ഏഷ്യൻ 
കൊമ്പത്ത് ; ഏഷ്യൻസ്‌ ചാമ്പ്യൻസ്‌ ട്രോഫിയിൽ ഇന്ത്യയ്‌ക്ക്‌ അഞ്ചാം കിരീടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 08:19 PM | 0 min read

മോഖി (ചൈന)
ഏഷ്യൻ ഹോക്കിയിൽ ഇന്ത്യയുടെ ആധിപത്യത്തിന് എതിരില്ല. ഒറ്റക്കളിയും തോൽക്കാതെ ചാമ്പ്യൻസ് ട്രോഫി നിലനിർത്തി. ഫൈനലിൽ ആതിഥേയരായ ചൈനയെ ഒരു ഗോളിന് കീഴടക്കി. ജുഗ്‌രാജ്‌ സിങ്ങാണ്‌ വിജയഗോൾ നേടിയത്. അവസാന ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ പാസിൽനിന്നായിരുന്നു ഗോൾ. അഞ്ചാംതവണയാണ് കിരീടനേട്ടം.

ടൂർണമെന്റിൽ ഉടനീളം ഇന്ത്യ തകർപ്പൻ ഫോമിലായിരുന്നു. ഏഴു കളിയിലും ജയം.  ഗ്രൂപ്പ് മത്സരത്തിൽ മൂന്ന് ഗോളിന് തോറ്റതിന്റെ അങ്കലാപ്പില്ലാതെ കലാശക്കളിക്കിറങ്ങിയ ചൈനക്കാർ പ്രതിരോധക്കോട്ട കെട്ടി പിടിച്ചുനിന്നു. എന്നാൽ, ഹർമൻപ്രീത് നയിച്ച സംഘത്തിന്റെ വിജയം തടയാനായില്ല. പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയശേഷമുള്ള ആദ്യ നേട്ടമാണ്.

സെമിയിൽ ഒന്നിനെതിരെ നാല് ഗോളിന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ചൈനയുടെ ജയം പാകിസ്ഥാനെതിരെയാണ്. എല്ലാ കളിയിലും വലിയ ഗോൾ വ്യത്യാസത്തിൽ ജയിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. ഒന്നിനെതിരെ എട്ടു ഗോളിനാണ് മലേഷ്യയെ തോൽപ്പിച്ചത്. ജപ്പാനെ 5–-1 ന് തകർത്തു. കൊറിയയോട് ഒന്നിനെതിരെ മൂന്നുഗോൾ ജയമുണ്ട്. പാകിസ്ഥാനെ 2-–-1 ന് തോൽപ്പിച്ചു. ദക്ഷിണ കൊറിയയെ 5–--2ന് തോൽപ്പിച്ച് പാകിസ്ഥാൻ മൂന്നാംസ്ഥാനം നേടി. കഴിഞ്ഞവർഷം ചെന്നൈയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായിരുന്നു. 2018ൽ പാകിസ്ഥാനുമായി കിരീടം പങ്കിട്ടു. 2016ലും 2011ലും ചാമ്പ്യൻമാരായി. കൂടുതൽ കിരീടം നേടിയ റെക്കോഡ് ഇന്ത്യക്കാണ്. പാകിസ്ഥാൻ മൂന്നുതവണ ജേതാക്കളായി. എട്ടു പതിപ്പിൽ ഒരിക്കൽ ദക്ഷിണ കൊറിയ ജയിച്ചു.

ഏഴ് ഗോളടിച്ച ഹർമൻപ്രീതാണ് മികച്ച കളിക്കാരൻ. കൊറിയയുടെ യാങ് ജി ഹുൻ ഒമ്പത് ഗോളുമായി ടോപ് സ്കോററായി. ടൂർണമെന്റിൽ 19 കളിയിൽ 110 ഗോളുകൾ പിറന്നുവെന്ന സവിശേഷതയുണ്ട്. ഹോക്കി ഇന്ത്യ കളിക്കാർക്ക് മൂന്നു ലക്ഷം രൂപവീതം പാരിതോഷികം പ്രഖ്യാപിച്ചു. പരിശീലകസംഘത്തിന് ഒന്നരലക്ഷം രൂപവീതം ലഭിക്കും.മലയാളി ഗോളി പി ആർ ശ്രീജേഷ് വിരമിച്ചശേഷമുള്ള ആദ്യ ടൂർണമെന്റായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home