സ്‌പാനിഷ്‌ ലീഗ്‌ ; റയലിന് 
എൻഡ്രിക് ഗോൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 10:25 PM | 0 min read


മാഡ്രിഡ്‌
റയൽ മാഡ്രിഡ്‌ കുപ്പായത്തിലെ അരങ്ങേറ്റം എൻഡ്രിക്‌ ഗോളടിച്ച്‌ അവിസ്‌മരണീയമാക്കി. സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ വല്ലാഡോളിഡിനെതിരെയായിരുന്നു പതിനെട്ടുകാരന്റെ പ്രകടനം. കളിയിൽ മൂന്ന്‌ ഗോളിനായിരുന്നു റയലിന്റെ ജയം. സീസണിൽ നിലവിലെ ചാമ്പ്യൻമാരുടെ ആദ്യജയമാണ്‌. ആദ്യകളിയിൽ മയ്യോർക്കയോട്‌ സമനില വഴങ്ങിയ റയലിന്‌ സ്വന്തംതട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിലും തുടക്കത്തിൽ അനായാസം മുന്നേറാനായില്ല. കിലിയൻ എംബാപ്പെ–-വിനീഷ്യസ്‌ ജൂനിയർ–-റോഡ്രിഗോ ആക്രമണസഖ്യത്തെ വല്ലാഡോളിഡ്‌ പ്രതിരോധ സംഘം കൃത്യമായി തടഞ്ഞു. സ്‌പാനിഷ്‌ ലീഗിൽ ആദ്യഗോളിനായുള്ള എംബാപ്പെയുടെ നീക്കങ്ങൾ വിജയിച്ചില്ല. ബെർണാബ്യൂവിൽ ആദ്യകളിക്കിറങ്ങിയ ഫ്രഞ്ചുകാരൻ നിരാശപ്പെടുത്തി. വേഗത്തിലുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കുള്ള വഴി തുറക്കാനായില്ല.

രണ്ടാംപകുതിയുടെ തുടക്കത്തിലാണ്‌ കളിഗതി മാറിയത്‌. ഫെഡെറികോ വാൽവെർദെയുടെ ഗോൾ റയലിന്‌ വഴിയൊരുക്കി. ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ. 25വാര അകലെനിന്നുള്ള വാൽവെർദെയുടെ കിക്ക്‌ വല്ലാഡോളിഡ്‌ പ്രതിരോധഭിത്തിയെ മറികടന്ന്‌ വലയിൽ പതിഞ്ഞു.

കളിയുടെ അവസാന നിമിഷങ്ങളിൽ പരിശീലകൻ കാർലോ ആൻസെലോട്ടി മുന്നേറ്റനിരയെ മാറ്റി. റോഡ്രിഗോയും വിനീഷ്യസും എംബാപ്പെയും കളംവിട്ടു. റോഡ്രിഗോയ്‌ക്ക്‌ പകരമെത്തിയ ബ്രാഹിം ഡയസിലൂടെ റയൽ ലീഡുയർത്തി. എദെർ മിലിറ്റാവോയുടെ ലോങ്‌ബോൾ പിടിച്ചെടുത്ത്‌ ഡയസ്‌ ലക്ഷ്യംകണ്ടു. 86–-ാം മിനിറ്റിലായിരുന്നു എൻഡ്രിക്കിന്റെ വരവ്‌. എംബാപ്പെക്ക്‌ പകരക്കാരനായി ബ്രസീലുകാരൻന കളത്തിലെത്തി. കൃത്യം 10 മിനിറ്റിൽ ഗോൾ. പരിക്കുസമയത്തിന്റെ അവസാനനിമിഷം ഡയസ്‌ ഒരുക്കിയ അവസരത്തിൽ എൻഡ്രിക്കിന്‌ സ്വപ്‌നസമാനമായ തുടക്കം.  മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ്‌ മൂന്ന്‌ ഗോളിന്‌ ജിറോണയെ കീഴടക്കി. ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, മാർകോസ്‌ ലോറന്റെ, കോകെ എന്നിവർ ഗോൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Home