കലിക്കറ്റ് കുതിച്ചെത്തി, ഒന്നാമത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 10:50 PM | 0 min read


കോഴിക്കോട്‌
സ്വന്തം തട്ടകത്തിൽ തകർപ്പൻ ജയത്തോടെ കലിക്കറ്റ്‌ എഫ്‌സി ഒന്നാംസ്ഥാനം ഉറപ്പിച്ചു. സൂപ്പർലീഗ്‌ കേരള ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്‌സിനെ 3–-1ന്‌ തോൽപ്പിച്ചാണ്‌ കുതിപ്പ്‌. ഇരുടീമുകളും നേരത്തേ സെമിയിലെത്തിയിരുന്നു.

കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കലിക്കറ്റിനായി ഓസെയ് റിച്ചാർഡ്, ജോൺ കെന്നഡി, മുഹമ്മദ്‌ റിയാസ് എന്നിവരും കണ്ണൂരിനായി ഡേവിഡ് ഗ്രാൻഡെയും ഗോളടിച്ചു. 10 കളിയിൽ 19 പോയിന്റാണ്‌ കലിക്കറ്റിന്റെ നേട്ടം. കണ്ണൂർ 16 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌. ഇതേപോയിന്റുള്ള ഫോഴ്‌സ കൊച്ചി ഗോൾ ശരാശരിയിൽ രണ്ടാമതെത്തി. സെമിയും ഈ ടീമുകൾ തമ്മിലാണ്‌. കലിക്കറ്റിന്റെ എതിരാളിയെ ഇന്നറിയാം. കണ്ണൂരിനെതിരെ കലിക്കറ്റിന്റെ മുന്നേറ്റത്തോടെയാണ്‌ കളിയുടെ തുടക്കം. കോർണർകിക്കിൽനിന്ന്‌ ഉയർന്നപന്തിന്‌ കലിക്കറ്റിന്റെ അബ്ദുൽ ഹക്കു തലവച്ചു. കണ്ണൂർ ഗോളി ബിലാൽ ഖാൻ കഷ്‌ടപ്പെട്ടാണെങ്കിലും രക്ഷപ്പെടുത്തി. ഇരുപത്തിരണ്ടാംമിനിറ്റിൽ കണ്ണൂർ ലീഡ് നേടി. സ്‌പാനിഷ് താരം ഡേവിഡ് ഗ്രാൻഡെയെ ബോക്‌സിൽ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനൽറ്റിയിൽനിന്നായിരുന്നു ഗോൾ. കിക്കെടുത്ത ഗ്രാൻഡെക്ക്‌ പിഴച്ചില്ല.

ഇടവേളയ്‌ക്ക്‌ പിരിയുംമുമ്പ്‌  കലിക്കറ്റിന്റെ സമനില ഗോൾ വന്നു. ഘാനക്കാരൻ ഓസെയ് റിച്ചാർഡിന്റെ ഹെഡർ വലകുലുക്കി. രണ്ടാം പകുതിയിൽ കലിക്കറ്റ് ക്യാപ്റ്റൻ ജിജോ ജോസഫിന്‌ പകരക്കാരനായി ഗനി അഹമ്മദിനെ ഇറക്കി. പരിക്കിനെ തുടർന്ന് കലിക്കറ്റ് ആൻഡേഴ്സ് നിയയ്‌ക്കുപകരം  ബ്രസീൽ താരം റെസെന്റെയെ കൊണ്ടുവന്നു. കണ്ണൂർ ഗോൾകീപ്പർ ബിലാൽ ഹുസൈന്‌ പകരം ലിയാഖത്ത് അലിഖാൻ ഗോൾവല കാക്കാനെത്തി. ഇതിനിടെ പകരക്കാരനായി ഇറങ്ങിയ കണ്ണൂരിന്റെ മുഹീബിന്റെ ശ്രമം പാഴായി. മറുപടിയായി കലിക്കറ്റ്‌ ഇരച്ചെത്തി. 83–-ാംമിനിറ്റിൽ ഫലംകണ്ടു. ബ്രസീലുകാരൻ ജോൺ കെന്നഡിയുടെ ഗോൾ. വലതുവിങ്ങിൽനിന്ന് ലഭിച്ച ക്രോസ് റാഫേൽ ഹെഡ് ചെയ്ത് പെനാൽറ്റി ബോക്സിലുണ്ടായിരുന്ന കെന്നഡിക്ക് നൽകി. കെന്നഡി കാലുകൊണ്ട് പന്ത് വലയിലാക്കി.  പരിക്കുസമയത്ത്‌ യുവതാരം മുഹമ്മദ്‌ റിയാസ്‌ ലീഡുയർത്തി.

സെമിക്കായി മലപ്പുറവും കൊമ്പന്‍സും
സൂപ്പർ ലീഗ് കേരളയിൽ സെമിയിൽ കടക്കാൻ മലപ്പുറം എഫ്‌സിയും തിരുവനന്തപുരം കൊമ്പൻസും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേ‍ഡിയത്തിലാണ് മത്സരം. ലീഗ് റൗണ്ടിലെ അവസാന മത്സരമാണ്‌. മലപ്പുറത്തിന് സെമിയിലെത്താൻ ജയം അനിവാര്യമാണ്. തിരുവനന്തപുരത്തിന് സമനിലയായാലും മതി. കലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്സ്, ഫോഴ്സ കൊച്ചി ടീമുകൾ നേരത്തേ യോഗ്യത നേടി. തൃശൂർ മാജിക് എഫ്സി പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Home