ഗുകേഷിനാകുമോ ? ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് കളി

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് ഗെയിമുകൾമാത്രം ബാക്കി. ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്റർ ഡി ഗുകേഷിനെ പിന്തുണയ്‌ക്കുന്ന ചെസ്‌പ്രേമികൾ ആകാംക്ഷയുടെ കൊടുമുടിയിലെത്തിയിരിക്കുന്നു. പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി. ഗുകേഷിന് അനായാസജയം എന്നത് ഒരു മിഥ്യമാത്രമെന്ന് കഴിഞ്ഞ 12 ഗെയിമുകൾ നിസ്സംശയം തെളിയിച്ചുകഴിഞ്ഞു. 11–-ാം ഗെയിം ജയിച്ചതോടെ വാനോളമുയർന്ന പ്രതീക്ഷ 12–-ാം ഗെയിമിലെ തോൽവിയോടെ കെട്ടടങ്ങി. അവസാന രണ്ട് ഗെയിമുകൾ വിധി നിർണായകമാകുമോ? അതോ മത്സരം ടൈബ്രേക്കിലേക്ക് കടക്കുമോ? ഈ ചോദ്യങ്ങളാണ് എങ്ങും അലയടിക്കുന്നത്.
ലോകചാമ്പ്യൻ എന്നത് ഒരു അപാര നിർമിതിയാണ്. തീവ്രമായ ഇച്ഛാശക്തിയും അചഞ്ചലമായ ലക്ഷ്യബോധവും അസാമാന്യമായ മനഃസാന്നിധ്യവും അഗാധമായ ചെസ് ജ്ഞാനത്തോടും ഉജ്വലമായ കരുനീക്കങ്ങളോടും സമന്വയിക്കുമ്പോഴാണ് ഒരു ലോക ചെസ് ചാമ്പ്യൻ പിറവികൊള്ളുന്നത്. വരുംദിനങ്ങളിൽ സിംഗപ്പൂരിലെ സന്തോസ ദ്വീപിൽ ഈ പ്രതിഭാസം സംജാതമാകുമോ?
സ്കോർ 6–-6 എന്ന ബലാബലത്തിൽ വന്നെത്തിയതോടെ ചെസ് പണ്ഡിതർ ആദ്യമായി ചൈനീസ് ഗ്രാൻഡ്‌മാസ്‌റ്റർ ഡിങ് ലിറെന്റെ വശത്തേക്ക് ചെരിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഗുകേഷിന് 7.5 എന്ന നിർണായക സ്‌കോറിലേക്ക് എത്തിപ്പെടാനാകില്ല എന്നവർ സന്ദേഹിക്കുന്നു. 7-–-7 എന്ന നിലയിൽ ക്ലാസിക്കൽ സമയക്രമ ഗെയിമുകൾ പരിസമാപിച്ചാൽ ടൈബ്രേക്കിന്റെ റാപ്പിഡ്, ബ്ലിറ്റ്സ് സമയക്രമങ്ങളിൽ ഇന്ത്യൻ യുവതാരത്തിന് യാതൊരു സാധ്യതയുമില്ല എന്ന വിലയിരുത്തൽ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ പൂർണമായും സാധൂകരിക്കാവുന്ന ഒന്നാണ്.
ഗുകേഷും സംഘവും അവസാന രണ്ട് ഗെയിമുകളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും എന്നതിൽ തർക്കമില്ല. മൗലികവും അപ്രതീക്ഷിതവുമായ ഓപ്പണിങ്ങ് സമ്പ്രദായങ്ങളും കരുനീക്കങ്ങളും കണ്ടെത്താനുള്ള തീവ്രശ്രമങ്ങളിൽ വ്യാപൃതരായിരിക്കും ഗുകേഷിന്റെ സഹായികൾ. ആത്മവിശ്വാസം ഉയർന്നെങ്കിലും ഓരോ പിഴവും വിധി നിർണായകമായി മാറുമെന്ന് ഡിങ്ങിനും സഹായികൾക്കും അറിയാം. ഗുകേഷും ഡിങ്ങും ഒരേ തലത്തിലുള്ള മാനസികസമ്മർദം അനുഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ലോകകിരീടം ആര് കൈപ്പിടിയിലൊതുക്കും എന്ന ചോദ്യത്തിനുത്തരം ഇരുവർക്കും തുല്യസാധ്യത എന്നേ പറയാനാകൂ.









0 comments