രാഗമായ് നിറയുന്നുണ്ടച്ഛൻ

school kalolsavam

ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച ഹരിഹർ ദാസിന്റെ ആഹ്ലാദം

avatar
ആൻസ്‌ ട്രീസ ജോസഫ്‌

Published on Jan 07, 2025, 10:59 AM | 1 min read

തിരുവനന്തപുരം: അച്ഛന്റെ ചെക്ക്‌ ഷർട്ടും ഷൂസുമിട്ട്‌ ഹരിഹർദാസ്‌ വേദിയിലേറി. ടീമിന്റെ ഡ്രസ്‌ കോഡായ കറുത്ത പാന്റ്‌സും വെള്ള ഷർട്ടും ഒഴിവാക്കി. സ്‌റ്റേജിലേക്ക്‌ കയറുംമുമ്പ്‌ മൊബൈലിൽ അച്ഛന്റെ മുഖം നോക്കി. വൃന്ദവാദ്യസംഘത്തിനൊപ്പം ഓടക്കുഴൽ ചുണ്ടോട്ടുചേർത്തു. നെഞ്ചുരുക്കുന്ന ഓർമകളുടെ രാഗം പടർന്നു. ഫലം വന്നപ്പോൾ വേദനകളെ മായ്‌ച്ച എ ഗ്രേഡ്‌ തിളക്കം.


ശനിയാഴ്ച രാത്രി കോട്ടയത്തുണ്ടായ ബൈക്ക് അപകടത്തിലാണ് ഹരിഹർദാസിന്റെ അച്ഛനും കോട്ടയം സ്റ്റാർ വോയ്സിലെ ഗായകനുമായ അയ്യപ്പദാസ് (45) മരിച്ചത്. ഗാനമേള പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു അപകടം.


കോട്ടയം ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് എച്ച്എസിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്‌ ഹരിഹർദാസ്‌. ഞായറാഴ്ച എച്ച്എസ്എസ് ഓടക്കുഴൽ മത്സരത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത്‌ എത്തിയപ്പോഴാണ്‌ അച്ഛന്റെ വിയോഗമറിഞ്ഞത്‌. ഉടൻ കോട്ടയത്തേക്ക് തിരികെപോയി. സംസ്‌കാര ചടങ്ങുകൾക്കുശേഷം തിങ്കൾ രാവിലെ ബന്ധുവിനൊപ്പം കലോത്സവവേദിയിലേക്ക്‌.


അച്ഛനും കൂട്ടുകാർക്കും വേണ്ടിയാണ്‌ ഹരിഹർദാസ്‌ പാളയം സെന്റ്‌ ജോസഫിലെ വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുത്തത്‌. കൊടുങ്ങൂരിലെ വാടകവീട്ടിൽ അമ്മ പ്രതിഭയും സഹോദരങ്ങളായ മാധവദാസും അഗ്രിമദാസും അവന്റെയും കൂട്ടുകാരുടെയും വിജയത്തിനായി കാതോർത്തിരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home