print edition രണസ്മരണകളിൽ നാളെ ചെങ്കൊടി ഉയരും

ആലപ്പുഴ: പിറന്ന നാടിന്റെ വിമോചനത്തിനായി രക്തംകൊണ്ട് ചരിത്രമെഴുതിയ പുന്നപ്ര–വയലാർ വാരാചണ പരിപാടികൾ 20 മുതൽ 27 വരെ നടക്കും. സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്റെ ചരമവാർഷികദിനമായ ചൊവ്വാഴ്ച പതാകദിനമായി ആചരിക്കും. രാവിലെ വിവിധ കേന്ദ്രങ്ങളിലും പ്രധാന ജങ്ഷനുകളിലും സിപിഐ എം, സിപിഐ പ്രവർത്തകരും വിവിധ വർഗ ബഹുജന സംഘടനാ പ്രവർത്തകരും പാർടി ബന്ധുക്കളും പൊതുജനങ്ങളും ചേർന്ന് പതാകയുയർത്തും. വാർഷിക വാരാചരണത്തിന് തുടക്കംകുറിച്ച് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിലും സമരപോരാളികൾ വെടിയേറ്റുവീണ പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപനടയിലും മാരാരിക്കുളത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലും ചെങ്കൊടി ഉയരും.
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാകകൾ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിൽനിന്നും ആലപ്പുഴ ബീച്ച് വാർഡിൽ രക്തസാക്ഷി കാക്കിരിയിൽ കരുണാകരന്റെ വസതിയിൽനിന്നും എത്തിക്കും. തുടർന്ന് ചുടുകാട്ടിൽ വിപ്ലവഗായിക പി കെ മേദിനി രക്തപതാക ഉയർത്തും. സി എച്ച് അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ് എംഎൽഎ അനുസ്മരിക്കും.
സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപ നടയിൽ ഉയർത്താനുള്ള പതാക വൈകിട്ട് നാലിന് സിപിഐ എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന തോട്ടപ്പള്ളി മണ്ണുമ്പുറം ഉന്നതിയിലെ പുതുവൽ സി മണിയന്റെ വീട്ടിൽനിന്നും സമരഭൂമിയിൽ സ്ഥാപിക്കാനുള്ള കൊടിമരം പുന്നപ്ര–വയലാർ സമരസേനാനി പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പതിമൂന്നിൽ തങ്കപ്പന്റെ വീട്ടിൽനിന്നും സമരഭൂമിയിൽ എത്തിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഇരു ജാഥകളും വൈകിട്ട് 5.30ന് സമരഭൂമിയിൽ എത്തും. തുടർന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാക ഉയർത്തും. സി എച്ച് അനുസ്മരണത്തിൽ സി ഷാംജി, ഇ കെ ജയൻ എന്നിവർ സംസാരിക്കും. 6.30ന് ‘ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വിദ്യാർഥികൾക്കുള്ള പങ്ക്, ജന്തർ മന്തറിൽ ഉയരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ’ എന്ന വിഷയങ്ങളിൽ നടത്തുന്ന സെമിനാർ എസ്എഫ്ഐ മുൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യും.
മാരാരിക്കുളത്തെ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽനിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽനിന്നും ബാനർ മാരാരിക്കുളത്തുനിന്നും എത്തിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. സി എച്ച് അനുസ്മരണം ആർ നാസർ ഉദ്ഘാടനം ചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും.









0 comments