മഞ്ഞുമലകളിൽ പ്രക്ഷോഭച്ചൂട്‌

kashmir story

മുഹമദ്‌ അബ്ബാസ്‌ 
റാത്തർ, 
സിപിഐ എം 
ജമ്മു കശ്‌മീർ 
ഘടകം സെക്രട്ടറി

avatar
എം പ്രശാന്ത്‌

Published on Apr 05, 2025, 12:00 AM | 2 min read


സീതാറാം യെച്ചൂരി നഗർ (മധുര) : ആപ്പിൾ അടക്കം പഴവർഗകൃഷിയാണ്‌ കശ്‌മീരുകാരുടെ പ്രധാന ഉപജീവനമാർഗം. യുഎസ്‌, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കേന്ദ്രസർക്കാർ ഏർപ്പെടുന്ന വ്യാപാരക്കരാറുകൾ ആപ്പിൾ കർഷകർക്ക്‌ വലിയ ദോഷമാണ്‌ ഉണ്ടാക്കുന്നത്‌. ഇതിനെതിരായി വലിയ പ്രതിഷേധത്തിന്‌ ഒരുങ്ങുകയാണ്‌ കശ്‌മീരിലെ ആപ്പിൾ കർഷകർ. ഈ പ്രക്ഷോഭത്തിന്‌ സിപിഐ എം എല്ലാ പിന്തുണയും നൽകും. പാർടിയുടെ അടിത്തറ വിപുലപ്പെടുത്തലാണ്‌ അടിയന്തര ലക്ഷ്യമെന്ന്‌ സിപിഐ എം ജമ്മു -കശ്‌മീർ ഘടകം സെക്രട്ടറി മുഹമദ്‌ അബ്ബാസ്‌ റാത്തർ ദേശാഭിമാനിയോട്‌ പറഞ്ഞു.


നിലവിൽ കുൽഗാമിൽ സംഘടന ശക്തമാണ്‌. ജമ്മു മേഖലയിലടക്കം മറ്റ്‌ ജില്ലകളിലും നല്ല സാന്നിധ്യമുണ്ട്‌. ട്രേഡ്‌യൂണിയൻ, കർഷക സംഘടനകളും വിദ്യാർഥി–- യുവജനപ്രസ്ഥാനങ്ങളും സജീവമാണ്‌. ജമ്മു -കശ്‌മീരിന്റെ വികസനമില്ലായ്‌മയ്‌ക്ക്‌ കാരണം പ്രത്യേക പദവിയാണെന്നും അത്‌ ഇല്ലാതാകുന്നതോടെ വലിയ പുരോഗതി ഉണ്ടാകുമെന്നുമാണ്‌ അമിത്‌ ഷായും കേന്ദ്രവും അവകാശപ്പെട്ടത്‌. എന്നാൽ, പ്രത്യേകപദവി ഇല്ലാതായി വർഷങ്ങൾ പിന്നിടുമ്പോഴും ഒരു വികസനവും എത്തിയിട്ടില്ല. തൊഴിലില്ലായ്‌മ അതിരൂക്ഷമാണ്‌. 4000 പൊലീസ്‌ കോൺസ്റ്റബിൾ തസ്‌തികയിലേക്ക്‌ അപേക്ഷിച്ചത്‌ അഞ്ചുലക്ഷത്തോളം പേരാണ്‌. ആരോഗ്യ–- വിദ്യാഭ്യാസ മേഖലയും തകർന്നു.


ജമ്മു കശ്‌മീരിലെ ഭൂമി വൻകിട കുത്തകകൾക്ക്‌ തീറെഴുതുക എന്ന ലക്ഷ്യവും പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നിലുണ്ട്‌. ഏത്‌ ഇന്ത്യക്കാർക്കും കശ്‌മീരിൽ ഭൂമി വാങ്ങാമെന്നാണ്‌ സംഘപരിവാർ പ്രചാരണം. ഇന്ത്യയിലെ ഏത്‌ സാധാരണക്കാരനാണ്‌ കശ്‌മീരിൽ ഭൂമി വാങ്ങുക. അംബാനിക്കും അദാനിക്കുമൊക്കെയാണ്‌ താൽപ്പര്യം. ലങ്കൻ ക്രിക്കറ്റ്‌ താരം മുരളീധരൻ ഭൂമി വാങ്ങാൻ ശ്രമിച്ചത്‌ വിവാദമായിരുന്നുവെന്ന്‌ മധുര പാർടി കോൺഗ്രസിൽ പ്രതിനിധിയായെത്തിയ റാത്തർ ഓർമിപ്പിച്ചു.


മഴവിൽസഖ്യം

ജമ്മു കശ്‌മീരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനെ വീഴ്‌ത്താൻ വിചിത്രമായ മഴവിൽസഖ്യം രൂപപ്പെട്ടു. തീവ്രഹിന്ദുത്വ നിലപാട്‌ ഉയർത്തുന്ന ബിജെപിയും തീവ്രഇസ്ലാമിക നിലപാട്‌ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയും സിപിഐ എം സ്ഥാനാർഥി മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ തോൽപ്പിക്കുന്നതിനായി കൈകോർത്തു. എന്നാൽ, കുൽഗാമുകാർ തരിഗാമിയെ തുടർച്ചയായ അഞ്ചാം വട്ടവും നിയസഭയിലേക്കയച്ചു. കുൽഗാമിൽ തരിഗാമിയെ വീഴ്‌ത്തി ഇടതുപക്ഷത്തെ ഇല്ലാതാക്കാനായിരുന്നു സംഘപരിവാറിന്റെയും ജമാത്തെ ഇസ്ലാമിയുടെയും ഐക്യനീക്കമെന്ന്‌ റാത്തർ പറഞ്ഞു. കശ്‌മീരിലെ എല്ലാ തീവ്രസംഘടനകളെയും സംഘപരിവാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായിച്ചു. നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, അത്‌ പാളി. ജമ്മു -കശ്‌മീരിൽ മതനിരപേക്ഷ ചേരിയെ ബലപ്പെടുത്തുന്നതിൽ സിപിഐ എം നിർണായക പങ്ക്‌ വഹിക്കുന്നുണ്ടെന്നും റാത്തർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home