ഇരുളിലേക്ക് ചുവടുവച്ച നാളുകൾ


സാജൻ എവുജിൻ
Published on Jun 22, 2025, 10:36 AM | 6 min read
അടിയന്തരാവസ്ഥ നീണ്ടുപോയപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ‘വിശ്വസ്‌തത’ പുലർത്താത്ത കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഒരാളായി കരുതപ്പെട്ടത് ഒഡിഷയിലെ നന്ദിനി സത്‌പതിയാണ്. സത്യത്തിൽ സഞ്‌ജയ് ഗാന്ധിക്ക് നന്ദിനിയോടുള്ള താൽപ്പര്യക്കുറവായിരുന്നു ഈ പ്രചാരണത്തിന് അടിസ്ഥാനം. രാജിവയ്‌ക്കാൻ നന്ദിനിയെ പ്രേരിപ്പിക്കാൻ ഭുവനേശ്വറിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറി എ ആർ അന്തുലെ അവരോട് പറഞ്ഞു: ‘‘ഇത് ശ്രീമതി ഇന്ദിരാഗാന്ധിയുടെമാത്രം അവകാശമാണ്, ആരാണ് വിശ്വസ്‌തരെന്ന് തീരുമാനിക്കേണ്ടത് പരമോന്നത നേതാവാണ്, വിശ്വസ്‌തത വിഭജിക്കാനാകില്ല’’. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിക്കാൻ നന്ദിനി ഡൽഹിയിലെത്തി ഇന്ദിരാഗാന്ധിയെ കണ്ടു. അന്ന് നന്ദിനിയോട് രാജിക്കാര്യം സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഭുവനേശ്വറിൽ മടങ്ങിയെത്തി ഹ്രസ്വമായ അവധിക്കാലം ചെലവിടവെ ഡൽഹിയിൽനിന്ന് ഫോണിൽ വിളിച്ച് രാജി ആവശ്യപ്പെട്ടു. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും 1976 ഡിസംബർ 16ന് അവർ രാജിവച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള നാളുകളിൽ ഇന്ദിരാഗാന്ധിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് മുന്നിൽനിന്ന നേതാവായിരുന്നു നന്ദിനി.
സഞ്‌ജയ്, ധവാൻ, ബെൻസിലാൽ ഭരണം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയിൽ നടമാടിയ ജനാധിപത്യക്കശാപ്പുകളുടെ ഉദാഹരണം മാത്രമാണിത്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ രാജ്യത്ത് നിലനിന്നത് ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും മുൻനിർത്തി അവരുടെ ഇളയമകൻ സഞ്‌ജയ് ഗാന്ധി, പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രജീന്ദർ കുമാർ ധവാൻ എന്ന ആർ കെ ധവാൻ, ഹരിയാന മുഖ്യമന്ത്രി ബെൻസിലാൽ എന്നിവരുടെ ഭരണമായിരുന്നു. ഇവരുടെ തീരുമാനങ്ങളാണ് അക്കാലത്ത് രാജ്യമാകെ നടപ്പാക്കിയത്. ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലത്തിൽനിന്ന് ഇന്ദിരാഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പെട്ടെന്നുള്ള കാരണമായതെങ്കിലും അതിനുമുമ്പേ ഇതിനായി സാഹചര്യങ്ങൾ രൂപംകൊണ്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ യശ്‌പാൽ കപൂറിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിച്ചെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ജസ്‌റ്റിസ് ജഗ്‌മോഹൻ ലാൽ സിൻഹ 1975 ജൂൺ 12ന് വിധി പ്രസ്‌താവിച്ചത്. എതിരാളിയായിരുന്ന രാജ് നാരായൺ നൽകിയ ഹർജി അംഗീകരിച്ച് ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറ് വർഷത്തേക്ക് അയോഗ്യതയും കൽപ്പിച്ചു. അപ്പീൽ നൽകാൻ വിധി 20 ദിവസത്തേക്ക് സ്‌റ്റേ ചെയ്‌തെങ്കിലും പ്രതിപക്ഷത്തുനിന്നും കോൺഗ്രസിനുള്ളിൽനിന്നും കടുത്ത വെല്ലുവിളിയും എതിർപ്പും നേരിട്ട ഇന്ദിരാഗാന്ധിക്ക് പ്രതിസന്ധി മറികടക്കാൻ മകനെയും കൂട്ടാളികളെയും പൂർണമായി ആശ്രയിക്കേണ്ടിവന്നു. ഇതിന്റെ വിശദാംശങ്ങൾ പ്രമുഖ പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ ‘ ദ ജഡ്‌ജ്‌മെന്റ്: ഇൻസൈഡ് സ്‌റ്റോറി ഓഫ് ദ എമർജൻസി ഇൻ ഇന്ത്യ’ എന്ന പുസ്‌തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.
കുൽദീപ് നയ്യാർ
ഡൂൺ സ്‌കൂൾ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ഇംഗ്ലണ്ടിൽ റോൾസ് റോയ്‌സിൽ മോട്ടോർ മെക്കാനിക്കായി പരിശീലനം നേടിയ സഞ്‌ജയ് ഇന്ത്യയിൽ മടങ്ങിവന്ന് മാരുതി കാർ കമ്പനി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. കോൺഗ്രസിലും സർക്കാരിലും പ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന സഞ്‌ജയിനെ ഇന്ദിരാഗാന്ധി ആപൽരക്ഷകനായാണ് കണ്ടിരുന്നത്. സഞ്‌ജയിനെ പാട്ടിലാക്കാൻ ബെൻസിലാൽ ഹരിയാനയിൽ മാരുതി കാർ ഫാക്ടറി സ്ഥാപിക്കാൻ 290 ഏക്കർ സ്ഥലവും സർക്കാർ ജാമ്യത്തിൽ വായ്‌പയും നൽകി. പകരം ബെൻസിലാലിനെ സഞ്‌ജയ് പ്രധാനമന്ത്രിയുടെ വിശ്വസ്‌തവൃന്ദത്തിൽപ്പെടുത്തി. രാഷ്‌ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിലും പത്രസ്വാതന്ത്ര്യം ഹനിക്കുന്നതിലും ഹരംകൊള്ളുന്ന ആളായിരുന്നു ബെൻസിലാൽ. അദ്ദേഹം ഒരിക്കൽ ഇന്ദിരാഗാന്ധിയോട് ഇങ്ങനെ പറഞ്ഞതായി കുൽദീപ് നയ്യാർ രേഖപ്പെടുത്തുന്നു: ‘‘സഹോദരീ, അവരെ (രാഷ്‌ട്രീയ എതിരാളികളെ) എനിക്ക് വിട്ടുതരൂ; ഞാൻ അവരെ ജയിലിലടയ്‌ക്കാം, പാഠം പഠിപ്പിക്കാം, നിങ്ങൾ കൂടുതൽ ജനാധിപത്യവാദിയാകരുത്’’. റെയിൽവേയിൽ ക്ലർക്കായിരുന്ന ആർ കെ ധവാൻ ഒരു ദശകത്തിനുള്ളിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായി മാറിയത് സഞ്‌ജയിന്റെ അനുചരൻ എന്ന നിലയിലാണ്.
മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ആർ കെ ധവാൻ ഉത്തരവുകൾ നൽകിയിരുന്നു. എഐസിസി അധ്യക്ഷനായിരുന്ന ദേവ് കാന്ത് ബറുവയ്‌ക്ക് കൊട്ടാരം വിദൂഷകന്റെ വേഷമായിരുന്നു. ഇന്ദിരാസ്‌തുതിയായിരുന്നു ബറുവയുടെ ഇഷ്ടവിഷയം; ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യം ബറുവയുടെ സംഭാവനയാണ്. അലഹബാദ് ഹൈക്കോടതി വിധി വരുമ്പോൾ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ശ്രീനഗറിലായിരുന്നു. അന്നേ ദിവസംതന്നെ ഡൽഹിക്ക് മടങ്ങാൻ രാഷ്‌ട്രപതി താൽപ്പര്യം കാണിച്ചെങ്കിലും ഇന്ദിരാഗാന്ധി ഫോൺവിളി വഴി അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അടുത്ത മൂന്നുനാൾ അദ്ദേഹം ഇന്ദിരാഗാന്ധിയെ തുടർച്ചയായി വിളിച്ചെങ്കിലും രാഷ്‌ട്രപതി ജമ്മു–- കശ്‌മീർ സന്ദർശനം വെട്ടിച്ചുരുക്കുന്നതിനോട് പ്രധാനമന്ത്രി യോജിച്ചില്ല. പ്രധാനമന്ത്രിയുടെ രാജിക്കത്ത് സ്വീകരിക്കാനാണ് രാഷ്ട്രപതി എത്തുന്നതെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് ഇന്ദിരാഗാന്ധിക്ക് ഒഴിവാക്കണമായിരുന്നു. ജൂൺ 16ന് ഡൽഹിയിൽ തിരിച്ചെത്തിയ രാഷ്‌ട്രപതിയെ കണ്ട് പ്രധാനമന്ത്രി സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തയ്യാറെടുക്കുന്നതിനെക്കുറിച്ച് ധരിപ്പിച്ചു. കൂടിക്കാഴ്‌ച 15 മിനിറ്റ് മാത്രമായിരുന്നു. അതിനുശേഷം പ്രതിപക്ഷനേതാക്കൾ രാഷ്‌ട്രപതിയെ സന്ദർശിച്ച് ഇന്ദിരാഗാന്ധിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർടി യോഗം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് രാഷ്‌ട്രപതി പ്രതികരിച്ചു. ഈ നിലപാടിലെ അനൗചിത്യം തിരിച്ചറിഞ്ഞിട്ടാകണം, സുപ്രീംകോടതി വിധിക്കായി കാത്തിരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം ഉടൻ തിരുത്തി. രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറി ഇതുസംബന്ധിച്ച് കുറിപ്പും ഇറക്കി.
തീരുമാനം ആകസ്‌മികമല്ല
രാഷ്‌ട്രീയമായി ഇന്ദിരാഗാന്ധിയുടെ അവസ്ഥ അങ്ങേയറ്റം പരുങ്ങലിലായിരുന്നു. ഹീനമായ നടപടികൾ വഴി അടിച്ചമർത്തിയെങ്കിലും 1974ൽ 16 ലക്ഷത്തോളം റെയിൽവേ ജീവനക്കാർ നടത്തിയ പണിമുടക്ക് കോൺഗ്രസ് സർക്കാരിനെ ഉലച്ചു. പിരിച്ചുവിടൽ, അറസ്റ്റ്, ക്വാർട്ടേഴ്‌സുകൾ ഒഴിപ്പിക്കൽ, വൈദ്യുതി– -ജലവിതരണം വിച്ഛേദിക്കൽ എന്നിവയാണ് പണിമുടക്ക് നേരിടാൻ കൈക്കൊണ്ട നടപടികൾ. 1975 ജൂൺ തുടക്കത്തിൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു; ജനത മുന്നണി സർക്കാർ അധികാരത്തിൽ വന്നു. ഈ പരീക്ഷണം രാജ്യത്താകെ വ്യാപിപ്പിക്കണമെന്ന് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്‌തു. ദാരിദ്ര്യത്തിനെതിരായി ഇന്ദിരാസർക്കാർ മുദ്രാവാക്യങ്ങൾ മെനഞ്ഞെങ്കിലും ജനങ്ങളുടെ ജീവിതസാഹചര്യം അനുദിനം മോശമായിക്കൊണ്ടിരുന്നു. സർവകലാശാലകൾ പ്രക്ഷുബ്ധമായി. ഫാക്ടറികളിൽ പണിമുടക്ക് വ്യാപിച്ചു. വിലക്കയറ്റം 1950–-51 മുതൽ 1965–-66 വരെ മൂന്ന് ശതമാനമായിരുന്നെങ്കിൽ ഇന്ദിരഭരണകാലത്ത് 15 ശതമാനമായി. പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വധിക്കപ്പെട്ട റെയിൽവേ മന്ത്രി ലളിത് നാരായൺ മിശ്രയുടെ അനുയായി ആയിരുന്ന തുൾമോഹൻ റാം എംപിക്ക് നിയമവിരുദ്ധമായി ഇറക്കുമതി ലൈസൻസ് ലഭിച്ചെന്ന ആരോപണത്തിന്മേൽ നടന്ന സിബിഐ അന്വേഷണറിപ്പോർട്ട് പാർലമെന്റിന്റെ മുൻസമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു.
അന്വേഷണം പാതിവഴിയിൽ നിൽക്കെയാണ് മിശ്ര ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയില്ലെങ്കിൽ ലോക്‌സഭയിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷനിരയിൽനിന്ന് മൊറാർജി ദേശായ് പ്രഖ്യാപിച്ചു. മൊറാർജിയെ സഭയിൽനിന്ന് പുറത്താക്കണമെന്ന ഇന്ദിരാഗാന്ധിയുടെ നിർദേശം സ്‌പീക്കർ ഗുർദയാൽ സിങ് ധില്ലൺ അംഗീകരിച്ചതുമില്ല. മന്ത്രി മിശ്രയുടെ വധത്തിൽ ഇന്ദിരാഗാന്ധിക്ക് പങ്കുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നു. സഞ്‌ജയും ധവാനും ചേർന്ന് റെയിൽഭവനിലെ മിശ്രയുടെ ഓഫീസ് പൂട്ടി. മാരുതിയുമായി ബന്ധപ്പെട്ട ചില രേഖകൾ മിശ്ര ശേഖരിച്ചിരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അവ പുറത്തുവരുന്നത് ഒഴിവാക്കാനായിരുന്നു ഈ പൂട്ടൽ. ഇന്ദിരാഗാന്ധി ഇക്കാര്യം അറിഞ്ഞെങ്കിലും ‘മാരുതിയുടെ ഒരു കാര്യത്തിലും താൻ ഇടപെടാറില്ലെന്ന’ വാദം ഈ വിഷയത്തിലും അവർ ആവർത്തിച്ചു. ഇതെല്ലാം പാർലമെന്റിൽ ചർച്ചയാകുന്നത് തടയാൻ വർഷകാല സമ്മേളനം വൈകിക്കാൻ ഇന്ദിരാഗാന്ധി ശ്രമിച്ചു. ഏതുവിധേനയും അധികാരത്തിൽ തുടരാൻ അവർ മാർഗങ്ങൾ ആലോചിച്ചു. മന്ത്രിസഭയിലെ മുതിർന്ന സഹപ്രവർത്തകർ ജഗ്‌ജീവൻ റാം, യശ്വന്ത്‌റാവു ചവാൻ, സ്വരൺ സിങ് എന്നിവരായിരുന്നു. മറുപടി എന്താകുമെന്ന് ഉറപ്പിച്ചുതന്നെ ഇന്ദിരാഗാന്ധി ഇവരോട് താൻ ഉടൻ ഒഴിയണോ എന്ന് ആരാഞ്ഞു. രാജിവയ്‌ക്കുന്നത് ദുരന്തമാകുമെന്ന് മൂവരും പ്രതികരിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ് വി ആർ കൃഷ്‌ണയ്യർ, ലോക്‌സഭാംഗമായി ഇന്ദിരാഗാന്ധിക്ക് തുടരാമെങ്കിലും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് ജൂൺ 23ന് താൽക്കാലിക വിധി പുറപ്പെടുവിച്ചു. പ്രധാനമന്ത്രിക്ക് പൂർണ ലോക്‌സഭാംഗത്വമില്ലെന്നും അവരുടെ വിശ്വാസ്യത നഷ്ടമായെന്നും പ്രതിപക്ഷം പ്രതികരിച്ചു.
യുവതുർക്കികളും സിദ്ധാർഥ് ശങ്കർ റേയും
കോൺഗ്രസിലെ ‘യുവതുർക്കികൾ’ എന്നറിയപ്പെട്ടിരുന്ന ചന്ദ്രശേഖർ, മോഹൻ ധരിയ, റാംധൻ, കൃഷ്‌ണകാന്ത്, ലക്ഷ്‌മി കാന്തമ്മ എന്നിവരും പാർടി നേതൃത്വത്തിന്റെ വിധേയത്വത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. തങ്ങൾക്കൊപ്പംനിന്ന ജഗ്‌ജീവൻ റാം ഇന്ദിരാഗാന്ധിയോട് കൂറ് പ്രഖ്യാപിച്ചതിൽ അവർ അരിശംപൂണ്ടു. സ്വന്തം കരുത്ത് തെളിയിക്കാൻ അവർ യോഗം ചേർന്നു. ‘യുവതുർക്കികളുടെ’ മനോഭാവം പേറുന്ന 80 എംപിമാരുണ്ടെന്ന് രഹസ്യാന്വേഷണ ബ്യൂറോ റിപ്പോർട്ട് നൽകി. തനിക്ക് അപകടകരമായ സ്ഥിതിവിശേഷമാണെന്ന് ഇന്ദിരാഗാന്ധി മനസ്സിലാക്കി. കോൺഗ്രസിലെയും പുറത്തെയും വിമർശകരെ നിശ്ശബ്ദരാക്കാൻ കടുത്ത നടപടി വേണമെന്ന് അവർ ചിന്തിച്ചു. സഞ്‌ജയും സംഘവും ആവിഷ്‌കരിച്ച തന്ത്രത്തിന് ബംഗാൾ മുഖ്യമന്ത്രി സിദ്ധാർഥ്‌ശങ്കർ റേ രൂപം നൽകി. ആഭ്യന്തരമായി അസ്വസ്ഥത ഉടലെടുത്താൽ രാഷ്‌ട്രപതിക്ക് ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കാൻ ഭരണഘടനയുടെ 352–-ാം വകുപ്പിൽ വ്യവസ്ഥയുണ്ടെന്ന് സിദ്ധാർഥ് പറഞ്ഞു. ഡൽഹിയിൽ ഉടൻ എത്താൻ സിദ്ധാർഥിനോട് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടു. ജൂൺ 24ന് ചേർന്ന രഹസ്യയോഗത്തിൽ സിദ്ധാർഥ് പദ്ധതി അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയറ്റ് കുറിപ്പ് തയ്യാറാക്കി. അടിയന്തരാവസ്ഥ നിലവിൽ വന്നാൽ ഭരണഘടനയിലെ മൗലികാവകാശങ്ങൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് സാധിക്കും. മൗലികാവകാശങ്ങൾ അനുവദിച്ചുകിട്ടണമെന്ന ഹർജികൾ പരിഗണിക്കാൻ രാജ്യത്തെ കോടതികൾക്ക് സാധിക്കില്ല. പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്താനും അടിയന്തരാവസ്ഥ വിജ്ഞാപനത്തിൽ വ്യവസ്ഥ കൊണ്ടുവന്നു. ‘‘ഇന്ദിരാഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് ഒഴിച്ചുകൂടാനാകാത്തതാണെന്ന്’’ കോൺഗ്രസ് പാർലമെന്ററി പാർടി യോഗം പ്രമേയം പാസാക്കി. യുവതുർക്കികൾ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു. ജഗ്‌ജീവൻ റാം ഇടപെട്ട് യുവതുർക്കികൾ യോഗത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കി.
സഞ്ജയും ഇന്ദിരാഗാന്ധിയും
മുൻകൂട്ടി അറിഞ്ഞത് ഏഴ് പേർ
ജൂൺ 25ന് അർധരാത്രി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇന്ദിരാഗാന്ധി, സഞ്‌ജയ്, ധവാൻ, ബെൻസിലാൽ, ആഭ്യന്തര സഹമന്ത്രി ഓംമേത്ത, ഡൽഹി ലഫ്. ഗവർണർ കിഷൻ ചന്ദ്, സിദ്ധാർഥ് ശങ്കർ റേ എന്നിവർക്ക് മാത്രമാണ് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നത്. നിർമൽ കെ മുഖർജിയെ ആഭ്യന്തര സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റി പകരം രാജസ്ഥാൻ ചീഫ് സെക്രട്ടറി സർദാരി ലാൽ ഖുരാനയെ തൽസ്ഥാനത്ത് പ്രതിഷ്‌ഠിച്ചു. ധവാൻ ഒറ്റയാൾ റിക്രൂട്ട്‌മെന്റ് ബോർഡായി മാറിക്കഴിഞ്ഞിരുന്നു. ഐബി (രഹസ്യാന്വേഷണ ബ്യൂറോ)യുടെ തലപ്പത്ത് എ ജയറാമിനു പകരം പഞ്ചാബ് ഐജി സുരീന്ദർ നാഥ് മാഥൂറിനെ നിയോഗിച്ചു. അലഹബാദ് ഹൈക്കോടതി എന്താണ് വിധിക്കാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണം ജയറാമിന്റെ പേരിലുണ്ടായിരുന്നു. ഔദ്യോഗിക–- രാഷ്‌ട്രീയ സംവിധാനങ്ങൾ ഉടച്ചുവാർക്കാൻ ജൂൺ 15നു തന്നെ സഞ്‌ജയ് ശ്രമം തുടങ്ങിയിരുന്നു. ജനാധിപത്യപരമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു. എതിരാളികളെ വിലയ്‌ക്ക് വാങ്ങുക, അല്ലെങ്കിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതായിരുന്നു സഞ്‌ജയിന്റെ വിശ്വാസപ്രമാണം. പത്രങ്ങളെ അടിച്ചമർത്തൽ ഇതിൽ പ്രധാനമായിരുന്നു. കുടുംബത്തിന്റെ പ്രഭാതഭക്ഷണ വേളയിൽ സഞ്‌ജയും ഇന്ദിരാഗാന്ധിയും ഇതേപ്പറ്റി ചർച്ച ചെയ്‌തിരുന്നു.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ മുഴുവൻ ബസുകളും ദുരുപയോഗിച്ച് ജൂൺ 20ന് ഡൽഹിയിൽ ഇന്ദിരാഗാന്ധി ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു. രാജ്യസേവനം തന്റെ കുടുംബപാരമ്പര്യമാണെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയെ പുകഴ്‌ത്തുന്ന ഉറുദുകവിത ബറുവ അവതരിപ്പിച്ചു: ‘‘ഇന്ദിര– -വിജയമാണ് നിങ്ങളുടെ പ്രഭാതം, വിജയമാണ് നിങ്ങളുടെ സായാഹ്‌നം, വിജയമാണ് നിങ്ങളുടെ പ്രവൃത്തി, വിജയമാണ് നിങ്ങളുടെ നാമം’’. പ്രധാനമന്ത്രിയുടെ ഓഫീസ് മിനി സർക്കാരായി. ഡെപ്യൂട്ടി സെക്രട്ടറിതല നിയമനത്തിനും ഇവരുടെ അനുമതി വാങ്ങണമെന്ന സ്ഥിതിയായി. ഭരണസംവിധാനത്തെയാകെ കോൺഗ്രസുവൽക്കരിച്ചു. ഏഴ് ലക്ഷം വരുന്ന അർധസൈനിക വിഭാഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചൊൽപ്പടിയിലായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക റോ (റിസർച്ച് ആൻഡ് അനാലിസസ് വിങ്) തയ്യാറാക്കി നൽകി.
ആഭ്യന്തര രാഷ്‌ട്രീയ വിവരങ്ങൾ ചോർത്താൻ റോ ആദ്യമായി നിയോഗിക്കപ്പെട്ടത് അന്നായിരുന്നു. എട്ട് മണിയോടെ ഇന്ദിരാഗാന്ധിയും സിദ്ധാർഥും രാഷ്‌ട്രപതി ഭവനിലേക്ക് പോയി. രാഷ്‌ട്രപതി ഒപ്പിട്ട വിജ്ഞാപനം 11.45ന് ഇറങ്ങി. പുലർച്ചെയ്‌ക്ക് മുമ്പ് രാജ്യമെമ്പാടും അറസ്റ്റുകളുണ്ടായി. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ ഡൽഹിയിൽ പല പത്രങ്ങളും ഇറങ്ങിയില്ല. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭാ യോഗത്തിന് എത്തിയപ്പോഴാണ് കാബിനറ്റ് അംഗങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്. അറസ്റ്റ് ചെയ്‌തവരുടെ പട്ടികപോലും മന്ത്രിസഭയെ അറിയിച്ചില്ല. ആരും ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ ‘അടിയന്തരാവസ്ഥ ആവശ്യമായിരുന്നോ’ എന്ന് സ്വരൺ സിങ് പതുക്കെ ചോദിച്ചു. ഇന്ദിരാഗാന്ധി പ്രതികരിച്ചില്ല. അടിയന്തരാവസ്ഥയുടെ ഭരണഘടനാപരമായ അർഥത്തെക്കുറിച്ച് ഹ്രസ്വമായി ചർച്ച ചെയ്‌ത് യോഗം പിരിഞ്ഞു. അപ്പോഴേക്കും രാജ്യത്ത് ഇരുൾ വീണിരുന്നു.
0 comments