ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ; റയൽ ഉലയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 11:11 PM | 0 min read


ലണ്ടൻ
റയൽ മാഡ്രിഡിനെ തൂത്തെറിഞ്ഞ്‌ ലിവർപൂൾ. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ രണ്ട്‌ ഗോളിനാണ്‌ ജയം. അലെക്‌സിസ്‌ മക്‌ അലിസ്റ്ററും കോഡി ഗാക്‌പോയുമാണ്‌ വിജയികൾക്കായി ഗോളടിച്ചത്‌. കളിയിലുടനീളം തീർത്തും മങ്ങിയ റയലിനായി സൂപ്പർതാരം കിലിയൻ എംബാപ്പെ പെനൽറ്റി പാഴാക്കി. ജയത്തോടെ ലിവർപൂൾ പ്രീക്വാർട്ടർ ഉറപ്പാക്കി. അഞ്ചു കളിയും ജയിച്ച്‌ 15 പോയിന്റുമായി ഒന്നാമതാണവർ. അഞ്ചിൽ മൂന്നും തോറ്റ നിലവിലെ ചാമ്പ്യൻമാരായ റയൽ 24–-ാം സ്ഥാനത്താണ്‌. അവസാന പതിനാറിലെത്താൻ പ്ലേ ഓഫ്‌ കളിക്കണം. പുതിയ രീതിപ്രകാരം 36 ടീമുകളിൽ ആദ്യ എട്ട്‌ സ്ഥാനക്കാർ നേരിട്ട്‌ യോഗ്യത നേടും. 9 മുതൽ 24 വരെയുള്ള സ്ഥാനക്കാർ ഇരുപാദ പ്ലേ ഓഫിന്‌ ഇറങ്ങണം. അവസാന 12 ടീമുകൾ പുറത്താകും. ചാമ്പ്യൻസ്‌ ലീഗിൽ 15 തവണ ജേതാക്കളാണ്‌ റയൽ.

ആൻഫീൽഡിൽ, ലിവർപൂളിന്റെ കോട്ടയിൽ റയൽ തുടക്കം പിടിച്ചുനിന്നു. സീസണിൽ പുതിയ കോച്ച്‌ ആർണെ സ്ലോട്ടിനുകീഴിൽ മാരക പ്രകടനം നടത്തുന്ന ഇംഗ്ലീഷ്‌ ടീം വ്യക്തമായ പദ്ധതികളുമായാണ്‌ എത്തിയത്‌. ആദ്യപകുതി പലതവണ അവർ എതിർ ഗോൾമുഖത്ത്‌ എത്തിയെങ്കിലും റയൽ പ്രതിരോധവും ഗോൾകീപ്പർ തിബൗ കുർട്ടോയും പിടിച്ചുനിന്നു. പക്ഷേ, ഇടവേളയ്‌ക്കുശേഷം ഈ പിടിവിട്ടു. തുടക്കംതന്നെ ലീഡെടുത്തു. കോണോർ ബ്രാഡ്‌ലി നൽകിയ പന്ത്‌ മക്‌ അലിസ്റ്റർ വലയിലെത്തിച്ചു. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു വലത്‌ പ്രതിരോധക്കാരനായ ബ്രാഡ്‌ലി പുറത്തെടുത്തത്. ആക്രമിക്കാനും പ്രതിരോധിക്കാനും ഈ ഇരുപത്തൊന്നുകാരൻ മുന്നിലായിരുന്നു. എംബാപ്പെയെ തളയ്‌ക്കാനും അയർലൻഡുകാരന്‌ കഴിഞ്ഞു.

ഒപ്പമെത്താനുള്ള സുവർണാവസരം റയലിനുണ്ടായി. ലൂകാസ്‌ വാസ്‌ക്വസിനെ ആൻഡി റോബർട്‌സൺ വീഴ്‌ത്തിയതിന്‌ പെനൽറ്റി ലഭിച്ചു. എന്നാൽ, എംബായുടെ കിക്ക്‌ ലിവർപൂൾ ഗോളി കയോമിൻ കെല്ലെഹെർ രക്ഷപ്പെടുത്തി. പിന്നാലെ ലീഡുയർത്താൻ ആതിഥേയർക്കും കിട്ടി പെനൽറ്റി. പക്ഷേ, മുഹമ്മദ്‌ സലായുടെ ഷോട്ട്‌ പുറത്തേക്കായിരുന്നു. പകരക്കാരനായെത്തിയാണ്‌ ഗാക്‌പോ ജയമുറപ്പിച്ചത്‌.

ലിവർപൂളിനെതിരെ മുമ്പ്‌ എട്ടു പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും ജയം റയലിനൊപ്പമായിരുന്നു. പ്രധാന എട്ടു താരങ്ങൾ പരിക്കേറ്റ്‌ പുറത്തായത്‌ അവരുടെ പ്രകടനത്തെ ബാധിച്ചു. വിനീഷ്യസ്‌ ജൂനിയർ, റോഡ്രിഗോ, ഏദെർ മിലിറ്റാവോ, ഡാനി കാർവഹാൽ തുടങ്ങിയവരെല്ലാം പുറത്താണ്‌.മറ്റു മത്സരങ്ങളിൽ ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ മൂന്ന്‌ ഗോളിന്‌ ഡൈനാമോ സാഗ്രബിനെ തോൽപ്പിച്ചു. യുവന്റസും ആസ്റ്റൺ വില്ലയും ഗോളടിക്കാതെ പിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home