണ്ടർ മിത്രോവിച്ചും ബ്രസീൽ പ്രതിരോധത്തെ മറികടന്ന് മുന്നേറാൻ ശ്രമിച്ചു.
മറുവശത്ത് ബ്രസീൽനിരയിൽ നെയ്മർ താളം കണ്ടെത്തി. എങ്കിലും പൂർണമായി ശോഭിക്കാനായില്ല ഈ പിഎസ്ജി താരത്തിന്. ഇടയ്ക്ക് അസ്വസ്ഥനായി നെയ്മർ.
സിൽവയുടെ ഗോളിന് അവസരമൊരുക്കിയശേഷമാണ് നെയ്മർ ശാന്തനായത്. നെയ്മറുടെ കോർണർകിക്കിൽ തലവച്ച് സിൽവ ബ്രസീലിന്റെ ലീഡ് ഉയർത്തി. ടിറ്റെ വിജയം ഉറപ്പാക്കി. കുടീന്യോയെ പിൻവലിച്ചു. ഫൗളുകളില്ലാതെ, ശാന്തമായാണ് ബ്രസീൽ കളിച്ചത്. ഒരു മഞ്ഞക്കാർഡ്പോലും വഴങ്ങിയില്ല.









0 comments