Deshabhimani

print edition വഖഫ്‌ ബോർഡ്‌ പുനഃസംഘടന
മര്യാദകേട്‌

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 19, 2026, 01:30 AM | 2 min read

അധികാരത്തിന്റെ ഹുങ്കിൽ നിയമവും ചട്ടവും കീഴ്‌വഴക്കവും വീണ്ടും അട്ടിമറിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. നിയമസഭയിലെ ഭൂരിപക്ഷം എന്തിനുമുള്ള ലൈസൻസാണെന്നാണ്‌ വി ഡി സതീശനും കൂട്ടാളികളും ധരിച്ചുവച്ചിരിക്കുന്നത്‌. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്‌ കേരള വഖഫ്‌ ബോർഡ്‌ പുനഃസംഘടന. ഇതിലൂടെ യുഡിഎഫ്‌ സർക്കാർ ലക്ഷ്യംവയ്‌ക്കുന്നത്‌ പലതാണ്‌. ഇരു വർഗീയതയെയും ഒരുപോലെ പ്രീതിപ്പെടുത്തുക, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സമൂഹത്തിന്റെ മുഖ്യധാരയിലുള്ള പ്രമുഖ മുസ്ലിംസംഘടനകളെ തഴയുക എന്നിവയാണ്‌ ഇത്‌. മറ്റെല്ലാ സർക്കാരുകളും ഇതുവരെ പുലർത്തിയ സാമുദായിക സന്തുലിതാവസ്ഥ ഇതിനായി ഇല്ലാതാക്കി.


നിലനിന്ന ഭരണസമിതിയുടെ ബോർഡിന്റെ കാലാവധി നാലുവർഷം ബാക്കിനിൽക്കെയാണ്‌ എം സി മായിൻഹാജിയെ ചെയർമാനാക്കി വഖഫ്‌ ബോർഡ്‌ പുനഃസംഘടിപ്പിച്ചത്‌. യുഡിഎഫ്‌ അധികാരമേറ്റ നാൾമുതൽ ഇതിനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ നിലവിലുണ്ടായിരുന്ന ബോർഡ്‌ കോടതിയെ സമീപിച്ചതിനാൽ അത്‌ നടപ്പാക്കാനായില്ല. ഇപ്പോൾ ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച്‌ ബോർഡ്‌ പിരിച്ചുവിടുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇതിനെതിരെയും ബോർഡ്‌ ചെയർമാനായിരുന്ന കെ എസ്‌ ഹംസ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. അന്തിമ തീരുമാനം ഹർജി തീർപ്പാക്കിയ ശേഷമാകുമെന്ന്‌ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുന്പോൾ യുഡിഎഫ്‌ നിയമിച്ച ചെയർമാനും ബോർഡുമായിരുന്നു ഉണ്ടായിരുന്നത്‌. പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങളായിരുന്നു ചെയർമാൻ. ആ ബോർഡിനെ കാലാവധി തീരുംവരെ തുടരാനാണ്‌ എൽഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌.


​ജമാഅത്തെ ഇസ്ലാമി പ്രതിനിധിക്ക്‌ ബോർഡിൽ അംഗത്വം നൽകിയത്‌ വലിയ വിമർശത്തിനിടയാക്കിയിട്ടുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎ-ഫിന്‌ നൽകിയ പിന്തുണയ്‌ക്കുള്ള പ്രത്യുപകാരമാണ്‌ ജമാഅത്തെ ഇസ്ലാമിക്ക്‌ പ്രാതിനിധ്യം. കേരളത്തിൽ ഏറ്റവും സ്വാധീനമുള്ള സുന്നി സംഘടനകളെ പൂർണമായും തഴയുകയും ചെയ്‌തു. ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിച്ചെടുക്കാനുള്ള പണി മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോൾ വഖഫ്‌ ബോർഡിൽ അംഗമാക്കിയ വ്യക്തിയാകട്ടെ ഇ കെ വിഭാഗം സമസ്‌ത പുറത്താക്കിയയാളും. ഇതിനു പിന്നിൽ ലീഗിന്റെ സങ്കുചിത അജൻഡയാണ്‌. ഒരു കാലത്ത്‌ ലീഗിനു പിന്നിൽ പാറപോലെ ഉറച്ചുനിന്ന സംഘടനയാണ്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം). കുറച്ച്‌ വർഷമായി സ്വതന്ത്ര നിലപാടാണ്‌ പല വിഷയങ്ങളിലും ഇ‍ൗ സംഘടന സ്വീകരിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാർ രൂപീകരിച്ച വഖഫ്‌ ബോർഡിൽ അവർക്ക്‌ പ്രാതിനിധ്യവും നൽകി.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തിനും പുതിയ ബോർഡിൽ പ്രാതിനിധ്യമില്ല. തങ്ങളെ ഉറപ്പായും പരിഗണിക്കുമെന്ന്‌ ഉറപ്പ്‌ നൽകിയ മുഖ്യമന്ത്രി വഞ്ചിച്ചെന്ന്‌ ആ സംഘടന പരസ്യമായി പ്രതികരിച്ചുകഴിഞ്ഞു. കേരളത്തിൽ കൂടുതൽ വഖഫ്‌ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്‌ ഇ‍ൗ സുന്നി സംഘടനകളാണെന്നും ഓർക്കണം. ഇസ്‌ലാമിക നിയമപ്രകാരം ഇഷ്‌ടദാനം ചെയ്യുന്ന സ്വത്തുക്കളാണ്‌ വഖഫ്‌. ഇവയുടെ സംരക്ഷണം, നടത്തിപ്പ്‌ എന്നിവയാണ്‌ വഖഫ്‌ ബോർഡിന്റെ ചുമതല. കോടികൾ വിലമതിക്കുന്ന വഖഫ്‌ സ്വത്തുക്കൾ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ സത്യസന്ധരും സുതാര്യതയുള്ളവരുമാകണം. എന്നാൽ യുഡിഎഫ്‌ സർക്കാർ നിയമിച്ച ബോർഡ്‌ ചെയർമാൻ വഖഫ്‌ ഭൂമി കൈകാര്യം ചെയ്‌തതിൽ ഒട്ടേറെ ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്‌. കോടികളുടെ വഖഫ്‌ സ്വത്തുക്കൾ യുഡിഎഫ്‌ ഭരണകാലത്ത്‌ അന്യാധീനപ്പെട്ടിരുന്നു. ലീഗ്‌ സംഘടനകളടക്കം കൈയേറുകയും ചെയ്‌തു.


​ഒരു ഭാഗത്ത്‌ ജമാഅത്തെ ഇസ്ലാമിയെ ബോർഡിൽ കുടിയിരുത്തിയ സർക്കാർ മറുവശത്ത്‌ വഖഫിൽ ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ കീഴടങ്ങുന്നതും കാണണം. ബോർഡിൽ രണ്ട്‌ അമുസ്ലിം അംഗങ്ങൾ വേണമെന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ട്‌. ഇതിനെതിരെ സുപ്രീംകോടതിയിൽ നിരവധി ഹർജികളാണുള്ളത്‌. എന്നാൽ കേരള വഖഫ്‌ ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ അനുകൂലമായ റിപ്പോർട്ടാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌.

കേരള വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങൾ ഇല്ലാത്തതിനെ ചോദ്യംചെയ്ത് ബിജെപി നേതാവ്‌ നൽകിയ ഹർജിയിൽ അഡ്വക്കറ്റ്‌ ജനറൽ ഹൈക്കോടതിയിലും കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സുപ്രീംകോടതിയിലും ആ വാദത്തിനൊപ്പം നിന്നു. നിലവിലെ പുനഃസംഘടനയിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയില്ലെങ്കിലും കോടതികളിൽ സംസ്ഥാന സർക്കാരിന്റെ ഇ‍ൗ നിലപാട്‌ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്‌. അമുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച്‌ പുതിയ ചെയർമാന്റെ അഭിപ്രായപ്രകടനങ്ങളും അതീവഗ‍ൗരവമുള്ളതാണ്‌. ആർഎസ്‌എസിനെയും ജമാഅത്തെ ഇസ്ലാമിയെയും തരം കിട്ടുന്പോഴെല്ലാം പുണരുന്ന യുഡിഎഫ്‌ നിലപാട്‌ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന്‌ നിരക്കുന്നതല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home