ബോട്ടിൽ ടു ടി ഷർട്ട്

എസ് ദേവിക
Published on Nov 02, 2025, 09:52 AM | 2 min read
തിരുവനന്തപുരം: സ്വദേശികളും സുഹൃത്തുക്കളുമായ വിഷ്ണു ഗിരിജാ ഗോപാലിനും ജെ എസ് ജിത്തുവിനും പഠനകാലംമുതൽ സമൂഹത്തിലേക്ക് തങ്ങളുടെ അധ്വാനത്തിൽനിന്ന് മികച്ചൊരു സംഭാവന നൽകണമെന്നാണ് ആഗ്രഹം. മെക്കാനിക്കൽ എൻജിനിയറിങ് കഴിഞ്ഞ ഇവർ ‘തുണി’ ഒരു മീഡിയമായി തെരഞ്ഞെടുക്കുന്നു. അതിലൂടെ സ്വയം പ്രകടിപ്പിക്കൽ സാധ്യമാക്കാൻ തീരുമാനിക്കുന്നു. ‘നെയ്ത്ത്’ എന്ന ബ്രാൻഡ് ഉടലെടുക്കുന്നു. തുണിത്തരങ്ങളിൽ പുതുമ സൃഷ്ടിക്കാൻ അവർ ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ്, പലപ്പോഴും ഉപയോഗശേഷം ബാധ്യതയായി മാറുന്ന പെറ്റ് ബോട്ടിലുകളിൽനിന്ന് (കുടിവെള്ള കുപ്പികൾ) വസ്ത്രങ്ങളെന്ന ആശയം ഉടലെടുക്കുന്നത്. കേരളത്തിലെ മാലിന്യത്തിന്റെ ഭാവിതന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന പരിശ്രമത്തെക്കുറിച്ച്, കണ്ടെത്തലുകളെക്കുറിച്ച് വിഷ്ണു സംസാരിക്കുകയായിരുന്നു...
മാലിന്യം തടയുക
സാധാരണ ഉപയോഗിക്കുന്ന 12 കുടിവെള്ള കുപ്പികൾ ഉപയോഗിച്ച് ഒരു ടി ഷർട്ട് നിർമിക്കാൻ സാധിക്കും. കുപ്പികളുടെ അടപ്പും ലേബലും മാറ്റിയശേഷം ഇവ പ്രോസസ് ചെയ്യുന്നു. 50 ശതമാനം മുള ഇതിലേക്ക് ചേർക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെർജിൻ പോളിസ്റ്റർ തുണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചൂട് വളരെ കുറവായിരിക്കും. മുള ചേർക്കുന്നതുകൊണ്ടുതന്നെ തുണി വളരെ മൃദുവായിരിക്കും.
എല്ലാ ക്വാളിറ്റി ടെസ്റ്റുകളും പാസായിട്ടുണ്ട്. ശരീരത്തിന് ഒരുവിധ ബുദ്ധിമുട്ടും ഇത്തരം തുണികളിൽനിന്ന് ഉണ്ടാകില്ല. നിലവിൽ അളവിൽ കവിഞ്ഞ മാലിന്യം നമുക്ക് ചുറ്റുമുണ്ട്. പുതിയ മാലിന്യം ഉണ്ടാകുന്നത് തടയുക, നിലവിലുള്ളത് റീസൈക്കിൾ ചെയ്യുക എന്നതാണ് മാലിന്യം കുന്നുകൂടുന്നത് തടയാനുള്ള ഉചിതമാർഗം. ‘നെയ്ത്ത്’ മുന്നോട്ടുവയ്ക്കുന്നത് ഈ സന്ദേശമാണ്. വേളി കടപ്പുറത്ത് ബീച്ച് ക്ലീനപ്പ് നടത്തിയിരുന്നു. ഇവിടെനിന്ന് ശേഖരിച്ച കുപ്പികൾ ഉപയോഗിച്ചുള്ള ടി ഷർട്ടുകളാണ് അടുത്ത ബീച്ച് ക്ലീനപ്പിന് വളന്റിയേഴ്സ് ഇടുന്നത്. ഇതൊരു ലൂപ്പുപോലെ തുടരാനാണ് ഉദ്ദേശിക്കുന്നത്. മൂന്നു തലമുറയ്ക്ക് വസ്ത്രങ്ങൾ ഉണ്ടാക്കാനുള്ള അത്രയും പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴേ നമുക്കുണ്ട്. പുതിയ തുണികൾ ഉണ്ടാക്കി മാലിന്യം കൂട്ടുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
നെയ്‌ത്ത്
‘നീത്’ ഈജിപ്തിലെ ഒരു ദേവതയാണ്. അതിനോട് സാമ്യം തോന്നുന്നതുകൊണ്ടും തുണികൾ നെയ്തെടുക്കുക എന്ന അർഥംകൊണ്ടുമാണ് ‘നെയ്‌ത്ത്’ എന്ന പേരിലേക്ക് എത്തിയത്. 2022ലെ ഐഎഫ്‌എഫ്‌കെയിൽ ഒരു സ്റ്റാളിട്ടു. ബ്രാൻഡിന്റെ തുടക്കം അവിടെനിന്നാണ്. ഓവർ സൈസായ 250 കോട്ടൺ ടി ഷർട്ടുകളാണ് ആദ്യം വിൽപ്പന നടത്തിയത്. അന്ന് കേരളത്തിൽ ഓവർസൈസ് ടി ഷർട്ടുകൾ കടന്നുവരുന്നതേയുള്ളൂ.
സാമ്പത്തികമായ ബുദ്ധിമുട്ടുകളുംമറ്റും കാരണം തങ്ങളുടെ കഴിവുകളെ പുറത്തെടുക്കാൻ സാധിക്കാത്ത ഒരുകൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്. അതുപോലുള്ള കലാകാരന്മാരെ കണ്ടുപിടിച്ച് ടി ഷർട്ടുകളെ അവരുടെ ഒരു ക്യാൻവാസാക്കിത്തീർത്തു. എട്ടുദിവസം പരിപാടിയായിരുന്നെങ്കിലും മൂന്നുദിവസത്തിൽത്തന്നെ എല്ലാം വിറ്റുതീർന്നു. ഇതിൽനിന്ന് കിട്ടിയ ലാഭത്തിൽനിന്നാണ് ‘നെയ്ത്തി’ന്റെ യാത്ര.
ക്ഷമയാണ് ഗുരു
തുണികളുടെ പ്രൊഡക്‌ഷൻ ഹബ്ബ് തിരുപ്പൂരാണെന്ന് തിരിച്ചറിഞ്ഞ് ആറേഴുമാസം അവിടെത്തന്നെയായിരുന്നു. പ്രായം കുറവുള്ളതിനാൽ പലരും പരിഗണിക്കാത്ത നിലയുണ്ടായിരുന്നു. എന്നിരുന്നാൽപ്പോലും ഒരിടത്തുവച്ചും ഞങ്ങളുടെ സ്വപ്‌നം മാറ്റിവച്ചില്ല.
ബ്രാൻഡ് തുടങ്ങി ഒരുവർഷം പിന്നിട്ടപ്പോഴാണ് പിന്നീടും പഠിക്കാൻ പോകുന്നത്. പലരും ചോദിച്ചു, അത്യാവശ്യം പച്ചപിടിക്കുന്ന സമയത്ത് പിന്നെയും പഠിക്കാൻ പോണോ എന്ന്. പ്ലാസ്റ്റിക്കിൽനിന്ന് തുണിത്തരങ്ങൾ ഉണ്ടാക്കാമെന്ന പേപ്പറുകൾ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും എത്രത്തോളം പ്രാവർത്തികമാക്കാമെന്ന് അറിയില്ലായിരുന്നു. തിരുപ്പൂരിൽപ്പോലും അതിനുള്ള സാധ്യതകൾ ഇല്ലായിരുന്നു. പഠിച്ചാൽ ഒരുപക്ഷേ യാഥാർഥ്യമാക്കാം എന്ന പ്രതീക്ഷയോടെയാണ് കോഴ്സിന് ചേരുന്നത്. ജിത്തു പറഞ്ഞാണ് കോഴ്സിന് അപേക്ഷിക്കുന്നത്. കേരള യൂണിവേഴ്സിറ്റി എംടെക്കിൽ പുതിയതായി തുടങ്ങിയ റിന്യൂവബിൾ എനർജി എന്നൊരു ബ്രാഞ്ചിലാണ് പഠനം നടത്തിയത്.
ആദ്യ സെമസ്റ്റർമുതൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. എന്റെ ഫൈനൽ പ്രോജക്ട് പെറ്റ് ബാംബൂ മെറ്റീരിയലിൽ ഉണ്ടാക്കിയ ടി ഷർട്ടായിരുന്നു. അത് വിജയിച്ചു. അഞ്ചുവർഷത്തോളം ബ്രാൻഡിനായി മാറ്റിവച്ചു. ഞങ്ങൾക്കറിയാമായിരുന്നു വളരെ പതുക്കെമാത്രമാണ് ഉയർച്ച ഉണ്ടാവുകയെന്ന്. അതുകൊണ്ടുതന്നെ ക്ഷമയോടെ കാത്തിരുന്നു. ഈ മാസം അവസാനത്തോടെ പെറ്റ് - ബാംബൂ മെറ്റീരിയലിൽ ഉണ്ടാക്കിയ ടി ഷർട്ട് വിപണിയിൽ സജീവമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.









0 comments