രാപ്പാടിയുടെ വിശുദ്ധസ്മൃതികളിൽ

എ ജി ഒലീന
Published on Oct 26, 2025, 11:58 AM | 4 min read
നമ്മുടെ ഈ കൊച്ചു കേരളത്തിൽ സ്വപ്‌നം വിതച്ചുകൊണ്ടിരുന്ന ഒരു കവിയെയും അദ്ദേഹത്തിന്റെ കവിതകളെയും നെഞ്ചേറ്റുന്ന ഒരു ജനത പുതിയ ആകാശവും പുതിയ ഭൂമിയും നിർമിക്കാൻ, അവരവരുടെ സ്ഥലകാലങ്ങളെ നടന്നുതീർക്കാൻ അതേ വാങ്മയലോകത്തെ അവരവരുടെ ലോകപദമാക്കി മാറ്റുകയും ചെയ്യുന്നു. ‘ഒരു പരിവർത്തനയാമത്തിൽ പദമൂന്നിപ്പരിതസ്ഥിതികളോടേറ്റുമുട്ടി, നിവരുമീ ലോകത്തിൻ കരളിന്റെ ചുണ്ടിൽ നിന്നുയരുന്ന ഗാനമാണെന്റെ ഗാനം..!’ എന്ന് നല്ല ഉറപ്പുള്ള ഒരു കവി, പിടയുന്ന ജീവിത നഗ്നസത്യങ്ങളിൽ പടരുന്ന പാട്ടുകൾ പാടുമ്പോൾ, തലമുറതോറും ആ ശീലുകൾ നാടിന്റെ തളരാത്ത നാവുകൾ പാടി പാടി പുലരുകയാണെന്നും അവയിലൊക്കെ ജീവിതയാതനകളുടെ നീറുന്ന നോവുകൾ സംഭരിച്ചിരിക്കുന്നു
ഒരു പൂ വിരിയാതെ ഒരു കായ് വളരുന്നില്ല എന്ന് നമ്മളെ ഓർമിപ്പിക്കുന്ന, കിനാവിന്റെയും കിനാവ് കാണുന്നവരുടെയും വില എത്ര വലുതാണെന്ന് തിരിച്ചറിയുന്ന, അപൂർവം മനുഷ്യരാണ് ഭാവിയെ രൂപപ്പെടുത്തുന്നത്. അത്തരത്തിൽ മലയാളിയുടെ ഭാവിജീവിതം കെട്ടിപ്പടുക്കുന്നതിൽ ഭാവനാപൂർണമായ സർഗസപര്യ നിർവഹിച്ച ആളാണ് വയലാർ രാമവർമ. ‘ഒരു പായ്ക്കപ്പലിനും കാറ്റിനെ മറക്കാൻ കഴിയില്ല' എന്നതിനാൽ ഇപ്പോൾ നമ്മൾ വീണ്ടും വയലാർ കവിതയിലേക്ക് മടങ്ങുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ സ്വപ്‌നം വിതച്ചുകൊണ്ടിരുന്ന ഒരു കവിയെയും അദ്ദേഹത്തിന്റെ കവിതകളെയും നെഞ്ചേറ്റുന്ന ഒരു ജനത പുതിയ ആകാശവും പുതിയ ഭൂമിയും നിർമിക്കാൻ, അവരവരുടെ സ്ഥലകാലങ്ങളെ നടന്നുതീർക്കാൻ അതേ വാങ്മയലോകത്തെ അവരവരുടെ ലോകപദമാക്കി മാറ്റുകയും ചെയ്യുന്നു.
‘ഒരു പരിവർത്തനയാമത്തിൽ പദമൂന്നിപ്പരിതസ്ഥിതികളോടേറ്റുമുട്ടി, നിവരുമീ ലോകത്തിൻ കരളിന്റെ ചുണ്ടിൽ നി-ന്നുയരുന്ന ഗാനമാണെന്റെ ഗാനം..!’ എന്ന് നല്ല ഉറപ്പുള്ള ഒരു കവി, പിടയുന്ന ജീവിത നഗ്നസത്യങ്ങളിൽ പടരുന്ന പാട്ടുകൾ പാടുമ്പോൾ, തലമുറതോറും ആ ശീലുകൾ നാടിന്റെ തളരാത്ത നാവുകൾ പാടി പാടി പുലരുകയാണെന്നും അവയിലൊക്കെ ജീവിതയാതനകളുടെ നീറുന്ന നോവുകൾ സംഭരിച്ചിരിക്കുന്നു എന്നും നമുക്കറിയാം . "വൈക്കം കായലിൽ ഓളം തല്ലുമ്പോൾ ഓർക്കും ഞാൻ എന്റെ മാരനെ... ' എന്ന വരികൾ മലയാളി, ഒരുപക്ഷേ ഏതു കവിയുടെ രചന എന്നുപോലും അറിയാതെ 1950കൾമുതൽ പാടിക്കൊണ്ടേയിരിക്കുന്നു. ഈ കവിത, കവിതന്നെ പറയുംപോലെ "മലയാള ഗ്രാമീണ കർഷകകന്യമാർ മധുരമായി നെൽവയലേലകളിൽ പതിവായി പാടുന്ന പാട്ടുകൾക്കുള്ളിലു-ണ്ടുരുകുന്ന, നീറുന്ന, വാസ്തവങ്ങൾ!’ എന്നുകൂടിയാകുന്നു.
ഒരു ചെറുതോണിയും വലയുമായി അലകൾ മറിയുന്ന കായലിൽ ഇരുന്നാഴി കഞ്ഞിക്ക് വക നേടാൻ പോയ മാരൻ നാലഞ്ചുനാൾ കഴിഞ്ഞ് ഒരു അന്തിയിൽ നീലശ്ശവമായിട്ടാണ് കരയിൽ എത്തുന്നത്. കുടിലിന് ചുറ്റും കൂടിനിൽക്കുന്ന മനുഷ്യസംഘത്തോട് നെഞ്ചുപൊട്ടുന്ന വേദനയിൽ അവൾ മുഴുമിപ്പിക്കുന്ന ഈരടികളാണ് നമ്മൾ കേട്ടത്. വയലാർ അവിടെ അവസാനിപ്പിക്കുന്നില്ല. പഴയ പനയോലത്താളുകളിൽ തിരഞ്ഞാൽ നമുക്ക് നിനവിന്റെ ആ നോവുകൾ കാണാൻ കഴിയില്ല. അതാകട്ടെ തലമുറതോറും ശീലുകളായി, നാടിന്റെ തളരാത്ത നാവുകൾ പാടി പുലരുകയാണെന്ന് അദ്ദേഹം ഓർക്കുന്നു. കലയുടെ സംസ്കാരക്കലവറയിൽ വേദന പിടയുന്ന പാട്ടുകളുടെയും വിയർപ്പ് വിളയുന്ന കവിതകളുടെയും നവയുഗമുഗ്ധ വസന്തത്തെ കാണാൻ പുതിയ സംസ്കാരപ്രവാചകരെ കവി ക്ഷണിച്ചുകൊണ്ടാണ് ആ കവിത അവസാനിപ്പിക്കുന്നത്. അതുതന്നെയാണ് വയലാർ കവിതകളുടെ ദർശനബോധത്തിന്റെ പല്ലവിയും.
"ആരു വാങ്ങുമിന്നാരു വാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം’ എന്ന കാൽപ്പനികസ്വപ്‌നത്തിന്റെ ശീലിലും ഈണത്തിലും വയലാർ എഴുതുന്നു..."നാലണയ്ക്കൊരു പിഞ്ചുകുഞ്ഞിനെ -നാണി വിറ്റതാണിന്നലെ ആറണയ്ക്കിനി നിന്റെ കുഞ്ഞിനെയാരു വാങ്ങുമീ ചന്തയിൽ?’ എന്നിങ്ങനെ ഒരേ ശീലിൽ, ഒരേ താളത്തിൽ ജീവിതത്തിന്റെ ഇരുപുറങ്ങളെ, എത്ര വിദഗ്ധമായാണ് സന്നിവേശിപ്പിച്ചിരിക്കുന്നതെന്ന് ലീലാവതി ടീച്ചർ സമുചിതമായി നിരീക്ഷിക്കുന്നുണ്ട്. സ്വരവിതാനത്തിന്റെ സാദൃശ്യത്തിനപ്പുറം കവിതയിൽ സംഭൃതമാകുന്ന ജീവിതയാതനയെ, നാരകീയവേദനകളെ എപ്രകാരമാണ് കവികൾ നോക്കിക്കാണുന്നതെന്നും നമ്മൾ തിരിച്ചറിയുന്നു.
"നിങ്ങൾ ആരോടും പറയാതിരിക്കണേ ചങ്കിലെ നീരുകൊണ്ട് എഴുതുന്നു ഞാൻ’ എന്ന ഒരുക്കത്തോടെയാണ് ‘എന്നെ പുണ്യവാളത്തിയാക്കരുത്' എന്ന കവിതയിലെ, നിസ്സഹായജീവിതം ഒരു നീളൻ കയറിൽ ഉടക്കി, തളർന്ന തണ്ടുപോലെ അവസാനിക്കുന്നത്. നിസ്സഹായതയുടെ നെരിപ്പോടുമായി, അവരവരുടെ ജന്മ വടുക്കളുമായി അലയുന്ന ഇത്തരം ചില പെൺജീവിതങ്ങൾകൂടി നമുക്ക് വയലാർ കവിതകളിൽ കാണാം. പെൺജീവിത ദുരിതങ്ങൾ പാടുന്ന കവിക്ക്, അവർ അനുഭവിക്കുന്ന നിർദയനീതിയോട് ‘പേനകൊണ്ട് സമരമുഖം തീർക്കുന്ന കവിയോട്' തന്നെ വേൾക്കാൻ ഇഷ്ടമാണോ എന്ന നേർക്കുനേർ ചോദ്യത്തിൽ ആശ്ചര്യപ്പെടുത്തുന്നു. ഗതികേടുകൊണ്ട് വീട്ടുപണിയിൽ ഏർപ്പെടുന്ന ഒരുവൾ തന്റെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, "വിൽക്കുകയാണെന്റെ ചിത്തം, വയറിനുവേണ്ടി ഞാൻ സോദരി! വ്യത്യസ്തനല്ല, ഭവത്ജ്ജീവിതത്തിൽനി- ന്നിത്തിരിപോലുമൊരു കലാകാരനും...’ എന്ന നിസ്സഹായതയിൽ അവസാനിപ്പിക്കുകയാണ്. ‘നിരന്തരം പാടുകയും ഏറ്റുപാടുകയും ചെയ്ത് മലയാളമനസ്സ് ഊട്ടിയുറപ്പിച്ച ‘ആയിഷ’ ആകട്ടെ സ്ത്രീവിമോചനത്തെ സംബന്ധിച്ച മറ്റൊരു അന്വേഷണത്തിന് വാതിൽ തുറക്കുകയും ചെയ്യുന്നു.
ചൂഷണാധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥ നിസ്സഹായമായ ഒരു പെൺജീവിതത്തെ എത്രമാത്രം ദുരിതപൂർണമാക്കുന്നു എന്നും ഏതേതൊക്കെ ദുരിതസമസ്യകളിലൂടെ അവൾ കടന്നുപോകുന്നുണ്ടെന്നും ആയിഷ നമ്മോട് പറയുന്നു. ‘ടെസ്സിനെക്കൊണ്ടുള്ള കളി വിധി അവസാനിപ്പിച്ചിരിക്കുന്നു' എന്ന് തോമസ് ഹാർഡിയുടെ ടെസ്റ്റ് ഓഫ് ഡ്യൂബർ വിൽസ് എന്ന നോവലിലെ പരാമർശംപോലെ യാതനകളുടെ ചതുരംഗക്കളിയിൽ പെട്ട് നട്ടംതിരിയുമ്പോഴും ഉള്ളിലണയാത്ത ഒരു ദീപനാളം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു ആയിഷ; മലയാളമനസ്സിലെ നിത്യവേദനയായി തുടരുകയും ചെയ്യുന്നു. "പറയാൻ വിചാരിച്ചതല്ല ഞാൻ; മനസ്സിന്റെ ചിറകും കെട്ടും കുത്തിക്കീറുമീയിതിഹാസം’ എന്നമട്ടിൽ നമ്മുടെ മുമ്പിൽ അരക്കില്ലത്തിൽ പെട്ടുപോയ അമ്മിണി എന്ന പെൺകിടാവിന്റെ ദൈന്യചിത്രവും വെളിപ്പെടുന്നു. ആയിരമായിരം സ്ത്രീമേധയാഗഹോമങ്ങളാൽ ധൂമാമൃതമായ ആര്യപൗരോഹിത്യ രാഷ്ട്രീയത്തെ "താടക എന്ന ദ്രാവിഡ രാജകുമാരി’യിലൂടെ സംസ്കാരചക്രവാളങ്ങളിൽ നിർത്തി നിർദ്ധാരണം ചെയ്യുന്നു വയലാർ.
തൂലികകൊണ്ട് ആ കറുത്ത ധൂമതിരശ്ശീല കീറട്ടെ ചരിത്രവിദ്യാർഥികൾ എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. 1956-ൽ പിന്നീട് പൂർത്തിയാക്കാനായി എഴുതിത്തുടങ്ങിയ ഒരു ഖണ്ഡകാവ്യത്തിന്റെ പ്രാരംഭമായ ‘കത്രീന'യെന്ന കവിത നിസ്സഹായമായ പെൺജീവിതത്തിന്റെ നേർചിത്രമായി മാറുന്നു. കള്ളുഷാപ്പിലെ പെണ്ണിനെ പൊതുസ്വത്തായി കാണുന്ന ദുർനീതിയെ ചെറുക്കാനാകാതെ പൊരുതുമ്പോഴും അവളുടെ അന്തർദാഹമാരുമറിയാതെ പോകുന്നത് വേദനാപൂർണമായി, ആർദ്രമായി സ്വരവ്യഞ്ജനങ്ങളിൽ സംഭരിക്കുന്നു വയലാർ. ‘രാവണപുത്രി'യിലൂടെ മറ്റൊരു സീതായനം നിർമിക്കാൻ വയലാർ കമ്പരാമായണത്തെയും ഒരു തമിഴ് നാടോടിപ്പാട്ടിനെയുമാണ് ഉപാദാനമാക്കുന്നത്. കാലദേശങ്ങൾക്കതീതമായി ദേശാടനം ചെയ്തുകൊണ്ടിരിക്കുന്ന രാമകഥയ്ക്ക് പാഠഭേദം ചമയ്ക്കുകകൂടിയാണ് രാവണപുത്രി.
മർദനത്തിനെതിരെ, ചൂഷണത്തിനെതിരെ സന്ധിയില്ലാ സമരം നടത്താൻ അവിശ്രമം തന്റെ പേനയിൽ മഷി നിറച്ചിരുന്നു വയലാർ. തെലങ്കാനയിലെ അമ്മയും നാഗസാക്കിയിലെ കുരിശും കുചേലൻ കുഞ്ഞൻനായരും പുന്നപ്ര വയലാറും സംസ്കാരത്തിന്റെ നാളങ്ങളും കഴുമരങ്ങളുടെ കഥയും നാടിന്റെ നാദവും അമ്മയും ചോരക്കുഞ്ഞുമൊക്കെ നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയോടുള്ള നിരന്തരസമരമായിട്ടാണ് മലയാളകവിത രേഖപ്പെടുത്തിയിട്ടുള്ളത്. ഒ എൻ വിയുടെ വാക്കുകൾ കടമെടുത്താൽ ‘‘പൂവിൽനിന്ന് പൂവുപോലെ സ്വാതന്ത്ര്യത്തിന്റെ സഹസ്രാര പത്മത്തിൽനിന്ന് ‘നിസ്വന്റെ സ്വാതന്ത്ര്യം' എന്ന മറ്റൊരു പുഷ്പം വിടരുന്നതും കാത്ത് രാവ് മുഴുവൻ ഏതോ പനിനീർച്ചെടിയുടെ മുൾമുനയിൽ കരളമർത്തിക്കൊണ്ട് സൂര്യോദയം എത്തുംമുമ്പ് മരിച്ചുവീണ ഒരു രാപ്പാടിയാണ് വയലാർ... രാപ്പാടി പോയി... പക്ഷേ ആ പാട്ടുകൾ കേരളമനസ്സിന്റെ വിശുദ്ധസ്മൃതികളിൽ പതിഞ്ഞുകിടക്കുന്നു...’’









0 comments