കവിപ്രതിഭ എന്ന മാന്ത്രികത

vayalar ramavarma
avatar
ഡോ. കവടിയാർ രാമചന്ദ്രൻ

Published on Oct 26, 2025, 11:39 AM | 3 min read

“അന്നൊരിക്കൽ നിന്നെ കാണാൻ ഞാൻ വന്നു. അതൊരു പഴയകാലം. ചേർത്തലയിലെ ചേറിലും ചൊരിമണലിലും ചോരപുരണ്ട കാലം. കൊടിക്ക് ചങ്കിലെ നീരിന്റെ നിറമുള്ള കാലം. രക്തസാക്ഷികളുടെ കാലം. അക്കാലത്താണ് ഞാൻ വന്നത്, നിന്നെ തേടി, നിന്നെ കാണാൻ. സർപ്പക്കാവുകളുടെ മണം മുറ്റിനിന്ന തളത്തിൽ അമ്മ നമുക്ക് കഞ്ഞി വിളമ്പിത്തന്നു. വർഷങ്ങൾ കഴിഞ്ഞു. നീ ഈ നാടിന്റെ ഗാനമായി, ജ്വാലയായി, ലഹരിയായി, ഉന്മാദമായി. ഒടുവിൽ നീ യാത്ര പറഞ്ഞ്‌ പോയപ്പോൾ കരയാനറിയാത്ത ദൈവങ്ങളും കരയാൻമാത്രം പഠിച്ച ഞങ്ങളും കണ്ണീരൊഴുക്കി. നീ മലയാളഭാഷയുടെ അഭിമാനമാണ്. നീ എന്നും അതായിരിക്കും. നിനക്കു മരണമില്ല” മലയാറ്റൂർ രാമകൃഷ്ണന്റെ വാക്കുകൾ. ‘നോവുമാത്മാക്കളെ സ്നേഹിക്കുന്ന’ മാർക്സിയൻ തത്വശാസ്ത്ര നിലപാടിൽനിന്ന് ലവലേശം വ്യതിചലിക്കാതെ നിന്ന വയലാർ രാമവർമ ഇല്ലാത്ത അഞ്ചുപതിറ്റാണ്ട്. കുറച്ചുമുന്പും റേഡിയോയിൽ ഞാൻ കേട്ടത്‌ വയലാറിന്റെ വരികൾ. അതുകൊണ്ടാകാം ആ പ്രതിഭയുടെ അസാന്നിധ്യം നമ്മളറിയാതെ പോയത്. എനിക്ക്‌ പ്രായമായിട്ടും ഞാനിപ്പോഴും കേൾക്കുന്നത്‌ ആ പാട്ടുകളാണല്ലോ.


ഇന്നും പുതുമ


ലളിതവാക്കുകളുടെ അടുക്കാണ് വയലാർ കവിത. അതാകാം, ആ ഗാനങ്ങളുടെയും കവിതകളുടെയും അതിർവരമ്പുകൾ തീരെ നേർത്തിരിക്കുന്നത്. ആ ഗാനങ്ങളിലെ കാവ്യഭംഗി അനിഷേധ്യമാണ്. കവിത തുളുമ്പുന്ന പാട്ടുകൾ സിനിമയുടെ ശ്വാസമാണ്‌. പി ഭാസ്കരൻ കുറെക്കൂടി പറഞ്ഞു, “വയലാറിന്റെ പാട്ടുകൾ കേൾക്കുമ്പോൾ, സിനിമ കാണാതെ തന്നെ സന്ദർഭവും സാഹചര്യവും ആസ്വാദകരുടെ ഭാവനയിൽ തെളിയും. എന്തും ഉൾക്കൊണ്ട് സ്വന്തമായ ഒരു ആങ്കിൾ കൊടുക്കാനുള്ള കഴിവ് വയലാറിനുണ്ട്.” സംഗീതം നൽകിയിട്ട് കുഴി നികത്തുന്നതുപോലെ വാക്കുകളിട്ട് മൂടുന്ന രീതിയെപ്പറ്റി 25 വർഷംമുന്പ്‌ ഭാസ്കരൻ മാഷ് പറഞ്ഞുവച്ചു. ശബ്ദഘോഷമായി മാറുന്ന ചലച്ചിത്രഗാനങ്ങളെക്കുറിച്ച്‌ യൂസഫലി കേച്ചേരി പരിതപിച്ചു. വയലാറിന്റെ കാവ്യഗുണമുള്ള ഗാനങ്ങളെ ഇരുവരും പ്രകീർത്തിച്ചു. എന്നാൽ ‘നെല്ല്’ എന്ന ചിത്രത്തിലെ പാട്ടുകൾ വയലാർ എഴുതിയത് സലിൽ ചൗധരി നൽകിയ സംഗീതമനുസരിച്ചാണ്.


അവയ്ക്ക് അർഥസംപുഷ്ടി കൈവന്നുവെന്നുമാത്രമല്ല, ഏറെ ആസ്വാദനക്ഷമമാകുകയും ചെയ്തു. വയലാർ എന്ന കവിയുടെ പ്രതിഭാചാതുര്-മാണ് അതിൽ വെളിവാകുന്നത്. കവിപ്രതിഭ എന്ന ‘മാന്ത്രികത’, മാർജിൻഫ്രീ മാർക്കറ്റിൽനിന്ന്‌ വിലയ്ക്ക് വാങ്ങാവുന്നതോ ധർമാലയങ്ങളിൽനിന്ന് ദാനം കിട്ടുന്നതോ അല്ലെന്ന് അറിയണം. വയലാർ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്ന ത്രിവിക്രമൻ ചേട്ടന്റെ നിർദേശപ്രകാരം വയലാർ സ്മാരകം കാണാൻ ഞാനും മകനുംകൂടി രാഘവപ്പറമ്പിലെത്തി. സ്മാരകമൊക്കെ കണ്ട് ശരത്തുമായി സംസാരിച്ചിരുന്നപ്പോൾ അച്ഛന്റെ വിശേഷങ്ങൾ പലതും പറഞ്ഞു.


ഇവനെന്തറിഞ്ഞാണ്‌


കൂട്ടുകാർക്കൊപ്പം മദ്യക്കുപ്പിക്കുമുന്നിലിരുന്ന്‌ ദോശയും കറിയും കഴിച്ച് രസിക്കുന്ന അച്ഛനും ശരത്തിന്റെ മിഴിയിൽ തെളിഞ്ഞു. ആ സരസ സമ്മേളനങ്ങളിൽ‌ ശരത്തിനെ വയലാർ പാടിക്കുമായിരുന്നു. ‘സുമംഗലീ നീ ഓർമിക്കുമോ...’ എന്ന പാട്ടാണ് പലപ്പോഴും പാടുക. ‘‘വിരിഞ്ഞ മാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ എന്ന് ഞാൻ പാടുമ്പോൾ അച്ഛൻ എന്റെ കാലിൽ നുള്ളും. എന്നിട്ട് ഇവനെന്തറിഞ്ഞാണിങ്ങനെ പാടുന്നതെന്ന് ചങ്ങാതിമാരോട് ചോദിക്കുമായിരുന്നു”. ‘അതൊക്കെയൊരു കാല’മെന്ന് പറഞ്ഞ് ശരത്ത്‌ നെടുവീർപ്പിട്ടതും എന്റെ കണ്ണിലുണ്ട്. മകന്റെ ഓർമപ്പുസ്തകത്തിലെ ഒരു താളുകൂടി നമുക്ക് വായിക്കാം. എല്ലാം ഉഷാറായി നടക്കുന്നതിനിടയിൽ പതിവായി ചില്ലുഗ്ലാസിൽ കള്ള് വിളമ്പുന്ന ശിങ്കിടിപ്പിള്ളയുടെ ചോദ്യം; “തമ്പുരാനേ, ഈ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ എന്നതിന്റെ ‘അർത്തമെന്താണ്” (ഇടയ്ക്ക് പിറകിലോട്ട് മാറി തിരിഞ്ഞുനിന്ന് ശിങ്കിടിയും നിറ ഗ്ലാസിലെ നരകതീർഥം കാലിയാക്കുന്നുണ്ടായിരുന്നത്രേ). ഉത്തരം പറയാൻ മടിച്ച കവി, പിന്നീട് പറഞ്ഞുതരാമെന്ന് പറഞ്ഞൊഴിഞ്ഞു. ശിങ്കിടി വിട്ടില്ല. അയാൾക്ക് അപ്പോൾത്തന്നെ സംശയനിവൃത്തി വന്നേ തീരൂ. അതൊന്നും ഇപ്പോൾ ഇവിടെ വീട്ടിൽവച്ച് പറയാനാകില്ലെന്നും പിന്നെയാകട്ടെയെന്നും കവി വീണ്ടും ഒഴിഞ്ഞുമാറി. എന്നാൽപ്പിന്നെ അർഥമറിയാതെ കള്ള് പകർന്നുകൊടുക്കില്ലെന്നായി ശിങ്കിടി. ‘ദാഹജലം’ കിട്ടില്ലെന്നായപ്പോഴേക്കും കവി കീഴടങ്ങി. എന്തുംവരട്ടെയെന്ന വിചാരത്തിൽ കവി തുറന്നടിച്ച പാട്ടിൻ പൊരുളറിഞ്ഞ് സദസ്സ് ‘ലജ്ജ’യാൽ മൂടിയത്രേ!


​കവിക്കും അപരൻ


വയലാർ രാമവർമ ഗദ്യകാരനും പ്രഭാഷകനുമായിരുന്നു. ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’ എന്ന തലക്കെട്ടിൽ അദ്ദേഹം കൗമുദി വാരികയിൽ എഴുതിയ പംക്തിക്ക്‌ ലക്ഷക്കണക്കിന്‌ വായനക്കാരുണ്ടായിരുന്നു. മദിരാശിയിൽനിന്ന്‌ നാട്ടിലേക്കുള്ള തീവണ്ടിയാത്രയിൽ സമീപത്തിരുന്ന സുമുഖന്റെ ബാഗ് കവിയുടെ ശ്രദ്ധയിൽപ്പെട്ടു. ബാഗിന്റെ പുറത്ത് ‘വയലാർ രാമവർമ’ എന്ന്‌ എഴുതിയിട്ടുണ്ട്‌. അൽപ്പസമയത്തിനുള്ളിൽ അ യാൾ അതിനുള്ളിൽനിന്ന്‌ രണ്ടുമൂന്നു പുസ്തകം വലിച്ചെടുത്തു. എല്ലാം ‘ആയിഷ’യുടെ കോപ്പികൾ. ‘ആരെഴുതിയ പുസ്തകമാണിത്’ എന്ന കവിയുടെ ചോദ്യത്തിനുത്തരം, ഞാൻ എന്നായിരുന്നു. ‘നിങ്ങളാണോ വയലാർ രാമവർമ’ എന്നു ചോദിച്ചപ്പോൾ ‘അതെ’ എന്നു മറുപടി. എല്ലാവരോടുമെല്ലാം സൗഹൃദം സ്ഥാപിച്ച് പണം വാങ്ങി തിരികെ കൊടുക്കാത്തവനും മുറിവാടക നൽകാതെ കബളിപ്പിക്കുന്നവനും അൽപ്പസ്വൽപ്പം മോഷണമൊക്കെ നടത്തുന്നവനുമായ തന്റെ അപരനാണ് മുന്നിലിരിക്കുന്നതെന്ന് കണ്ട് കവിമനസ്സ് ചിരിഭരിതമായി. പിന്നെ ചോദ്യം ചെയ്തശേഷം ഒറിജിനൽ വയലാർ രാമവർമയെ പരിചയപ്പെടുത്തി വിട്ടയച്ചു. ഇതുപോലുള്ളത്‌ വായിച്ചുചിരിക്കാൻ അന്ന് വായനക്കാർ കാത്തിരിക്കുമായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home