ആർഡിസി പറയും മാവിലായിക്കഥ

ആർഡിസി മാവിലായി കെട്ടിടം കീഴറ
ഇ പ്രഭാകരൻ
Published on Oct 19, 2026, 02:00 AM | 1 min read
എടക്കാട്
ഒരു നാടിന്റെ വികസന പ്രവർത്തനത്തിന് ഉയിരേകിയ മാവിലായി ആർഡിസി നാലരപ്പതിറ്റാണ്ടിനിപ്പുറം സർവതലസ്പർശിയായ പ്രവർത്തനങ്ങളുമായി നാടിന്റെ അഭിമാനസ്തംഭമായി തലയുയർത്തിനിൽക്കുന്നു. നഴ്സറി സ്കൂൾ, നൃത്ത സംഗീത വിദ്യാലയം, കരാട്ടെ പരിശീലന കേന്ദ്രം, തൊഴിൽ പരിശീലന കളരി, ബോധവൽക്കരണ ക്യാമ്പുകൾ, വയോജന സംഗമങ്ങൾ.. അങ്ങിനെ ആർഡിസിയുടെ പ്രവർത്തനമേഖലയുടെ പട്ടിക നീളും. 200ൽപ്പരം കുട്ടികൾ ഇവിടെ പരിശീലനംതേടുന്നു. 1982 ഏപ്രിൽ 4ന് മാവിലായിയിലെ വികസനതൽപ്പരരായ ഒരു കൂട്ടം പേർ കീഴറയിലെകണ്ടോത്ത് ഹമീദിന്റെ വീട്ടിൽ ഒത്തുചേർന്നു. മുൻ പെരളശേരി പഞ്ചായത്ത് പ്രസിഡന്റും സഹകരണ യൂണിയൻ ചെയർമാനുമായിരുന്ന വി കെ രാഘവന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നാടിന്റെ വിദ്യാഭ്യാസ കലാകായിക സാംസ്കാരിക മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യം. തുടർന്ന് റൂറൽ ഡവലപ്പ്മെന്റ് സെന്റർ മാവിലായി എന്ന ആർഡിസി പിറവിയെടുത്തു. വിശദപദ്ധതിയും ഭരണഘടനയും തയ്യാറാക്കുന്നതിന് വി പി പവിത്രൻ കൺവീനറായി അഞ്ചംഗസമിതിയെ തെരഞ്ഞെടുത്തു.45 വർഷങ്ങൾക്കിപ്പുറം അവരുടെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ആർഡിസിയുടെ പുതിയ ഭാരവാഹികളും നാട്ടുകാരും. 23.5 സെന്റ് സ്ഥലത്ത് ഒരുക്കിയ വോളിബോൾ കോർട്ടിലെ ജില്ലാ വോളിബോൾ മത്സരങ്ങളും കബഡി മത്സരങ്ങളും ആർഡിസിയുടെ പെരുമ വിളിച്ചോതുന്നു. നഴ്സറി സ്കൂൾ ആരംഭിച്ച് വിദ്യാഭ്യാസമേഖലയിലും പ്രവർത്തനമാരംഭിച്ചു. മഹിളാസമാജം, ബാലവാടി , നാടകക്കളരികൾ എന്നിവയെല്ലാം ആരംഭിച്ചു. നൃത്തസംഗീത പരിശീലനത്തിനൊപ്പം ചിത്രരചനയും ഉപകരണ സംഗീതവും ഇവിടെ പരിശീലിപ്പിക്കുന്നു. 200 വീടുകളിൽ ചെലവ് കുറഞ്ഞ കക്കൂസുകൾ നിർമിച്ചുനൽകി. വനിതാ തൊഴിൽ പരിശീലന ക്യാമ്പുകൾ, കുട്ടികൾക്കും വനിതകൾക്കും വയോജനങ്ങൾക്കും ബോധവൽക്കരണംതുടങ്ങിയവയും സംഘടിപ്പിക്കുന്നു. വി പി പവിത്രൻ പ്രസിഡന്റും ആർ കെ വിജേഷ് സെക്രട്ടറിയുമായി എക്സിക്യൂട്ടീവ് സമിതിക്കാണ് ഭരണനിർവഹണ ചുമതല.









0 comments