ലിവർപൂളിനെ സലാ കാത്തു ; അഴ്സണൽ 2 ലിവർപൂൾ 2

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 10:46 PM | 0 min read


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ കിരീടപ്പോരാട്ടം കടുപ്പിച്ച്‌ ലിവർപൂൾ. കരുത്തന്മാരുടെ പോരിൽ അഴ്‌സണലിനെതിരെ രണ്ടുതവണ പിന്നിൽപ്പോയിട്ടും ലിവർപൂൾ സമനില പിടിച്ചു (2–-2). കളി തീരാൻ ഒമ്പത്‌ മിനിറ്റ്‌ ശേഷിക്കെ മുഹമ്മദ്‌ സലായാണ്‌ ലിവർപൂളിന്‌ സമനിലയൊരുക്കിയത്‌. ലിവർപൂളിന്റെ സമനില മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ഒന്നാംസ്ഥാനം നൽകി. ചാമ്പ്യൻമാരായ സിറ്റി ലിവർപൂളിനേക്കാൾ ഒരു പോയിന്റിന്‌ മുന്നിലെത്തി. മൂന്നാംസ്ഥാനക്കാരായ അഴ്‌സണൽ അഞ്ച്‌ പോയിന്റ്‌ പിന്നിലായി.

സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെയായിരുന്നു അഴ്‌സണലിന്റെ തുടക്കം. കളി തുടങ്ങി 10 മിനിറ്റിൽ മൈക്കേൽ അർടേറ്റയുടെ സംഘം ലീഡ്‌ നേടി. പരിക്കുമാറി തിരിച്ചെത്തിയ ബുകായോ സാക്കയാണ്‌ ലക്ഷ്യംകണ്ടത്‌. പ്രതിരോധക്കാരൻ ബെൻ വൈറ്റാണ്‌ അവസരമൊരുക്കിയത്‌. സീസണിൽ 13 കളിയിൽ ഒറ്റ തോൽവിമാത്രം വഴങ്ങിയ ആർണെ സ്ലോട്ടിന്റെ ലിവർപൂൾ തകർപ്പൻ തിരിച്ചുവരവാണ്‌ തുടർന്ന്‌ നടത്തിയത്‌. പ്രതിരോധക്കാരൻ വിർജിൽ വാൻ ഡിക്കിന്റെ ഹെഡർ അവരെ ഒപ്പമെത്തിച്ചു. ലൂയിസ്‌ ഡയസിന്റെ കോർണറിൽ തലവച്ചായിരുന്നു ഡച്ചുകാരൻ ലക്ഷ്യംകണ്ടത്‌.

കളി വീണ്ടും മുറുകി. ഇടവേളയ്‌ക്കുതൊട്ടുമുമ്പ്‌ അഴ്‌സണൽ വീണ്ടും ലീഡ്‌ നേടി. ഡെക്ലൻ റൈസിന്റെ ഫ്രീകിക്കിൽ തലവച്ച്‌ മിക്കേൽ മെറീനോയാണ്‌ അഴ്‌സണലിനെ മുന്നിലെത്തിച്ചത്‌. എന്നാൽ, ആധിപത്യം നിലനിർത്താൻ അർടേറ്റയുടെ സംഘത്തിന്‌ കഴിഞ്ഞില്ല. പ്രതിരോധ താരങ്ങളായ ഗബ്രിയേലും ജുറിയെൻ ടിംബെറും പരിക്കേറ്റ്‌ മടങ്ങിയത്‌ തിരിച്ചടിയായി. വില്യം സാലിബ പരിക്കുകാരണം പുറത്തായതിനെത്തുടർന്ന്‌ തോമസ്‌ പാർടിയെയാണ്‌ പ്രതിരോധത്തിൽ കളിപ്പിച്ചത്‌. ടിംബെറിനുപകരം പതിനെട്ടുകാരൻ മയ്‌ലെസ്‌ ലൂയിസ്‌ സ്‌കെല്ലിയെ ഇറക്കേണ്ടിവന്നു.

അവസാന നിമിഷങ്ങളിൽ ലിവർപൂൾ ആഞ്ഞടിച്ചു. അഴ്‌സണൽ പ്രതിരോധം ഉലയാൻ തുടങ്ങി. ഒടുവിൽ അവർ സമനില വഴങ്ങി. ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡിലൂടെയായിരുന്നു ലിവർപൂളിന്റെ സമനില ഗോളിന്റെ തുടക്കം. ഡാർവിൻ ന്യൂനെസിലേക്ക്‌. ഉറുഗ്വേക്കാരന്റെ ക്രോസ്‌ സലാ പിടിച്ചെടുത്ത്‌ തൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home