കലോത്സവം വൻ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വേദിയായ എം ടി നിളയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ മാത്രം 15000 പേര്‍ പങ്കെടുത്തു. തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന നിശാഗന്ധിയില്‍ നിരവധി ആസ്വാദകരെത്തി. മംഗലംകളി, പണിയനൃത്തം, മലപ്പുലയാട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ തദ്ദേശീയ നൃത്തരൂപങ്ങളാണ് നിശാഗന്ധിയിലെ വേദിയായ കബനീ നദിയില്‍ നടന്നത്. നാടകം നടക്കുന്ന ടാഗോര്‍ തിയറ്ററിലും വലിയ ആള്‍ക്കൂട്ടമെത്തുന്നുണ്ട്.
സമയത്തുതന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം ആയതിനാല്‍ ഒരുതരത്തിലും വിവേചനം അനുഭവിക്കാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അധ്യാപകര്‍ മുന്‍കൈ എടുക്കണം. ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന കലോത്സവം മികച്ചകൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം.
പാര്‍ക്കിങ്ങും ഗതാഗത നിയന്ത്രണവും സംബന്ധിച്ച് ചില ആശങ്കകള്‍ നേരത്തേയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകാനായി. വേദികളില്‍ നിന്ന് വേദികളിലേക്ക് സര്‍വീസ് നടത്താനായി 70 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സര്‍വീസ് നടത്തുന്നത്. വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിദ്യാര്‍ഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാര്‍ഥികള്‍ക്കു നഗരത്തിലെ 27 സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് 16 സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു 11 സ്‌കൂളുകളിലുമാണ് താമസം സജ്ജമാക്കിയിട്ടുള്ളത്. സമാപന സമ്മേളനം വിപുലമായ രീതിയില്‍ നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ജനപ്രതിനിധികള്‍ ചെയര്‍മാന്മാരും ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായ 19 കമ്മിറ്റികളും കലോത്സവരത്തിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്. എല്ലാ സ്‌റ്റേജിലും സ്‌റ്റേജ് മാനേജര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി, മറ്റു കമ്മിറ്റികളുടെ പ്രതിനിധികള്‍, പൊലീസുദ്യോഗസ്ഥര്‍, വോളന്റിയര്‍മാര്‍, ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ചുമതലയിലുണ്ട്.
ആദ്യദിനം മുതലേ മാധ്യമങ്ങള്‍ മേളയ്ക്കു മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇത് മാധ്യമങ്ങളുടെ കൂടി കലാമേളയാണെന്ന് മന്ത്രി പറഞ്ഞു.








0 comments