കടലോളം ആവേശം തീർക്കാൻ , കളറാക്കാൻ കലിക്കറ്റ്‌ എഫ്‌സി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 10:53 PM | 0 min read


കോഴിക്കോട്‌
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ ആദ്യപതിപ്പിൽ കടലോളം ആവേശം തീർക്കാൻ കലിക്കറ്റ്‌ ഫുട്‌ബോൾ ക്ലബ്‌ ഒരുങ്ങി. ഇന്ത്യയിലെ വമ്പൻ ലീഗുകളിൽ തിളങ്ങിയ പരിചിതമുഖങ്ങൾക്കൊപ്പം യുവനിരയും അണിനിരക്കുന്ന ടീം. ആറ്‌ വിദേശകളിക്കാർ, ഇന്ത്യൻ താരങ്ങളിൽ മലയാളികളുടെ നീണ്ടനിര, പരിശീലനത്തിലും പരിചയസമ്പന്നരുടെ കരുത്ത്‌. പുതിയ ലീഗിൽ പുതുമകളേറെ സമ്മാനിക്കാനും കിരീടം ഉയർത്താനും സജ്ജരാണ്‌ കലിക്കറ്റ്‌ എഫ്‌സി.

ബ്ലാസ്‌റ്റേഴ്‌സിന്റെയും ഗോകുലത്തിന്റെയും പ്രതിരോധക്കോട്ട കെട്ടിയ അബ്ദുൾ ഹക്കു നെടിയോടത്ത്, സന്തോഷ് ട്രോഫി ഉയർത്തിയ കേരള ടീമിന്റെ നായകൻ ജിജോ ജോസഫ്, ബ്ലാസ്‌റ്റേഴ്‌സ്‌ ഫോർവേഡായിരുന്ന ഹെയ്‌തി താരം കെർവെൻസ്‌ ബെൽഫോട്ട്‌, മധ്യനിരതാരം വി അർജുൻ അങ്ങനെ നീളുന്നു കലിക്കറ്റിന്റെ കരുത്ത്‌.
കോച്ച്‌ ഇയാൻ ഗില്ലനുകീഴിൽ മുക്കം എംഎഎംഒ കോളേജ്‌ ടർഫിൽ കഠിന പരിശീലനത്തിലാണ്‌ ടീം. 25 അംഗ സംഘത്തിൽ ആറ്‌ വിദേശതാരങ്ങളാണുള്ളത്‌. നാലുപേർ ടീമിനൊപ്പം ചേർന്നു. രണ്ടുപേർകൂടി എത്താനുണ്ട്‌. ബെൽഫോട്ടിനൊപ്പം ഘാനയിൽനിന്ന്‌ മധ്യനിരക്കാരൻ ജയിംസ് കോട്ടേയ്, പ്രതിരോധതാരം റിച്ചാർഡ്‌ ഒസേയ്‌ ആഗ്യെമങ്, സെനഗലിൽനിന്ന്‌ പ്രതിരോധതാരം പെപെ ദയാക്കൈറ്റെ എന്നിവരാണ്‌ പരിശീലനത്തിനിറങ്ങിയത്‌. താഹിർ സമാൻ, മൊഹമ്മദ്‌ സലിം, ജാക്‌സൺ ധാസ്‌, എം മനോജ്‌ തുടങ്ങിയവരുമുണ്ട്‌. ഗോൾവല കാക്കാൻ ബംഗാളിൽനിന്ന്‌ വിശാൽ ജൂൺ, സച്ചിൻ ഝാ, മലയാളിതാരം പി പി മുഹമ്മദ്‌ എന്നിവരുമുണ്ട്‌.

അനുഭവസമ്പന്നരായ 
പരിശീലകർ
കാൽനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഓസ്‌ട്രേലിയൻ–-യുകെ കോച്ച് ഇയാൻ ആൻഡ്രൂ ഗില്ലനാണ്‌ മുഖ്യ പരിശീലകൻ. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ക്ലബ്ബുകളെ പരിശീലിപ്പിച്ച 58 വയസ്സുകാരന്‌ പ്രിയം ആക്രമണോത്സുക കളിശൈലിയാണ്‌. നേപ്പാൾ സൂപ്പർ ലീഗിൽ ലളിത്‌പുർ സിറ്റി എഫ്‌സിയെ കിരീടം ചൂടിച്ചാണ്‌ കോഴിക്കോട്ടേക്ക്‌ വിമാനം കയറിയത്‌. സഹപരിശീലകനായി ഒപ്പമുള്ളതാകട്ടെ ഈ വർഷത്തെ സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ച്‌ തൃശൂർ സ്വദേശി ബിബി തോമസ് മുട്ടത്താണ്‌. മുൻ അണ്ടർ 21 ഇന്ത്യൻ താരവും അണ്ടർ 16 ദേശീയ വനിതാ ടീം മുഖ്യ പരിശീലകനുമായിരുന്നു. മംഗളൂരു എഫ്സിയുടെ ടെക്‌നിക്കൽ ഡയറക്ടറും സന്തോഷ് ട്രോഫി കർണാടക ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു.

എല്ലാ മേഖലയിലും സജ്ജം
പന്തുകളിപ്രേമികൾക്ക്‌ സൂപ്പർ ലീഗ്‌ പുതിയ അനുഭവമാകുമെന്നും ടൂർണമെന്റിനായി ടീം തയ്യാറെടുക്കുകയാണെന്നും ബിബി തോമസ്‌ പറഞ്ഞു. കേരളത്തിലെ മികച്ച സീനിയർ താരങ്ങളെയും അണ്ടർ 23 താരങ്ങളെയും അണിനിരത്താനായത്‌ കരുത്താണെന്ന്‌ അദ്ദേഹം പറഞ്ഞു. സന്തോഷ്‌ ട്രോഫിയിൽ ഉൾപ്പെടെ കഴിവ്‌ തെളിയിച്ച താരങ്ങളാണ്‌ ഏറെയും. കളത്തിലിറങ്ങുന്ന പതിനൊന്നിൽ പരമാവധി നാല്‌ വിദേശതാരങ്ങളാണുണ്ടാവുക.

ഐബിഎസ് സോഫ്റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസാണ് ടീം ഫ്രാഞ്ചൈസി ഉടമ. ലോക നിലവാരത്തിലേക്ക്‌ കേരള ഫുട്‌ബോളിനെ ഉയർത്തുക എന്ന ദീർഘവീക്ഷണത്തോടെയാണ്‌ പന്തുകളിയെ നെഞ്ചേറ്റിയ കോഴിക്കോടിനൊപ്പം ഐബിഎസ്‌ ചേർന്നത്‌. കേണൽ കോരത്ത്‌ മാത്യുവാണ്‌ ക്ലബ്‌ സിഇഒ. സെക്രട്ടറി ബിനോ ജോസ്‌ ഈപ്പൻ. കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയമാണ്‌ ഹോം ഗ്രൗണ്ട്‌. ആദ്യ കളിയിൽ സെപ്തംബർ പത്തിന് തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home