അമ്പിളിക്കലയറിഞ്ഞ് ‘പ്രകാശ് ടാക്കീസ്’

പിറന്നാൾപ്പൂക്കൾ...ഹയർ സെക്കൻഡറി നാടക മത്സരത്തിൽ പങ്കെടുക്കാനെത്തിയ പെരളശേരി എ കെ ജി സ്മാരക ഗവ. എച്ച്എസ്എസ് ടീം നടൻ ജഗതി ശ്രീകുമാറിന് പിറന്നാളാശംസ നേരാൻ പേയാട്ടെ വീട്ടിലെത്തിയപ്പോൾ. ഫോട്ടോ: പി ദിലീപ്കുമാർ
ജസ്‌ന ജയരാജ്
Published on Jan 06, 2025, 09:37 AM | 1 min read
തിരുവനന്തപുരം >
ചുവന്ന റോസാപ്പൂക്കളുമായാണ് അവരെത്തിയത്. നാടക കഥാപാത്രങ്ങളായ പ്രകാശനും പഞ്ചമിയും ഉമ്മയും രമേശനും നമ്പ്യാരുമെല്ലാം സ്വീകരണമുറിയിലെ കസേരയിൽ പ്രസന്നവദനനായി ഇരിക്കുന്ന അമ്പിളിച്ചേട്ടനെന്ന ജഗതിശ്രീകുമാറിന് ചുറ്റും നിന്നു. ഒന്നു തൊടാൻ പാകത്തിൽ അടുത്തിരിക്കുന്ന പ്രിയതാരത്തെ കണ്ടപ്പോൾ അരങ്ങിനെ തോൽപിക്കുന്ന നൂറുനൂറുഭാവങ്ങൾ അവരുടെ മുഖത്ത് മിന്നിമാഞ്ഞു. കൈയിൽ കരുതിയ റോസാപ്പൂക്കൾ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹത്തിന് കൈമാറി. ‘‘ഹാപ്പി ബർത്ത് ഡേ.... പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണിത്. നാടകം കളിക്കാൻ പോവാണ് ഞങ്ങൾ. സിനിമയെക്കുറിച്ചാണ് നാടകം. ഞങ്ങളെ അനുഗ്രഹിക്കണം’.വികാരവായ്‌പോടെ അവർ പറഞ്ഞു.
ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത ഹാസ്യസാമ്രാട്ട് അവരോട് വാത്സല്യത്തോടെ പുഞ്ചിരിച്ചു. ആ കണ്ണുകളിൽ വിങ്ങുന്ന ഓർമ്മകളുടെ തിരയിളക്കം.
കലയുടെ കൊടിപ്പടം പാറിയ ഞായറാഴ്‌ചത്തിരക്കിൽ, ജഗതി ശ്രീകുമാറിന്റെ 74-ാം പിറന്നാൾ ദിനത്തിലാണ് അദ്ദേഹത്തിന്റെ പേയാടുള്ള വീട്ടിലേക്ക്, പെരളശേരി എ കെ ജി സ്മാരക ഗവ. എച്ച്‌എസ്‌എസിന്റെ നാടകക്കൂട്ടുകാർ എത്തിയത്.അസമത്വങ്ങളുടെ അതിരുകൾ മായ്‌ച്ച സിനിമ കൊട്ടകകളുടെ കഥ പ്രമേയമാക്കിയ ‘പ്രകാശ് ടാക്കീസ്’ എന്ന നാടകമാണ് അവർ കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. തട്ടകത്തിൽ കയറും മുമ്പ് അനുഗ്രഹം വാങ്ങാനാണവർ ജഗതിയുടെ വീട്ടിലെത്തിയത്.
രജിനാസ്, ജാസിർ, ആദിത്യൻ തിരുമന എന്നിവരുടെ നാടക ചങ്ങായീസ് കൂട്ടായ്‌മയാണ് നാടകമൊരുക്കിയത്. ഗസൽ ഫാബിയോ, പി ദിയ, ബ്രിട്ടോരാഗ്, ടി പി അദ്വൈത, വസുദേവ് കൃഷ്‌ണ, നൻമ, ഋതുകൃഷ്‌ണ, ആദിത്യനാഥ്, കെ പി അനാമിക, ഇഷിത എന്നിവരാണ് അഭിനേതാക്കൾ. 2012ൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് ജഗതി ശ്രീകുമാർ. അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രം വലയുടെ പോസ്റ്ററും പിറന്നാൾദിനത്തിൽ റിലീസ് ചെയ്തു.








0 comments