കാമ്പസുകളിലെല്ലാം എസ്എഫ്ഐ
print edition ആധികാരികം, സമ്പൂർണം

തിരുവനന്തപുരം: ജനാധിപത്യ അവകാശങ്ങളില്ലാതാക്കാനും സർവകലാശാലകൾ സംഘപരിവാറിന് അടിയറവയ്ക്കാനുമുള്ള ശ്രമങ്ങൾക്കെതിരായി പോർമുഖം തുറന്ന എസ്എഫ്ഐക്ക് കേരളത്തിലെ കാന്പസുകളിൽ യുവത സമ്മാനിച്ചത് ആധികാരിക വിജയം. രാജ്യത്തെ പ്രക്ഷോഭവേദികളിലെന്നപോലെ കോളേജ് കാമ്പസുകൾ മുതൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുവരെ വിദ്യാർഥികൾ ഹൃദയത്തിലേറ്റിയത് എസ്എഫ്ഐയെ. യുഡിഎഫ് സർക്കാരിന്റെ പിന്തുണയിൽ പൊലീസിനെ കയറൂരിവിട്ട് അതിക്രമങ്ങൾ തുടരുന്പോഴാണ് അനീതികൾക്കെതിരെ വിദ്യാർഥികൾ എസ്എഫ്ഐക്കൊപ്പം നിൽക്കുന്നത്.
തെരഞ്ഞെടുപ്പുകളിൽ കെഎസ്യു–എംഎസ്എഫ് കൂട്ടുകെട്ടിനും എബിവിപിക്കും കനത്ത പരാജയമാണേറ്റത്. സർവകലാശാലകളിൽ സംഘപരിവാറുകാരെ വൈസ് ചാൻസലർമാരായി നിയമിച്ചതിനും സിൻഡിക്കറ്റിലുൾപ്പെടെയുള്ള യുഡിഎഫ്–ബിജെപി വീതംവയ്പ്പിനെതിരെയുമുള്ള വിദ്യാർഥികളുടെ രോഷംകൂടിയാണ് പ്രകടമായത്.
കലിക്കറ്റ് സർവകലാശാലയിൽ കെഎസ്യു–എംഎസ്എഫ് കുത്തകയായിരുന്ന കോളേജുകളടക്കം എസ്എഫ്ഐ പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിൽ 48ൽ 30 കോളേജും ജയിച്ചു. 14 ഇടത്ത് എല്ലാസീറ്റും പിടിച്ചു. മലപ്പുറത്ത് 30 കോളേജിലാണ് വന്പൻ വിജയം. യുഡിഎസ്എഫ് മാത്രം ജയിച്ചിട്ടുള്ള കുറ്റിപ്പുറം എംഇഎസിൽ ആദ്യമായി വിധി തിരുത്തിയെഴുതി. തൃശൂരിലും വയനാട്ടിലും പാലക്കാട്ടും ആധികാരികവിജയം. കണ്ണൂർ സർവകലാശാലയിൽ തുടർച്ചയായ 27–ാം തവണയും യൂണിയൻ നേടി. യൂത്ത് ലീഗിന്റെ പിന്തുണയിലുണ്ടായ കടന്നാക്രമണങ്ങളെ അതിജീവിച്ചാണ് 77 കോളേജിൽ 53ലും ജയിച്ചത്. എംജിയിൽ 116 കോളേജുകളിൽ 96 ഉം നേടി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 49 കോളേജുകളിൽ എതിരില്ല. കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്ന 71 കോളേജിൽ 62ലും വിജയം. ആലപ്പുഴയിൽ സമ്പൂർണ വിജയം.
ആരോഗ്യസർവകലാശാലയിലെ കോളേജുകളിൽ വൻ മുന്നേറ്റം. പരിയാരം മെഡിക്കൽ കോളേജ് യുഡിഎസ്എഫിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 വർഷത്തിനുശേഷം ചരിത്രവിജയം. സാങ്കേതികസർവകലാശാലയിൽ (കെടിയു) അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 38 എൻജിനിയറിങ് കോളേജിൽ 34ലും ജയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ സമ്പൂർണ വിജയം. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് മൂന്നുവർഷത്തിനുശേഷം കെഎസ്യുവിൽനിന്ന് തിരിച്ചുപിടിച്ചു.
പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിലും ഉജ്വല വിജയമാണുണ്ടായത്. 56ൽ 46ലും ജയം. ഒമ്പത് ജില്ലയിൽ സന്പൂർണവിജയം. പത്തനംതിട്ട വെണ്ണിക്കുളം പോളി കെഎസ്യു– എബിവിപി സഖ്യത്തിൽനിന്ന് പിടിച്ചെടുത്തു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും മികച്ച നേട്ടം. 699 സ്കൂളുകളിൽ 604 ഇടത്തും വിജയക്കൊടി പാറിച്ചു. 148 സ്കൂളുകളിൽ എതിരില്ല. ഐടിഐ തെരഞ്ഞെടുപ്പിൽ 103ൽ 88ഉം എസ്എഫ്ഐ ജയിച്ചു.









0 comments