പിങ്ക് സങ്കടം ; അഡ്ലെയ്ഡിൽ പുരുഷന്മാർക്ക് 10 വിക്കറ്റ് തോൽവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 10:49 PM | 0 min read



അഡ്‌ലെയ്‌ഡ്‌
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യക്ക്‌ 10 വിക്കറ്റ്‌ തോൽവി. ഇതോടെ ബോർഡർ ഗാവസ്‌കർ ട്രോഫിക്കായുള്ള പരമ്പര 1–-1 ആയി. പിങ്ക്‌ പന്ത്‌ ഉപയോഗിച്ച പകൽ–-രാത്രി ടെസ്‌റ്റിൽ ഓസീസ്‌ പേസ്‌ ബൗളർമാർക്കുമുന്നിൽ ഇന്ത്യക്ക്‌ പിടിച്ചുനിൽക്കാനായില്ല. മൂന്നാം ദിവസം 16 ഓവറിനുള്ളിൽ കളിതീർന്നു. അഞ്ചുദിവസം നീളേണ്ട ടെസ്‌റ്റിന്റെ  ആയുസ്സ്‌ 1031 പന്തുകൾ മാത്രം.

സ്‌കോർ: ഇന്ത്യ 180, 175 ഓസീസ്‌ 337, 19/0

ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌ രണ്ട്‌ ഇന്നിങ്സിലുമായി ഏഴ്‌ വിക്കറ്റെടുത്തു. മിച്ചൽ സ്‌റ്റാർക്കിന്‌ എട്ട്‌. സ്‌കോട്ട്‌ ബോളണ്ടിന്‌ അഞ്ച്‌ വിക്കറ്റുണ്ട്‌. ഒന്നാം  ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഓസീസ്‌ ബാറ്റർ ട്രാവിസ്‌ ഹെഡാണ്‌ (140) കളിയിലെ താരം.

മൂന്നാംദിവസം 125/5 സ്‌കോറിൽ രണ്ടാം ഇന്നിങ്സ്‌ പുനരാരംഭിച്ച ഇന്ത്യൻ ബാറ്റർമാർക്ക്‌ പിടിച്ചുനിൽക്കാനായില്ല. 12.5 ഓവറിൽ 18 റൺ മാത്രം ലീഡ്‌ നേടി കൂടാരം കയറി. സ്‌റ്റാർക്കിന്റെ ആദ്യ ഓവറിൽത്തന്നെ ഋഷഭ്‌ പന്ത്‌(28) വീണു. തലേദിവസത്തെ സ്‌കോറിനോട്‌ ഒന്നും കൂട്ടിച്ചേർക്കാനായില്ല. സ്‌മിത്തിനായിരുന്നു ക്യാച്ച്‌. ആർ അശ്വിനും (7) ഹർഷിത്‌ റാണയും (0) കമ്മിൻസിന്‌ കീഴടങ്ങിയതോടെ നിതീഷ്‌ റെഡ്ഡി ഒറ്റയ്‌ക്ക്‌ പൊരുതി. ഇന്ത്യക്ക്‌ നേരിയ ലീഡ്‌ കിട്ടിയതിനുപിന്നാലെ നിതീഷും പുറത്തായി. 47 പന്തിൽ 42 റണ്ണുമായി ചെറുത്തുനിന്ന ബാറ്ററെ കമ്മിൻസാണ്‌ മടക്കിയത്‌. ഏഴാമനായി ഇറങ്ങിയാണ്‌ ആന്ധ്രക്കാരൻ ആറ്‌ ഫോറും ഒരു സിക്‌സറും കണ്ടെത്തിയത്‌. രണ്ട്‌ ഇന്നിങ്സിലും ഇരുപത്തൊന്നുകാരനാണ്‌ ടോപ്‌സ്‌കോറർ. മുഹമ്മദ്‌ സിറാജിനെ (7) പുറത്താക്കി ബോളണ്ട്‌ ഇന്ത്യൻ ഇന്നിങ്സിന്‌ തിരശ്ശീലയിട്ടു.  കമ്മിൻസ്‌ അഞ്ചും ബോളണ്ട്‌ മൂന്നും വിക്കറ്റെടുത്തു. സ്‌റ്റാർക്കിന്‌ രണ്ട്‌ വിക്കറ്റുണ്ട്‌.

ജയിക്കാനാവശ്യമായ 19 റൺ ഓസീസ്‌ 3.2 ഓവറിൽ നേടി. നഥാൻ മക്‌സ്വീനിയും (10) ഉസ്‌മാൻ ഖവാജയും (9) വിജയത്തിലേക്ക്‌ റണ്ണടിച്ചു. പരമ്പരയിലെ മൂന്നാം മത്സരം 14ന്‌ ബ്രിസ്‌ബെയ്‌നിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home