'അമിത'ഷാ

അക്ഷരാർഥത്തിൽ ശരിയായി എന്നത് വല്ലപ്പോഴുംമാത്രം ഉപയോഗിക്കാവുന്ന പ്രയോഗമാണ്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പേരിന്റെ കാര്യമാകുമ്പോൾ ആ പ്രയോഗം എല്ലായ്‌പ്പോഴും ശരിയായി വരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാ കാര്യങ്ങളിലും 'അമിത'മാണ് അദ്ദേഹം. മറ്റൊരു രാഷ്ട്രീയനേതാവിനുമില്ലാത്ത പലതും അമിത് ഷായിലുണ്ട്. അദ്ദേഹത്തിന്റെ ആസ്തി കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വർധിച്ചത് 300 ശതമാനമാണ്. 2012ൽ 8.54 കോടി രൂപയുടെ സ്ഥാവര ജംഗമ ആസ്തിയുണ്ടായിരുന്ന ഷായ്ക്ക് ഇന്നുള്ളത് 34.31 കോടി രൂപയുടെ ആസ്തി. സ്വത്ത് ആർജിച്ചതിലെ ഈ അമിതവേഗം ഷായുടെ രാഷ്ട്രീയവളർച്ചയിലുമുണ്ട്. തീരുമാനങ്ങളെടുക്കുന്നതും പാർടിയിലെ മറ്റുള്ളവരെ കൈാര്യം ചെയ്യുന്നതും എതിരാളികളെ നേരിടുന്നതും ഇതേ അമിത ശൈലിയിൽത്തന്നെ.
എബിവിപിയിൽ തുടങ്ങിയ അമിത് അനിൽചന്ദ്ര ഷാ ബിജെപി അധ്യക്ഷപദവിയിലേക്ക് കുതിച്ചെത്തിയത് അരുതാത്ത പലതിന്റെയും അമിതപ്രയോഗത്തിന്റെ ബലത്തിലാണ്. കേരളം പിടിക്കാൻ പിണറായി വിജയന്റെ ജന്മനാട്ടിലൂടെ താൻ നടന്നാൽ മതി എന്ന് തീരുമാനിച്ചത് അമിത് ഷായാണ്. ലക്ഷ്യം തീരുമാനിക്കുക; അതിലേക്കെത്താൻ ഏത് തന്ത്രവും പ്രയോഗിക്കുക; ആ വഴിയിൽ ധാർമികതയോ മര്യാദയോ മാനുഷികമൂല്യങ്ങളോ കാണാതിരിക്കുക ഇതാണ് ഷായുടെ രാഷ്ട്രീയശൈലി. അമിതമായ ആത്മവിശ്വാസവും ആജ്ഞാശക്തിയുമാണ് കേരളത്തിലെ അത്ഭുതയാത്രയിലേക്ക് അമിത് ഷായെ എത്തിച്ചത്. അഖിലേന്ത്യാ അധ്യക്ഷന്റെ തീരുമാനം സവിനയം കേരള ഘടകം നടപ്പാക്കി. ആദ്യ ദിവസംതന്നെ ഷായ്ക്ക് മനസ്സിലായി എല്ലാം പതിവിലും അമിതമായിരുന്നുവെന്ന്. ശോഷിച്ച ആൾക്കൂട്ടവും ചോർന്നുപോയ ആവേശവും ഊതിപ്പെരുപ്പിച്ച അവകാശവാദവുംമാത്രമാണ് കേരളത്തിലെ ബിജെപിയുടെ സ്വത്ത് എന്നുറപ്പിക്കാൻ പയ്യന്നൂരിൽനിന്ന് റോഡിലൂടെ നടന്നുതന്നെ പോകേണ്ടിവന്നു.
ഗുജറാത്തിലെ കൊലപാതകങ്ങൾ മൊത്തക്കണക്കിലാണ്. ശൂലംകുത്തിയും ചുട്ടും വ്യാജ ഏറ്റുമുട്ടലുണ്ടാക്കിയും നൂറുകണക്കിനാളുകളെ കൊന്നുതള്ളിയതിന്റെ ഭാരവുമായി കേരളത്തിലെത്തിയപ്പോൾ, ഇവിടെ കാണുന്നത് നന്നായി വസ്ത്രം ധരിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും വൃത്തിയുള്ളിടത്ത് താമസിക്കുകയും ചെയ്യുന്ന മലയാളികളെയാണ്. നടന്ന് കാലിൽ നീരുവന്നത് മിച്ചം. അമിതാവേശത്തോടെ വന്ന ഷാ അതിനേക്കാൾ അമിതമായ വികാരത്തോടെ മറ്റൊരു തീരുമാനമെടുത്തു. കുമ്മനത്തെ ഇരുട്ടിലാക്കി പെരുവഴിയിലിട്ട് യാത്രയിൽനിന്ന് മുങ്ങാനായിരുന്നു ആ തീരുമാനം. അടച്ചിട്ട കടകൾക്കും നിസ്സംഗരായി നിന്ന കാണികൾക്കുമിടയിലൂടെ, ആർഎസ്എസ് കൊന്നുതള്ളിയ സിപിഐ എം പ്രവർത്തകരുടെ ചിത്രങ്ങൾ നോക്കി, കാവിക്കൊടി പിടിപ്പിച്ച് അണിനിരത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കഷ്ടിമലയാളത്തിൽ സിപിഐ എമ്മിന് സിന്ദാബാദ് വിളിക്കുന്നതുപോലും സഹിച്ച് ശിഷ്ടയാത്ര നയിച്ച കുമ്മനത്തിന്റെ ദുര്യോഗത്തിന് വഴിവച്ചത് അമിത് ഷായുടെ അമിതാവേശത്തിലുള്ള ആ ബഹിഷ്‌കരണമാണ്.
വെട്ടി നിരത്തുന്നതാണ് ശീലം. 2001ൽ കെടുകാര്യസ്ഥത ആരോപിച്ച് കേശുഭായ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി പകരം പ്രിയ സുഹൃത്ത് നരേന്ദ്ര മോഡിയെ അവരോധിച്ചത് അമിത് ഷായാണ്. ഷായുടെ ബുദ്ധിയും മോഡിയുടെ ശരീരവുമാണ് പിന്നെ ഗുജറാത്ത് ഭരിച്ചത് ഇപ്പോൾ ഇന്ത്യയും. അദ്വാനിയെയും ജോഷിയെയും ജസ്വന്തിനെയും തട്ടി അരുക്കാക്കാൻ ഒരു കൈയറപ്പുമുണ്ടായില്ല ഷായ്ക്ക്. മതപരിവർത്തനം, പശു, ലൗജിഹാദ് തുടങ്ങിയ കാര്യങ്ങളിലാണ് അമിത കമ്പം. ഗുജറാത്ത് വംശഹത്യക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഷാ, അന്ന് കൂട്ടക്കശാപ്പ് നടത്തിയ കേസിൽ പ്രതിക്കുവേണ്ടി സാക്ഷിപറയാനാണ് ഇക്കഴിഞ്ഞ ദിവസം കോടതിയിൽ പോയത്. ഗുജറാത്ത് കൂട്ടക്കൊലക്കേസിലും വ്യാജ ഏറ്റുമുട്ടൽ കേസിലും ഗുജറാത്ത് സർക്കാരിനെതിരെ മൊഴികൊടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു മിതത്വവുമില്ലാതെയാണ് ഷായിൽനിന്ന് പ്രതികാര നടപടിയുണ്ടായത്. 2009ൽ അനധികൃതമായി ഒരു വനിതയെ നിരീക്ഷിക്കുന്നതിന് പൊലീസിനെ വിടുന്നതിലായിരുന്നു ഷായ്ക്ക് അമിതതാൽപ്പര്യം.
ആരും മടിക്കുന്നത് ചെയ്തുകാണിക്കുന്നതിലാണ് മിടുക്ക്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജാതിപറഞ്ഞ് പരാമർശിച്ചത് അതിനൊരുദാഹരണംമാത്രം. ഗാന്ധിജി അതീവ ബുദ്ധിമാനായ ബനിയ ആണെന്നായിരുന്നു ഷായുടെ പരാമർശം. കാലുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും ഉപജാപങ്ങളുടെയും തമ്പുരാനാണ് താനെന്ന് ജനങ്ങൾ അറിയുന്നതിൽ തെല്ലുമില്ല ഖേദം. ഉത്തർപ്രദേശിൽ വർഗീയകാലപവും ഗോവയിൽ കാലുമാറ്റവും ഗുജറാത്തിൽ എംഎൽഎമാർക്ക് പിന്നാലെയുള്ള ഓട്ടവും ആസൂത്രണംചെയ്തതും നടപ്പാക്കിയതും അമിത് ഷായാണ്. കേരളത്തിൽ ജാതിസംഘടനകളെ വിലയ്‌ക്കെടുക്കാനും പാർടികളെ അപ്പാടെ വിഴുങ്ങാനുമൊക്കെ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് കുമ്മനത്തെ മുന്നിൽനിർത്തി യാത്ര നടത്തിയത്. അതും ചീറ്റിപ്പോയിരിക്കുന്നു. അതിമോഹമാണ് പൊലിഞ്ഞത്. കേരളം വേറിട്ട നാടാണെന്ന് അമിത് ഷാ മനസ്സിലാക്കുമോ അതോ തോൽവിയുടെ ഭാരം കുമ്മനത്തിന്റെ തലയിൽ വീഴുമോ എന്ന് കണ്ടറിയണം.
0 comments