തൊഴിലാളികളുടെ ഭാഷയും മനസും സ്വന്തമാക്കിയ വി എസ് ശൈലി


എൻ എ ബക്കർ
Published on Jul 21, 2025, 07:53 PM | 2 min read
കര്‍ഷത്തൊഴിലാളികളുമായി നിരന്തരം സംസാരിച്ച് അവരുടെ ജീവിത വർത്തമാനങ്ങളിൽ അലിഞ്ഞ് ചേർന്നാണ് കേരള രാഷ്ട്രീയത്തിലെ വി എസ് ശൈലി രൂപപ്പെടുന്നത്. സംസാര രീതിയും പ്രസംഗശൈലിയും നാടിന്റെ തനത് വഴക്കങ്ങളിലേക്ക് താനറിയാതെ മാറി. അങ്ങനെ ഹൃദയത്തിന്റെ ഭാഷയിൽ ജനങ്ങളോടടുത്ത നേതാവാണ് വി എസ്.
1940-കളിൽ ആദ്യത്തെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലുള്ള കർഷക തൊഴിലാളി പ്രസ്ഥാനത്തിന് മുന്നിൽ നിന്നു. കുട്ടനാട്ടിലെ കൈനകരിയിലെ ചെറുകാലിക്കായൽ പാടവരമ്പത്താണ് ആദ്യ യോഗം ചേര്‍ന്നത്. സര്‍ സി പിയുടെ രാജഭരണവും ക്രൂരവാഴ്ചയുമായിരുന്നു അക്കാലത്ത് പുലർന്നിരുന്നത്. കൂട്ടം ചേരാനോ യോഗം ചേരാനോ അനുമതിയുണ്ടായിരുന്നില്ല. തനി നാടൻ മനുഷ്യർ. അവർക്കിടയിലാണ് ജീവിതത്തിന്റെ ദുരിത ദുഖങ്ങൾ അവരോളം അനുഭവിച്ച് വളർന്ന വി എസ് എത്തുന്നത്. അവരുടെ താളത്തിൽ അവകാശങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്.
കിരാത ഭരണം നിലനിൽക്കുമ്പോഴും ജാനകി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അന്ന് വി എസിന് 18 വയസ്സ് തന്നെ ആയിട്ടില്ല. ആ സമ്മേളനത്തിലുണ്ടായിരുന്നവരിൽ അവസാന കണ്ണിയാണ്. ആ കുട്ടിയുടെ വർത്തമാനവും ഭാവിയും ജീവിതവും അവരായി അവരിലൂടെ വളർന്നു.
പ്രാദേശിക ഭാഷാശൈലിയെ കേരളത്തിൽ എവിടെയും പൊതുവേദികളിൽ വ്യത്യാസം വരുത്താതെ ഉപയോഗിച്ചു. അച്ചടി ഭാഷയുടെ പൊതു സ്വീകാര്യതയിലല്ല ഹൃദയത്തിന്റെ ഈണത്തിലായിരുന്നു വി എസ് സംസാരിച്ചത്. അത് അണികളുമായി എളുപ്പം ശ്രുതിപ്പെട്ടു. സംഗീതാത്മകമായ കുറുക്കലുകളും നീട്ടലുകളും സാധാരണ മനുഷ്യരുടെ വികാരത്തിന്റെ നേർ അനുഭവങ്ങൾ പ്രതിഫലിപ്പിക്കുന്നതായി. പറയുന്ന കാര്യങ്ങൾ അവരുടെ അനുഭവങ്ങളുടെ ആഴത്തിലും തീവ്രതയിലും മനസുകളിൽ പതിഞ്ഞു.
പ്രാദേശിക ഭാഷാഭേദങ്ങളെ ചലച്ചിത്രങ്ങളിൽ പോലും അവയുടെ സ്വാഭാവിക സൌന്ദര്യത്തോടെ പൊതുവായി ഉപയോഗിച്ച് തുടങ്ങുന്നത് സമീപ കാലത്താണ്. ഏത് പ്രാദേശിക ശൈലിയും പ്രയോഗങ്ങളും മനുഷ്യരോട് ഏറ്റവും എളുപ്പം സംവദിക്കാൻ ഉതകുമെന്ന് പൂർണ്ണ തോതിൽ തിരിച്ചറിഞ്ഞ് ചലച്ചിത്ര ലോകം മാറി.
തിരുവിതാംകൂർ ശൈലിയും അച്ചടി ഭാഷയുടെ മാനകീകരണവും പിന്നാലെ വള്ളുവനാടൻ ശൈലിയും മലബാർ ശൈലിയും എന്നിങ്ങനെയായിരുന്നു സിനിമാ ലോകത്തെ തുടക്കം. പ്രാദേശിക ശൈലികൾക്കും തുടക്കത്തിൽ വാർപ്പു മാതൃകകൾ ഉണ്ടായിരുന്നു. അടുത്ത കാലത്തായാണ് പ്രാദേശിക ഭേദങ്ങളിലെ തന്നെ സമ്മിശ്ര രൂപങ്ങളും ശൈലികളും പ്രയോഗങ്ങളും കലാപൂർണതയ്ക്കായി പ്രയോജനപ്പെടുത്തി തുടങ്ങുന്നത്.
കലാരംഗത്തോ ഭാഷാ ശാസ്ത്രത്തിലോ ഇത് പുതു തിരിച്ചറിവല്ല. പക്ഷെ പ്രയോഗ വൈവിധ്യങ്ങളെ പ്രായോഗികമായി ഉൾചേർക്കുന്നതിലെ വെല്ലുവിളി സിനിമാ മേഖലയ്ക്ക് എളുപ്പം ഏറ്റെടുക്കാവുന്നതായിരുന്നില്ല.
അത്തരം വെല്ലുവിളികൾക്കായി ചലച്ചിത്ര രംഗം പോലും പരുവപ്പെടുന്നതിന് എത്രയോ മുൻപ് തന്റെ വേറിട്ട ശൈലി വി എസ് രാഷ്ട്രീയ രംഗത്ത് അടയാളപ്പെടുത്തി. വി എസ് പറയുന്ന രാഷ്ട്രീയ കാര്യങ്ങളും പ്രസ്താവനകളും വി എസ് ശൈലിയിൽ തന്നെ സാധാരണ മനുഷ്യർ ഉൾക്കൊണ്ടു. അത് ഒരു പുതിയ ആശയ വിനിമയ മാതൃകയുമായി സമീകരിക്കപ്പെട്ടു. തങ്ങളുടെ ഭാഷണങ്ങളിലും ജനങ്ങൾ വിഎസ് ശൈലി കലർത്തി പ്രയോഗിച്ചു. ശൈലി കൊണ്ട് മാത്രം അത് വിഎസ് പറഞ്ഞതാണ് എന്ന് തിരിച്ചറിയാവുന്നതായി.

മാനക ഭാഷയിൽ അച്ചടി വടിവിൽ സംസാരിക്കുമ്പോൾ അണികളും പ്രാസംഗികനും തമ്മിൽ ഉണ്ടാകാവുന്ന വിടവ് വിഎസ് എളുപ്പം മറികടന്നു. അതേസമയം നാടകീയത കലരാതെയും അനുകരണത്തിന്റെ അസ്വാരസ്യം ഉണ്ടാക്കാതെയും സ്വഭാവികത സൂക്ഷിക്കയും ചെയ്തു. ഇതര സന്ദർഭങ്ങളിൽ ചിരിപടർത്താവുന്ന ശൈലി ഗഹനമായ പാർടി തത്വങ്ങൾ വിവരിക്കുമ്പോൾ പോലും കൈവിട്ടില്ല. ഇത് വി എസ് പറയുന്ന തത്വങ്ങളുടെ ഗിരിമ കുറയ്ക്കാതെ തന്നെ മനുഷ്യരോട് എളിമയോടെ സംവദിച്ചു. അവരുടെ മനസിലേക്ക് എളുപ്പം കയറി. അവരുടെ അശയവും ശൈലിയുമായി.
ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ബോധപൂർവ്വം ഉൾക്കൊണ്ടതായിരുന്നില്ല. കൌമാര പ്രായത്തിൽ തന്നെ പാർടി കാര്യങ്ങൾ തൊഴിലാളികളോടും കർഷകരോടും സംസാരിച്ച് തുടങ്ങിയതാണ്. അങ്ങിനെ രൂപപ്പെട്ട് വന്നതാണ്. വി എസ് അച്യുതാനന്ദനിലും അത് മാറ്റങ്ങൾ വരുത്തി. നീട്ടലുകളും കുറുക്കലുകളും അണികളിലേക്ക് എത്താൻ വി എസിന് എളുപ്പമാക്കി. പിന്നീട് അത് അദ്ദേഹത്തിൽ അടയാളമായി ശൈലിപ്പെട്ടു. വി എസ് എന്ന പേരിനൊപ്പം ആ ശൈലിയും ജനങ്ങൾ ഹൃദയത്തോളം ചേർത്ത് നിർത്തിയ അടുപ്പമായി.









0 comments