സൂപ്പർ ലീഗ്‌ കേരള ; കൊമ്പൻസിനെ വീഴ്‌ത്തി കലിക്കറ്റ് ഫെെനലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 01:04 AM | 0 min read


കോഴിക്കോട്‌
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ കലിക്കറ്റ്‌ എഫ്‌സി ഫൈനലിൽ. പിന്നിട്ടുനിന്നശേഷം രണ്ട്‌ ഗോളടിച്ച്‌ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്‌ത്തി (2–-1). ഓട്ടമർ ബിസ്‌പോയിലൂടെയാണ്‌ കൊമ്പൻസ്‌ ലീഡെടുത്തത്‌. ജോൺ കെന്നഡിയിലൂടെ ഒപ്പമെത്തിയ കലിക്കറ്റിന്‌ കോഴിക്കോട്‌ നാദാപുരം സ്വദേശി ഗനി അഹമ്മദ്‌ നിഗം ഫൈനൽ ടിക്കറ്റ്‌ ഉറപ്പാക്കി. ഞായറാഴ്‌ചയാണ്‌ കിരീടപ്പോരാട്ടം. ഇന്ന്‌ നടക്കുന്ന കണ്ണൂർ വാരിയേഴ്‌സ്‌–-ഫോഴ്‌സ കൊച്ചി രണ്ടാംസെമി വിജയികളെ നേരിടും.

കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന പോരിൽ കലിക്കറ്റിനായിരുന്നു ആധിപത്യം. 12–-ാംമിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്ന്‌ ലഭിച്ച  ഫ്രീകിക്ക് ഗനി വല ലക്ഷ്യമാക്കി പായിച്ചെങ്കിലും കൊമ്പൻസിന്റെ കരുത്തനായ ഗോൾകീപ്പർ മിഖായേൽ സാന്റോസ് തട്ടിയകറ്റി. എന്നാൽ, കളിഗതിക്കെതിരെ കൊമ്പൻസ്‌ ലക്ഷ്യം കണ്ടു. ബോക്‌സിൽ റിച്ചാർഡ് ഓസെയുടെ കൈയിൽ പന്ത്‌ തട്ടിയതിന്‌ പെനൽറ്റി കിട്ടി. കിക്കെടുക്കാനെത്തിയ ബിസ്‌പോയ്‌ക്ക്‌ ആശങ്കയുണ്ടായിരുന്നില്ല. മിന്നൽ ഷോട്ട്‌ വലകയറി.

രണ്ടാംപകുതി കലിക്കറ്റ്‌ ആക്രമണത്തിന്‌ മൂർച്ച കൂട്ടി. അറുപതാംമിനിറ്റിൽ സമനിലയെത്തി. തിരുവനന്തപുരംകാരൻ ബ്രിട്ടോ നൽകിയ പാസ്‌ കെന്നഡി ഗോളാക്കി. വൈകാതെ വിജയഗോളെത്തി. കെന്നഡിയുടെ ബൈസിക്കിൾ കിക്ക് ബാറിൽ തട്ടി തിരിച്ചുവന്നപ്പോൾ കാത്തിരുന്ന ഗനി അവസരം മുതലാക്കി. ലീഗിൽ നാല്‌ ഗോളും മൂന്ന്‌ അവസരങ്ങളും ഒരുക്കി കലിക്കറ്റിന്റെ ഫൈനൽ പ്രവേശത്തിന്‌ കരുത്തായി ഇരുപത്താറുകാരൻ. അവസാന നിമിഷങ്ങളിൽ കൊമ്പൻസ് സമനിലയ്‌ക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇന്ന്‌ രാത്രി ഏഴരയ്‌ക്കാണ്‌ കണ്ണൂർ–-കൊച്ചി രണ്ടാംസെമി.



deshabhimani section

Related News

View More
0 comments
Sort by

Home