ഡിങ് കിങ് ; പന്ത്രണ്ടാം ഗെയിം ജയിച്ച് ഡിങ് ലിറെൻ തിരിച്ചുവന്നു

സിംഗപ്പുർ
തലേദിവസം പൂർണമായും തകർന്നുപോയൊരു മനുഷ്യന്റെ അത്ഭുതകരമായ തിരിച്ചുവരവ്. ചതുരംഗക്കളത്തിൽ കിങ്ങായി ഡിങ് ലിറെൻ തിളങ്ങി. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ തിരിച്ചുവരവിലൂടെ ചൈനീസ് ഗ്രാൻഡ്‌മാസ്‌റ്റർ വീണ്ടും കിരീടസാധ്യതയിൽ മുന്നിലായി. പന്ത്രണ്ടാം ഗെയിമിൽ എതിരാളിയായ ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്റർ ഡി ഗുകേഷിനെ വീഴ്‌ത്തി. 39 നീക്കത്തിലാണ് വിജയം. ഇതോടെ ഇരുവർക്കും ആറ് പോയിന്റ് വീതമായി. ഇന്ന് വിശ്രമമാണ്. രണ്ട് കളിയാണ് ബാക്കി. ആദ്യം ഏഴര പോയിന്റ് കിട്ടിയാൽ വിജയിക്കാം. 14 ഗെയിമിലും സമനിലയെങ്കിൽ ടൈബ്രേക്കിൽ ലോക ജേതാവിനെ നിശ്‌ചയിക്കും.
പതിനൊന്നാം ഗെയിം ജയിച്ച് പതിനെട്ടുകാരൻ ഗുകേഷ് ഒരു പോയിന്റ് മുന്നിലെത്തിയിരുന്നു. പ്രായം കുറഞ്ഞ ലോകചാമ്പ്യനാകാൻ പോകുന്നുവെന്ന വിലയിരുത്തലുണ്ടായി. അടുത്ത മൂന്ന് ഗെയിമും സമനിലയാക്കിയാൽ ചാമ്പ്യനാകാമായിരുന്നു. എന്നാൽ, പന്ത്രണ്ടാം ഗെയിമിൽ ഡിങ് വിശ്വരൂപം പൂണ്ടു. ലോകചാമ്പ്യനെപ്പോലെയായിരുന്നു കളി. പ്രതിരോധത്തിൽ കേമനായ ഡിങ് ആക്രമണത്തിലും മുന്നിട്ടുനിന്നു.
കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും സമാനപ്രകടനമായിരുന്നു. എതിരാളിയായിരുന്ന റഷ്യയുടെ ഇയാൻ നിപോംനിഷി 11 റൗണ്ട് പൂർത്തിയായപ്പോൾ 6–-5ന് മുന്നിലായിരുന്നു. എന്നാൽ, പന്ത്രണ്ടാംറൗണ്ട് വിജയിച്ച് ഡിങ് ഒപ്പമെത്തി. അടുത്ത രണ്ട് കളിയും സമനിലയായതോടെ വിജയിയെ തീരുമാനിക്കാൻ ടൈബ്രേക്ക്. അവിടെ അനായാസജയം നേടി ഡിങ് ലോക ചാമ്പ്യനായി. റാപ്പിഡ് ടൈബ്രേക്കിലെ പുലിയാണ് മുപ്പത്തിരണ്ടുകാരൻ ഡിങ്.
പന്ത്രണ്ടാംഗെയിമിൽ വെള്ളക്കരുക്കളുമായി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കഴിഞ്ഞ കളി തോറ്റതിന്റെ ക്ഷീണമൊന്നും കളത്തിൽ കണ്ടില്ല. ഇരുവരും ആലോചിച്ചുറപ്പിച്ചായിരുന്നു നീക്കം. അതിനാൽ സമയസമ്മർദത്തിൽപ്പെട്ടു. ഗുകേഷ് പതിനേഴാംനീക്കത്തിന് 40 മിനിറ്റാണെടുത്തത്. കളി പുരോഗമിക്കുന്തോറും ഡിങ് കരകയറി. ഗുകേഷാകട്ടെ കൂടുതൽ കുഴപ്പത്തിലായി കളി തുലച്ചു.









0 comments