ഒരുങ്ങി... ബ്രസീൽ, സ്പെയ്ൻ

മോസ്കോ
ഓസ്‌ട്രിയയെ മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ ലോകകപ്പിന് ഉശിരോടെ ഒരുങ്ങി. അവസാന സന്നാഹമത്സരത്തിൽ സ്പെയ്നും ജയം നേടി. ഒരു ഗോളിന് ടുണീഷ്യയെ കീഴടക്കി. അമേരിക്കയുമായി സമനിലയിൽപ്പിരിഞ്ഞ ഫ്രാൻസ് നിരാശപ്പെടുത്തി.
സ്വീഡനും പെറുവും ഗോളടിക്കാതെ പിരിഞ്ഞപ്പോൾ ഡെന്മാർക്ക് രണ്ട് ഗോളിന് മെക്സിക്കോയെ കീഴടക്കി. എസ്റ്റോണിയയെ 3‐1ന് കീഴടക്കി മൊറോക്കോ മികച്ച പ്രകടനം തുടർന്നു. സെർബിയ 5‐1ന് ബൊളീവിയയെ തകർത്തു.
ഓസ്‌്ട്രിയക്കെതിരെ ബ്രസീൽ നിറഞ്ഞാടി. ആദ്യപകുതിയിൽ ഗബ്രിയേൽ ജെസ്യൂസിന്റെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയ ബ്രസീൽ ഇടവേളയ്‌ക്കുശേഷം കളംഭരിച്ചു. മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ നെയ്‌മറും കുടീന്യോയും ഓസ്‌ട്രിയയെ തകർത്തു. ഇതോടെ രണ്ട് സന്നാഹ മത്സരങ്ങളിലും നെയ്‌മർ ലക്ഷ്യം കണ്ടു. ലോകകപ്പിൽ 17ന് സ്വിറ്റ്‌സർലൻഡുമായിട്ടാണ് ബ്രസീലിന്റെ ആദ്യകളി.
ക്രസ്നോദറിൽ കളിതീരാൻ ആറ് മിനിറ്റ്ശേഷിക്കെയാണ് സ്പെയ്ൻ ടുണീഷ്യക്കെതിരെ ഗോളടിച്ചത്. പകരക്കാരനായെത്തിയ ഇയാഗോ അസ്പാസ് ലക്ഷ്യംകണ്ടു. ഇതോടെ തോൽവിയറിയാതെ 20 മത്സരം സ്പെയ്ൻ പൂർത്തിയാക്കി.
പൂർണപ്രതിരോധത്തിൽ കളിച്ച ടുണീഷ്യ താരനിബിഡമായ സ്പാനിഷ്നിരയ്ക്ക് വിടവ് നൽകിയതേയില്ല. ഇടയ്ക്ക് പ്രത്യാക്രമണം നടത്തുകയുംചെയ്തു. സ്പാനിഷ്നിരയിൽ ആന്ദ്രേ ഇനിയേസ്റ്റ താളം കണ്ടെത്താൻ വിഷമിച്ചു. പലപ്പോഴും ഇനിയേസ്റ്റയുടെ കാലിൽനിന്ന് പന്ത് നഷ്ടപ്പെട്ടു. ഇടവേളയ്ക്കുശേഷം കോച്ച് ജൂലെൻ ലൊപട്ടേഗി മാറ്റങ്ങൾ വരുത്തി. അസ്പാസ് ഇറങ്ങി. 84‐ാം മിനിറ്റിൽ ഈ സെൽറ്റ ഡി വിഗോ താരം സ്പെയ്ന് ജയമൊരുക്കി.
ലോകകപ്പ് ആദ്യമത്സരത്തിൽ പോർച്ചുഗലാണ് മുൻ ചാമ്പ്യൻമാരുടെ എതിരാളി. 15നാണ് കളി.
ഫ്രാൻസും അമേരിക്കയും ഓരോ ഗോളടിച്ച് പിരിഞ്ഞു. ലോകകപ്പിന് യോഗ്യത നേടാത്ത അമേരിക്കയ്ക്കെതിരെ വമ്പൻ നിരയെയാണ് ഫ്രാൻസ് കോച്ച് ദിദിയർ ദെഷാം കളത്തിൽ ഇറക്കിയത്. പക്ഷേ, സ്വാധീനമുണ്ടാക്കിയില്ല ഈ നിര. ആദ്യപകുതിയിൽത്തന്നെ ഫ്രാൻസ് ഗോൾ വഴങ്ങി. ഫ്രാൻസിന്റെ പ്രതിരോധദൗർബല്യം മുതലെടുത്ത് ജൂലിയൻ ഗ്രീൻ ഗോളടിച്ചു. ആദ്യഘട്ടത്തിൽ പോൾ പോഗ്ബയുടെ അടി പോസ്റ്റിൽ തട്ടിത്തെറിച്ചു. കളിതീരാൻ 12 മിനിറ്റ്മാത്രം ബാക്കിനിൽക്കെയാണ് ഫ്രാൻസ് സമനില പിടിച്ചത്. കൈലിയൻ എംബാപ്പെ ഗോളടിച്ചു.
ശനിയാഴ്ച ഓസ്ട്രേലിയയുമായാണ് ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് മത്സരം. മെക്സിക്കോയ്ക്കെതിരെ ഡെൻമാർക്ക് തകർപ്പൻകളി പുറത്തെടുത്തു. യൂസുഫ് പോൾസണും ക്രിസ്റ്റ്യൻ എറിക്സണും ഡെൻമാർക്കിനായി ഗോൾ നേടി.









0 comments