സുവാരസിന്റെ ബൂട്ടിൽ ഉറുഗ്വേ പ്രീകാർട്ടറിൽ

മോസ്കോ
ഓർത്തുവെയ്ക്കാൻ ഉറുഗ്വേ കുപ്പായത്തിൽ നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസിന്റെ ഒറ്റ ഗോൾ മാത്രം. 90 മിനിറ്റുംചെറുത്തുനിന്ന സൗദി അറേബ്യയെ ആ ഒരു ഗോളിന് കീഴടക്കി ഉറുഗ്വേ, റഷ്യക്കൊപ്പം പ്രീക്വാർട്ടറിൽ കടന്നു. കളിയുടെ 23‐ാം മിനിറ്റിലായിരുന്നു നിർണായക ഗോൾ.
ഗ്രൂപ്പ് എ യിൽ രണ്ട് വീതം ജയങ്ങളുമായി ഉറുഗ്വേക്കും റഷ്യക്കും ആറ് പോയിന്റായി. ഒരു കളി ബാക്കിയിരിക്കെ ഈജിപ്തും സൗദിയും പുറത്തായി. 25ന് ഉറുഗ്വേയും റഷ്യയും തമ്മിലുള്ള മത്സരം ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കും. ഒരു പോയിന്റെങ്കിലും നേടാൻ ഈജിപ്തും സൗദിയും ഏറ്റുമുട്ടും.
ആദ്യ പകുതിയിൽ ആശ്വാസം സുവാരസിന്റെ ഗോൾ മാത്രമായിരുന്നു. ആദ്യകളിയിൽ റഷ്യയോട് തകർന്ന ടീമിൽ നാല് മാറ്റം വരുത്തിയാണ് സൗദി ഇറങ്ങിയത്. പന്ത് എങ്ങനെയെങ്കിലും ഉറുഗ്വേയുടെ ഗോൾമുഖത്തെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മവാലദ് ഹർബിയും ഹതൻ ബാബ്റിയും ഗോളിലേക്ക് ഷോട്ടുതിർത്തു. എന്നാൽ അവക്കൊന്നും ലക്ഷ്യബോധമില്ലായിരുന്നു.
സുവരാസും കവാനിയും മുന്നിൽനിന്നെങ്കിലും ഉറുഗ്വേയുടെ നീക്കങ്ങൾക്ക് വ്യക്തമായ ആസൂത്രണമില്ലായിരുന്നു. ഗോളിനുള്ള വെടിമരുന്നൊന്നും ഉറുഗ്വേ മധ്യനിര വിതറിയതുമില്ല. സൗദി ഗോളി മുഹമ്മദ് അൽ ഒവെയ്സിന് പന്ത് പിടിത്തത്തിന്റെ അടിസ്ഥാന പാഠം പിഴച്ചപ്പോൾ ഉറുഗ്വേ ഗോളടിച്ചു. കോർണർകിക്കിൽനിന്നും വരുന്ന പന്തുകണ്ട് മുന്നോട്ടുനീങ്ങിയ ഗോളി, സുവാരസിന്റെ അപകട സാനിധ്യം തിരിച്ചറിഞ്ഞില്ല. ഗോളിയില്ലാ പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ സുവാരസിനുണ്ടായിരുന്നുള്ളു.
രണ്ടാം പകുതിയിൽ ഉറുഗ്വേയുടെ മുന്നേറ്റത്തിന് കുറച്ചുകൂടി വ്യക്തതയും മൂർച്ചയും കൈവന്നു. സുവാരസും കവാനിയും സാഞ്ചസും ഗോളിനടുത്തെത്തി.
എന്നാൽ ഒട്ടും പതർച്ചയില്ലാതെ സൗദി പ്രതിരോധിച്ചു. പെനൽറ്റിബോക്സിന് പുറത്തുനിന്നെടുത്ത സുവാരസിന്റെ ഫ്രീകിക്കും കാർലോസ് സാഞ്ചസിന്റെ ഹെഡ്ഡറും അവർ അതിജീവിച്ചു.









0 comments