മഹാത്മാ അയ്യങ്കാളിയിൽനിന്ന് വി എസിലേക്ക്; അറിവിനും മണ്ണിനും ജലത്തിനും വേണ്ടിയുള്ള ജനകീയസമരങ്ങൾ

ayyankali vs
avatar
അശോകൻ 
ചരുവിൽ

Published on Jul 23, 2025, 07:08 PM | 2 min read

ജന്മിത്തറവാടും തോട്ടങ്ങളും വിറ്റ് നഗരത്തിൽ ചേക്കേറിയ നവബ്രാഹ്മണ്യത്തിൻ്റെ ഗൃഹാതുരസ്മൃതിയല്ല വി എസിൻ്റെ പാരിസ്ഥിതികവബോധം. അത് അദ്ദേഹം ഉൾക്കൊണ്ട പ്രത്യയശാസ്ത്രത്തിൻ്റേയും നീണ്ടകാലത്തെ സമരാനുഭവങ്ങളുടേയും പ്രകാശമാണ്. ആർത്തിപിടിച്ച മൂലധനമുതലാളിത്തത്തിൻ്റെ കൊള്ളയിൽ നിന്ന് കേരളത്തിൻ്റെ മണ്ണും ജലവും വനവും സംരക്ഷിക്കുന്നതിന് തുനിഞ്ഞിറങ്ങിയ ജനനേതാവാണ് സഖാവ് വി എസ് അച്യുതാനന്ദൻ. പ്രതിപക്ഷനേതാവായിരിക്കുമ്പോൾ നിരന്തരമായ സമരപ്രക്ഷോഭങ്ങളിലുടെയും മുഖ്യമന്ത്രിയായിരിക്കെ നിയമനിർമ്മാണങ്ങളിലൂടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കാർഷികകേരളം എക്കാലവും ഓർക്കും.


ഒരു പ്രത്യേകഘട്ടത്തിൽ പരിസ്ഥിതിവാദിയായ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലാണ് ചില മാധ്യമങ്ങൾ അദ്ദേഹത്തെ പരിശോധിച്ചു കണ്ടിട്ടുള്ളത്. വി എസിനെ "പരിസ്ഥിതി പഠിപ്പിച്ചത്" തങ്ങളാണ് എന്നവകാശപ്പെടുന്ന ചില വിദ്വാന്മാരെയും കണ്ടിട്ടുണ്ട്. എന്നാൽ മണ്ണും ജലവും സംരക്ഷിക്കുക എന്നത് വി എസ് എന്ന കമ്യൂണിസ്റ്റിൻ്റെ എക്കാലത്തേയും അടിസ്ഥാന കാഴ്ചപ്പാടായിരുന്നു.


തിരുവതാംകൂർ വയലുകളിലെ കൂലിയടിമകളെ ആത്മാഭിമാനമുള്ള കർഷകത്തൊഴിലാളികളാക്കാനുള്ള ചരിത്ര ദൗത്യമാണ് അച്ചുതാനന്ദൻ എന്ന യുവാവിനെ പി കൃഷ്ണപിള്ള ഏൽപ്പിച്ചത്. സംഘബലവും സമരവും എന്തെന്ന് അച്യുതാനന്ദൻ തൊഴിലാളികളെ പഠിപ്പിച്ചിട്ടുണ്ടാവും. പക്ഷേ അതിലേറെ അദ്ദേഹം അവരിൽ നിന്നു പഠിച്ചു. മാക്സിം ഗോർക്കിയുടെ ഭാഷയിൽ പറഞ്ഞാൽ അതായിരുന്നു വി എസിൻ്റെ യൂണിവേഴ്സിറ്റി. കുട്ടനാട്ടിലെ ചെളിവരമ്പുകളിൽ താൻ കണ്ടറിഞ്ഞ മനുഷ്യാനുഭവങ്ങളിൽ നിന്നാണ് വി എസ് എന്ന സമരസംഘാടകൻ രൂപമെടുക്കുന്നത്. ആരെങ്കിലും വി എസിനെ പരിസ്ഥിതി പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പുഷ്പവേലിൽ ഔസേപ്പിൻ്റെ വയലിൽ പണിയെടുത്തിരുന്ന ചാത്തനും ചിരുതയും കോരനും മത്തായിയും വെളുത്തയും കാളിപ്പറയനുമാണ്.


മണ്ണിൽ വിത്തുകൾ എന്ന പോലെ അറിവിൻ്റെ ഉറവകൾ പൊട്ടുന്നത് അദ്ധ്വാനത്തിലാണെന്നുള്ളത് നമ്മൾ പലപ്പോഴും മറന്നുപോകുന്നു. മെച്ചപ്പെട്ട കൂലിക്കും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയല്ലാതെ പൊതുജീവിതാവശ്യങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നടത്തി മുറിവേറ്റതിൻ്റെ ചരിത്രം കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിനുണ്ട്. വ്യവസായത്തൊഴിലാളികളുടെ തിരുവതാംകൂറിലെ ആദ്യത്തെ വലിയ പണിമുടക്ക് ഉത്തരവാദിത്വഭരണത്തിനു വേണ്ടിയായിരുന്നു. മണ്ണിൽ പണിയെടുക്കുന്നവരുടെ സമരചരിത്രം അതിനേക്കാൾ മഹത്വമേറിയതാണ്. തങ്ങളുടെ മക്കൾക്ക് ഔപചാരിക വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാൻ വേണ്ടിയാണ് ഈ മലയാളമണ്ണിൽ ആദ്യത്തെ കർഷകതൊഴിലാളി സമരം നടക്കുന്നത്. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ മഹാത്മാ അയ്യങ്കാളി പ്രഖ്യാപിച്ച സമരം രണ്ടു വർഷക്കാലം നീണ്ടു നിന്നു.


പൊതുജീവിതപ്രശ്നത്തെ അയ്യങ്കാളി തുറന്ന കർഷകത്തൊഴിലാളി പ്രക്ഷോഭത്തിൻ്റെ രണ്ടാംഘട്ടം വി എസിൻ്റെ നേതൃത്വത്തിലാണ് നടന്നത്. ഒന്നാം ഘട്ടത്തിൽ അത് ജ്ഞാനത്തിനു വേണ്ടിയായിരുന്നുവെങ്കിൽ പുതിയ ഘട്ടത്തിൽ അത് അതിനേക്കാൾ ജീവദായകമായ മണ്ണും ജലവും അന്നവും സംരക്ഷിക്കാനായിരുന്നു. വി എസിൻ്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ സ്പെഷൽ കൺവെൻഷൻ വിളിച്ചു ചേർത്ത് പ്രഖ്യാപിച്ച നെൽവയൽ സംരക്ഷണസമരം. നെൽവയലുകൾ ഭൂമിയുടെ ഹൃദയധമനികളായ നീർത്തടങ്ങൾ കൂടിയാണ് എന്ന പ്രഖ്യാപനമായിരുന്നു അത്. ഭരണവർ​ഗത്തിൻ്റെ ഭാഗമായ മാധ്യമങ്ങളും അന്നേ കേരളത്തിൽ രൂപപ്പെട്ടു തുടങ്ങിയ അരാഷ്ട്രീയ മധ്യവർ​ഗമലയാളിമനസും അന്ന് വി എസിനെ ആക്രമിച്ചു. അന്നുമുതലാണ് വലതുമാധ്യമങ്ങൾക്ക് വി എസ് "വെട്ടിനിരത്തലുകാരൻ" ആയി മാറിയത്. എത്രയെത്ര കാർട്ടൂണുകൾ. ട്രോളുകൾ. പരിഹാസകഥകൾ. വയലിൽ നിന്ന് തെങ്ങിൻ തൈയും വാഴയും കപ്പയും റബ്ബറും പറിച്ചുമാറ്റിയതിൻ്റെ "ദാരുണ കഥകൾ." ഭീകരമായ കടന്നാക്രമണമായിരുന്നു. സർ സി പിയുടെ ഇടിയൻ നാരായണപിള്ളയുടെ മുന്നിൽ താഴാത്ത ആ ശിരസ് വലതു മഞ്ഞക്കടലാസുകൾക്ക് മുന്നിൽ പതറുമെന്ന് അവർ കരുതിയോ?


അന്ന് കർഷകത്തൊഴിലാളികൾ നടത്തിയ നെൽവയൽ സംരക്ഷണസമരം കേരളത്തിൻ്റെ കാർഷികചരിത്രത്തിലെ ഒരു നവാദ്ധ്യായമായി മാറിയത് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് കാണാം. "പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്ന പാടങ്ങൾ" ഈ കേരളത്തിൽ ഇന്ന് തെല്ലെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് ആ സമരത്തിൻ്റെ ഫലമാണ്. വി എസിൻ്റെ പാരിസ്ഥിതികാന്വേഷണങ്ങളും ജലവും മണ്ണും സംരക്ഷിക്കാനുള്ള ത്യാഗോജ്ജ്വലമായ യാത്രകളും അവിടെന്ന് തുടങ്ങുന്നു. പിന്നീട് കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി രൂപപ്പെട്ട നിയമങ്ങൾ അതിൻ്റെ തുടർച്ചയാണ്.





deshabhimani section

Related News

View More
0 comments
Sort by

Home