കളമൊഴിയുന്നു, കളിക്കളത്തിലെ പെൺമുത്തുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 09:57 PM | 0 min read

മലപ്പുറം> രാജ്യാന്തര വോളിബോൾ കോർട്ടിൽ തകർപ്പൻ സ്മാഷുകളും പ്രതിരോധവും തീർത്ത് കേരളത്തിന്റെ അഭിമാനമായവർ കളമൊഴിയുന്നു. നാട്ടിടങ്ങളിൽ പന്തുതട്ടി വളർന്ന് രാജ്യത്തിനുവേണ്ടി പോരാടിയ മുൻ ക്യാപ്‌റ്റൻ കെ എസ്‌ ജിനി, എം ശ്രുതി, എസ്‌ സൂര്യ, അഞ്‌ജലി ബാബു  എന്നിവരാണ് വിരമിക്കുന്നത്. കെഎസ്‌ഇബി താരങ്ങളാണ്‌ ഇവർ.

എറണാകുളം നോർത്ത്‌ പറവൂർ സ്വദേശിനിയാണ് കെ എസ്‌ ജിനി. ഈ വർഷത്തെ ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ (എവിസി) ചലഞ്ച്‌ കപ്പിലും സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (കാവ) ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ടീമിനെ നയിച്ചത് ജിനിയാണ്. കാവയിൽ ഇന്ത്യ ജേതാക്കളായിരുന്നു. രണ്ട്‌ തവണ സാഫ്‌ ഗെയിംസ്‌ നേടിയ ഇന്ത്യൻ ടീമിലും അംഗമായി‌. 2022ലെ എവിസി കപ്പിലും 2023ലെ കാവ കപ്പിലും മികച്ച സെറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ ജിനിയുടെ ക്യാപ്‌റ്റൻസിയിലാണ്‌ കേരളം ദേശീയ ഗെയിംസ്‌ ജേതാക്കളായത്‌. 2015ലാണ്‌ കെഎസ്‌ഇബിയിൽ പ്രവേശിച്ചത്‌.

കോഴിക്കോട്‌ മേമുണ്ട സ്വദേശിനിയായ എം ശ്രുതി രണ്ടുവർഷം അതിഥിതാരമായി കളിച്ചശേഷം 2017ലാണ്‌ കെഎസ്‌ഇബിയിൽ പ്രവേശിക്കുന്നത്‌. സാഫ്‌ ഗെയിംസ്‌ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഏഷ്യൻ ഗെയിംസ്‌ (2018), എവിസി, പ്രിൻസസ്‌ കപ്പുകളിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. ദേശീയ ഗെയിംസ്‌ ജേതാക്കളായ കേരള ടീമിലും (2015, 2022) കളിച്ചു. ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലും ഫെഡറേഷൻ കപ്പിലും കേരളം ജേതാക്കളായപ്പോൾ ശ്രുതിയുമുണ്ടായിരുന്നു.

കൊട്ടക്കര എടക്കിടം സ്വദേശിനിയായ സൂര്യ ആറ്‌ വർഷമായി ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണ്‌. സാഫ്‌ ഗെയിംസ്‌ ജേതാക്കളായപ്പോൾ ഇന്ത്യൻ കുപ്പായമണിഞ്ഞു. ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ അഞ്ചുതവണയും ഫെഡറേഷൻ കപ്പിൽ മൂന്നുതവണയും ജേതാക്കളായ ടീമിൽ അംഗമായിരുന്നു. 2018ലാണ്‌ കെഎസ്‌ഇബിയിൽ പ്രവേശിക്കുന്നത്‌.

കണ്ണൂർ ആലകോട്‌ തേർത്തല്ലി സ്വദേശിനിയാണ് അഞ്‌ജലി ബാബു. 2018 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2014 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലും 2017, 2018 ബ്രിക്‌സ്‌ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലും ഫെഡറേഷൻ കപ്പിലും ജേതാക്കളായ കേരള ടീമിൽ ഇടംനേടി. 2018ലാണ്‌ കെഎസ്‌ഇബിയിൽ പ്രവേശിച്ചത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home