പോരാട്ടങ്ങൾക്കിടയിൽ വിവാഹം: വേദനകൾക്കിടയിൽ 58-ാം വിവാഹ വാർഷികം

മരണത്തെ നേർക്കുനേരെ നിന്ന് വെല്ലുവിളിക്കുകയായിരുന്നു വി എസ്. ആശുപത്രിക്കിടക്കയിൽ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി ഇന്ത്യൻ വിപ്ലവത്തിന്റെ അനിഷേധ്യനേതാക്കളിലൊരാൾ കനലായി ജ്വലിച്ചുനിന്നു. വെന്റിലേറ്ററിലായപ്പോഴും വിസ്മയകരമെന്ന വണ്ണം ആരോഗ്യം പതിയെ വീണ്ടെടുത്തു. നിരന്തരമായി വന്ന മെഡിക്കൽ ബുള്ളറ്റിനുകൾ തങ്ങളുടെ പ്രിയ നേതാവിനെ ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്ന എല്ലാവർക്കും ആശ്വാസമായി. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിവാഹ വാർഷികം കൂടി വന്നെത്തിയത്. വേദനകൾക്കിടയിലും അങ്ങനെ മറ്റൊരു വിവാഹ വാർഷിക ദിനം കൂടി. വി എസിന് മരണമില്ലെന്ന് ഇങ്ക്വിലാബിനൊപ്പം മുഷ്ടി ചുരുട്ടി വിളിച്ച മലയാളികൾ തങ്ങളുടെ പ്രിയനേതാവിന് മംഗളാശംസകൾ നേർന്നു. നൂറ്റിരണ്ടിലെത്തിയ വിഎസിനും ഭാര്യ കെ വസുമതിക്കും അങ്ങനെ 58-ാം വിവാഹ വാർഷികം.
'ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം..പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ... ' മകൻ വി എ അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
1967 ൽ ആലപ്പുഴ മുല്ലയ്ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചായിരുന്നു വിഎസിന്റെ വിവാഹം. അന്ന് സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. ആഭരണങ്ങളുടെ അലങ്കാരമൊ മുഹൂർത്തമോ വിവാഹസദ്യയോ ഒന്നുമുണ്ടായില്ല. വധൂവരന്മാർ പരസ്‌പരം മാലചാർത്തിയതു മാത്രമായിരുന്നു ഔപചാരികമായ ചടങ്ങ്. തികച്ചും ലളിതമായ വിവാഹം.
വിവാഹം, ഭാര്യ, കുട്ടികൾ, കുടുംബം എന്നിവയെല്ലാം പൊതുപ്രവർത്തനത്തിന് തടസങ്ങളായിരിക്കുമെന്ന് വിഎസ് കരുതയിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തെയോ കുടുംബത്തെയോപറ്റി സാധാരണ നിലയിൽ ഉണ്ടാകാവുന്ന ചിന്തകളൊന്നും വി എസിനെ അക്കാലത്ത് അലട്ടിയിരുന്നില്ല. സാധാരണ യുവാക്കൾ 25-30 വയസിനുള്ളിൽത്തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അന്ന്. എന്നാൽ വി എസ് വിവഹിതനായത് 44-ാം വയസിൽ.
വയ്യാതാകുമ്പോൾ ഒരു തുണ നല്ലതല്ലേ എന്ന് ആലോചിച്ചതാണ് കല്യാണത്തിലേക്കെത്തുന്നതിന് കാരണമായതെന്ന് വിഎസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.എൻ ശ്രീധരന്റെ പേരിലായിരുന്നു ക്ഷണക്കത്ത്. പിറ്റേന്നു നേരം പുലർന്നപ്പോൾ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വിഎസ് വണ്ടി കയറി.
'കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയിൽ കൊച്ചുതറയിൽ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18 ന് ഞായറാഴ്ച പകൽ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാൽ തദവസരത്തിൽ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താൽപര്യപ്പെടുന്നു. വിധേയൻ, എൻ ശ്രീധരൻ. ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി- ഇതായിരുന്നു ക്ഷണക്കത്ത്.
സമരമായിരുന്നു വിഎസിന്റെ ജീവിതം. മുഖ്യധാരയിൽ നിന്നും ആട്ടിയകറ്റിയവർക്കായും ഭൂമിയില്ലാതെ തെരുവിൽ കിടക്കേണ്ടി വന്നവർക്കുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു. കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തെ നെഞ്ചോടടക്കി. വിഎസ് തന്നെ അങ്ങനെ മലയാളി മനസിൽ ചരിത്രപുരുഷനായി മാറി.








0 comments