ഓർക്കുക, മരണം വിരൽതൊട്ട ചിത്രങ്ങൾ

ആദിവാസിയുവാവ് മധുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദയനീയചിത്രം വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഒരുപക്ഷേ ഈ ചിത്രം മധുവിന്റെ കൊലയ്ക്ക് കാരണമായവർതന്നെ സാമൂഹ്യമാധ്യമങ്ങൾ വഴി പുറത്തുവിട്ടില്ലായിരുന്നെങ്കിൽ ദാരുണമായ ഈ കൊലപാതകം ഇത്രയ്ക്ക് ശ്രദ്ധ നേടില്ലായിരുന്നു. ആയിരം വാക്കുകൾക്ക് പകരം വയ്ക്കാവുന്ന ഒരു വാർത്താചിത്രത്തിന്റെ ശക്തിയെന്തെന്ന് കൂടിയാണ് ഈ സംഭവം തെളിയിക്കുന്നത്. ഈ ചിത്രം ഉയർത്തിയ അലകൾ എത്രനാൾ സജീവമായി നിൽക്കും എന്ന് പറയാനാകില്ല. എങ്കിലും മധുവിന്റെ ദയനീയമുഖം പതിഞ്ഞ ചിത്രം കുറ്റവാളികളെ നിയമത്തിന്റെമുന്നിൽ കൊണ്ടുവരുന്നതിനും കാരണമായിരിക്കുന്നു. അങ്ങനെ ഒരു ചിത്രം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും മധുവിന്റെ വിഷയം നമ്മൾ ഇത്രമേൽ ചർച്ച ചെയ്യില്ലായിരുന്നു.
മധുവിന്റെ ചിത്രം കേരളത്തിൽ വിപുലമായ ഒരു ചർച്ചയ്ക്ക് വഴിതുറന്ന നാളുകളിൽത്തന്നെയാണ് ലോകപ്രസിദ്ധമായ ഒരു വാർത്താചിത്രം പകർത്തി ഒരു യുദ്ധത്തിന്റെ ഗതി മാറ്റുന്നതിൽ നിർണായകപങ്കുവഹിച്ച ഫോട്ടോഗ്രാഫർ കേരളത്തിലെത്തുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് നാപാം ബോംബ് വർഷത്തിൽനിന്ന് അഭയംതേടി വസ്ത്രംപോലുമില്ലാതെ ഇരുകൈകളും ഉയർത്തിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഓടുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയ അതേ ഫോട്ടോഗ്രാഫർ. യുദ്ധവെറിയെ ഒറ്റ ഫോട്ടോകൊണ്ട് ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയ നിക് ഉട്ട് തിരുവനന്തപുരത്ത് അന്തർദേശീയ പ്രസ് ഫോട്ടോ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് എത്തുന്നത്. മാർച്ച് 8 മുതൽ 11 വരെ തിരുവനന്തപുരം ടാഗോർ ഹാളിലാണ് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ. ലോക പ്രശസ്തമായ ഫോട്ടോകളുടെ വലിയ പ്രദർശനവും ഫോട്ടോ ജേർണലിസത്തെ കുറിച്ച് സെമിനാറുകളും ശിൽപ്പശാലകളും ഉണ്ടാകും.
ലോക മാധ്യമചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വാർത്താചിത്രങ്ങളിലൊന്നായാണ് അസോസിയറ്റ് പ്രസിന്റെ ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് 1972ൽ എടുത്ത ഈ ചിത്രത്തെ ഗണിക്കുന്നത്. നാലര ദശാബ്ദം കഴിഞ്ഞിട്ടും യുദ്ധത്തിന്റെ ഭീകരത സൂചിപ്പിക്കാനായി ഉയർത്തിക്കാണിക്കപ്പെടുന്നത് ഈ ചിത്രംതന്നെ. ലോകമെങ്ങുമുള്ള മാധ്യമങ്ങൾ ആവർത്തിച്ച് പ്രസിദ്ധീകരിച്ചു ഈ ചിത്രം. ലോകത്തെ പിടിച്ചുകുലുക്കിയ ഈ ചിത്രത്തിന് 1973ൽ സ്പോട്ട് ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം ലഭിച്ചു. അതേവർഷം വേൾഡ് പ്രസ് ഫോട്ടോ അവാർഡും നിക്ക് ഉട്ട് കരസ്ഥമാക്കി.
രണ്ടാം ലോകയുദ്ധ ത്തിൽ പരീക്ഷിച്ച് വിജയിച്ച നാപാം ബോംബ് തന്നെയാണ് വിയറ്റ്നാമിലും സാധാരണമനുഷ്യർക്കുനേരെ പ്രയോഗിച്ചത്. 1972 ജൂൺ എട്ടിന് യുദ്ധവിമാനം വർഷിച്ച നാപാം ബോംബിന്റെ കൊടുംതാപത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയതായിരുന്നു ആ കുട്ടികൾ. നിക്ക് ഉട്ട് നിന്നിരുന്ന ഹൈവേയിലേക്കാണ് അലറിവിളിച്ച് കുറെ കുട്ടികളും പട്ടാളക്കാരും ഗ്രാമവാസികളും കറുത്ത പുകപടലങ്ങൾക്കിടയിൽനിന്ന് ഓടി വന്നത്. നാപാം ബോബ് വീണതിന്റെ ആഘാതത്തിൽ പൊള്ളിയ ശരീരവുമായി എന്തൊരു ചൂട് എന്ന് അലറിക്കരയുന്നുണ്ടായിരുന്നു അവർ. അവർ വരുന്നതിന്റെ എതിർവശത്തുനിന്ന നിക്ക് ഉട്ടിന്റെ ക്യാമറ കൃത്യമായി മിന്നി. ശരീരമാകെ പൊള്ളി അവശരായ കുട്ടികളുടെ ദേഹത്ത് വെള്ളം ഒഴിച്ചുകൊടുത്ത് അവരുടെ ജീവൻ രക്ഷിക്കാനും നിക്ക് ഉട്ട് തയ്യാറായി. അന്ന് ഫോട്ടോയിൽ പതിഞ്ഞ ബാലിക ഇന്നറിയപ്പെടുന്നത് നാപാം ഗേൾ എന്ന പേരിൽ. അവളുടെ യഥാർഥ പേര് പാൻ തി കിം ഫുക്ക്. പൊള്ളലേറ്റ് ഓടിയെത്തിയ കുട്ടികളുടെ ഫോട്ടോ പകർത്തിയശേഷം അവരുടെ ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കുകയാണ് നിക്ക് ഉട്ട് ചെയ്തത്. 30 ശതമാനത്തിലേറെ പെള്ളലേറ്റ പാൻ തി കിം ഫുക്കിനെ നിക്ക് ഉട്ട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കാറിൽ കയറ്റി എത്തിച്ചു. അവളുടെ മരണമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. നിക്ക് ഉട്ട് തന്റെ പ്രസ് പാസ് കാണിച്ചതുകൊണ്ട് അവൾക്ക് വേണ്ട പരിഗണന ആശുപത്രിയിൽ ലഭിച്ചു. അവളുടെ ജീവൻ തിരിച്ചു കിട്ടിയത് അങ്ങനെയാണ്. 1994മുതൽ പാൻ തി കിം ഫുക്ക് യുണെസ്കോയുടെ ഗുഡ്വിൽ അംബാസഡറാണ്.
നിക്ക്ഉട്ട് യുദ്ധഭൂമിയിൽനിന്നെടുത്ത ഫോട്ടോ അസോസിയറ്റ് പ്രസ് ഓഫീസിൽ ഏൽപ്പിച്ചപ്പോൾ അനുകൂലമറുപടിയല്ല ലഭിച്ചത്. അസോസിയറ്റ് പ്രസിന്റെ നിയമാവലി പ്രകാരം നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിക്കാനാകില്ല. എഡിറ്റർ നിക്ക് ഉട്ടിന്റെ ഫോട്ടോ നിരസിച്ചു. ഹോർസ്റ്റ് ഫാസ് എന്ന സഹപ്രവർത്തകനായ ജർമൻ ഫോട്ടോഗ്രാഫർ നിക്ക് ഉട്ടിന് അനുകൂലമായി അസോസിയറ്റ് പ്രസ് എഡിറ്ററോട് വാദിക്കുകയും തുടർന്നാണ് ഫോട്ടോ വിതരണം ചെയ്യുകയുമുണ്ടായി. പിന്നീട് സംഭവിച്ചത് ചരിത്രം. ഫോട്ടോ ജേർണലിസത്തിലെ ചരിത്രമായി ഈ ഫോട്ടോ മാറി. ഹോർസ്റ്റ് ഫാസും വിയറ്റ്നാം യുദ്ധത്തിന്റെ ഫോട്ടോകളിലൂടെ പ്രശസ്തനായി. രണ്ട് തവണ പുലിറ്റ്സർ പ്രൈസും കരസ്ഥമാക്കി.







0 comments