ടെന്നീസിൽ 
യുഗപ്പോര്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:44 AM | 0 min read

പാരിസ്‌> റൊളാങ്‌ ഗാരോസിൽ രണ്ട്‌ യുഗങ്ങൾ ഏറ്റുമുട്ടുന്നു. ഇന്നിന്റെ താരം സെർബിയയുടെ നൊവാക്‌ ജൊകോവിച്ചും പുത്തൻ വിസ്‌മയം സ്‌പെയ്‌നിന്റെ കാർലോസ്‌ അൽകാരസും ഒളിമ്പിക്‌സ്‌ പുരുഷ ടെന്നീസ്‌ സിംഗിൾസ്‌ സ്വർണത്തിനായി മാറ്റുരയ്‌ക്കും. കളിമൺകളത്തിൽ ഇന്ന്‌ വൈകിട്ട്‌ അഞ്ചിനാണ്‌ മത്സരം.

ഏഴാംതവണയാണ്‌ ഇരുവരും മുഖാമുഖമെത്തുന്നത്‌. മൂന്നുവീതം ജയങ്ങൾ പങ്കിട്ടു. ഏറ്റവും ഒടുവിൽ വിംബിൾഡൺ ഫൈനലിൽ കഴിഞ്ഞമാസം അൽകാരസ്‌ ജൊകോവിച്ചിനെ തോൽപ്പിച്ചു.മുപ്പത്തേഴുകാരനായ ജൊകോ കളിജീവിതത്തിലെ അവസാനഘട്ടത്തിലാണ്‌. റോജർ ഫെഡററും റാഫേൽ നദാലും വാണ കളിത്തട്ടിൽ കഠിനാധ്വാനത്തിലൂടെ വിലാസമുണ്ടാക്കിയ താരം. പുരുഷ ടെന്നീസിലെ ഇതിഹാസം. 24 തവണ ഗ്രാൻഡ്‌സ്ലാം ഉയർത്തിയ ഏക താരം. പക്ഷേ, ഒളിമ്പിക്‌ സ്വർണം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. 2008 ബീജിങ്ങിൽ വെങ്കലം അണിഞ്ഞതാണ്‌ മികച്ച നേട്ടം. കഴിഞ്ഞവട്ടം ടോക്യോയിൽ നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

സെമിയിൽ ഇറ്റലിയുടെ ലൊറെൻസോ മുസേട്ടിയെ 6–-4, 6–-2ന്‌ വീഴ്‌ത്തിയാണ്‌ കന്നി ഫൈനലിന്‌ യോഗ്യത നേടിയത്‌. ഒളിമ്പിക്‌ സ്വർണത്തോടെ കളിജീവിതം സമ്പൂർണമാക്കാനാണ്‌ ശ്രമം.ഇരുപത്തൊന്നുകാരനായ അൽകാരസ്‌ നാളെയുടെ താരമായി ഉയർന്നുകഴിഞ്ഞു. ചെറുപ്രായത്തിൽ നാല്‌ ഗ്രാൻഡ്‌സ്ലാം നേടി. അവസാനമായി നടന്ന ഫ്രഞ്ച്‌ ഓപ്പണിലും വിംബിൾഡണിലും ചാമ്പ്യനായി. സെമിയിൽ ക്യാനഡയുടെ ഫെലിക്‌സ്‌ ഓഗെർ അലിയാസിമെയെ തകർത്തു. സ്‌കോർ: 6–-1, 6–-1.



deshabhimani section

Related News

View More
0 comments
Sort by

Home