രണ്ട്‌ രാജ്യം, രണ്ട്‌ അമ്മമാർ, ഒരു വികാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 11:55 PM | 0 min read

പാരിസ്‌
അവർ രണ്ട്‌ അമ്മമാർ. അതിർത്തിക്കപ്പുറത്ത്‌ സ്‌നേഹത്തിന്റെ കുളിർകാറ്റായവർ. വൈരമോ പോരാട്ടമോ അല്ല, തങ്ങളുടെ മക്കളാണ്‌ ജയിച്ചതെന്ന്‌ പ്രതികരണം. ഒളിമ്പിക്‌സ്‌ ജാവലിനിലെ വെള്ളിമെഡൽ ജേതാവ്‌ നീരജ്‌ ചോപ്രയുടെ അമ്മ സരോജ്‌ ദേവിയും ചാമ്പ്യനായ പാകിസ്ഥാൻ താരം അർഷാദ്‌ നദീമിന്റെ അമ്മ റസിയ പർവീണുമായിരുന്നു സ്‌നേഹത്തിന്റെ ആ അമ്മമാർ. അതിർത്തികടന്നുള്ള ഈ സ്‌നേഹവായ്‌പിൽ ലോക കായികവേദിയിലെ സാഹോദര്യം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു.

നദീം തന്റെ മകനാണെന്നായിരുന്നു സരോജിന്റെ പ്രതികരണം. നീരജിന്‌ വെള്ളിമെഡലാണെങ്കിലും അതിന്‌ സ്വർണത്തിളക്കമുണ്ട്‌. ഇരുവരും സഹോദരന്മാരെപ്പോലെയാണെന്ന്‌ റസിയ. നീരജിനുവേണ്ടിയും പ്രാർഥിച്ചിരുന്നു. ജയവും തോൽവിയും മത്സരത്തിന്റെ ഭാഗം. പാരിസിൽ വിജയം നദീമിനൊപ്പമായിരുന്നു.

അവരുടെ ആത്മസൗഹൃദത്തിന്റെ നേർക്കാഴ്‌ചകൂടിയായിരുന്നു പാരിസിലെ മത്സരവേദി. ‘2016 മുതൽ ഒന്നിച്ച്‌ മത്സരിക്കുന്നുണ്ട്‌. ആദ്യമായി തോറ്റു. അവന്റെ ജയത്തെ അഭിനന്ദിക്കുന്നു. അത്രയേറെ കഠിനാധ്വാനിയാണ്‌’–- മത്സരശേഷം ഇന്ത്യൻതാരം  ഉള്ളുതൊട്ട്‌ അഭിനന്ദിച്ചു. 2023ലെ ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ വേദിയിൽ രണ്ടാംസ്ഥാനം നേടിയ നദീമിനെ നീരജ്‌ അരികിലേക്ക്‌ ചേർത്തുപിടിച്ച കാഴ്‌ച കളിക്കളത്തിലെ മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു. ഈവർഷം മാർച്ചിൽ പുതിയ ജാവലിനുവേണ്ടി പാക്‌ താരം സമൂഹമാധ്യമത്തിൽ സഹായം അഭ്യർഥിച്ചപ്പോഴും പിന്തുണയുമായെത്തി. പാരിസിലെ സ്വർണനേട്ടത്തിനുമുമ്പ്‌ ഒരുതവണ കൂട്ടുകാരനോട്‌ നദീം ഇങ്ങനെ പറഞ്ഞു: ‘നിനക്കുള്ള എന്റെ സന്ദേശമിതാണ്‌. നമ്മുടെ സൗഹൃദവും സ്‌നേഹവും എക്കാലത്തും പൂത്തുലയട്ടെ. അതിർത്തികൾക്കപ്പുറത്ത്‌ വൈരമില്ലാതെ ആളുകൾ നമ്മളെക്കുറിച്ച്‌ സംസാരിക്കട്ടെ.’

 



deshabhimani section

Related News

View More
0 comments
Sort by

Home