കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; കോൺഗ്രസ് നേതാവും മകനും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ യുഡിഎഫ് കൗൺസിലറും കോൺഗ്രസ് നേതാവുമായ അനിൽകുമാറിനെയും മകൻ അഭിജിതിനെയും കസ്റ്റഡിയിലെടുത്തു.
ഞായർ അർധരാത്രിയോടെയാണ് സംഭവം. ആദർശിന് അഭിജിതുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ആദർശും ചില സുഹൃത്തുക്കളും ചേർന്ന് അനിൽകുമാറിന്റെ വീടിന് മുന്നിലെത്തി അഭിജിതുമായി തർക്കമുണ്ടായി. ഇത് പിന്നീട് സംഘർഷത്തിലേക്കെത്തി. ഇതിനിടെ അഭിജിത് ആദർശിനെ കത്തികൊണ്ട് കൊലപ്പെടുത്തിയെന്നാണ് വിവരം. തുടർന്ന് സമീപത്തുള്ള കുളത്തിലേക്ക് അനിൽകുമാറും അഭിജിതും ചേർന്ന് ആദർശിനെ വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. ഇത് നാട്ടുകാർ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന്, പെട്രോളിങിലുള്ള കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെ അനിൽകുമാറിനെയും അഭിജിതിനെയും പിടികൂടുകയായിരുന്നു. യുവാക്കൾ തമ്മിൽ ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായും സൂചനയുണ്ട്.







0 comments