ഇടതുപക്ഷസ്വാധീനം വർധിക്കുന്നു: എം എ ബേബി

എൻ ശങ്കരയ്യ നഗർ (മധുര): ലോകത്താകെ ഇടതുപക്ഷ ആശയത്തിന് കൂടുതൽ സ്വാധീനം ലഭിക്കുന്ന കാലഘട്ടമാണ് ഇതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. 24–-ാം പാർടി കോൺഗ്രസിന്റെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പുതുതായി തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി. ലാറ്റിനമേരിക്ക, യൂറോപ്പ് അടക്കം പല മേഖലകളിലും ഇത് കാണാം. 25 ശതമാനം വരുന്ന ജനങ്ങൾ സോഷ്യലിസ്റ്റ് ഭരണണത്തിൻ കീഴിലോ അതിലേക്ക് അടുക്കുന്നവരോ ആണ്. ശ്രീലങ്കയിൽ സർക്കാർ നയിക്കുന്നത് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർടിയായ ജനത വിമുക്തി പെരമുനയാണ്. നേപ്പാളിലും ഇടതുപക്ഷമാണ്.
ബംഗാളിലും ത്രിപുരയിലുമടക്കം കടുത്ത പോരാട്ടം തുടരുകയാണ്. കേരളത്തിൽ കേന്ദ്രമുണ്ടാക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളും വികസനങ്ങളും നടത്തി തുടർഭരണത്തിലൂടെ റെക്കോഡ് ഇടുകയാണ്. കീഴ്‌വെൺമണിയുടെ സമരപാരമ്പര്യം നെഞ്ചേറ്റുന്ന തമിഴ്‌നാടിന്റെ മണ്ണ് വർഗസമരത്തിന്റെയും ജാതിവിരുദ്ധ സമരത്തിന്റെയും ഭാഗമാണ്. ചെങ്കൊടിയുടെ കീഴിലാണ് അവർ സമരം ചെയ്തത്. ആ ചെങ്കൊടി ഇന്ത്യയിലാകെ പടർത്തണം എന്ന തീരുമാനമാണ് പാർടി കോൺഗ്രസ് എടുത്തിട്ടുള്ളത്.
ക്ഷമയോടെ ജനങ്ങളെ കേൾക്കാനും അവരിലേക്ക് ഇറങ്ങാനുമാണ് പാർടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. പാർടിയും ഇടതുപക്ഷവും രാജ്യത്താകെ പരമാവധി ശക്തിസംഭരിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും എം എ ബേബി പറഞ്ഞു.











0 comments