print edition യുഡിഎഫിന്റേത് ഇരട്ടത്താപ്പ്: അന്ന് എതിർത്തു; ഇന്ന് ‘തിരുപ്പതി മോഡൽ’ പഥ്യം

ആർ രാജേഷ്
Published on Oct 19, 2026, 01:30 AM | 1 min read
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനകാലം കഴിഞ്ഞാലുടൻ ശബരിമലയെ തിരുപ്പതി മോഡലാക്കാനുള്ള പ്രവൃത്തിയിലേക്ക് കടക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വെളിവാക്കുന്നത് യുഡിഎഫിന്റെ ഇരട്ടത്താപ്പ്. 2016ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശബരിമല വികസനം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും എട്ടുമന്ത്രിമാരും ശബരിമല സന്ദർശിച്ചപ്പോൾ പങ്കുവച്ചതായിരുന്നു ‘തിരുപ്പതി മോഡൽ’ നിർദേശം.
അന്ന് വാർത്താസമ്മേളനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ഇതിനെ പരസ്യമായാണ് എതിർത്തത്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും അതിനാൽ പരിഷ്കരണം ഇവിടെ പറ്റില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ വാദം പിന്നീട് യുഡിഎഫ് ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. തിരുപ്പതി മോഡൽ ഇന്ന് ‘പൊടിതട്ടി’യെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചപ്പോൾ യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരെല്ലാം മൂകസാക്ഷിയാകുന്നതാണ് കണ്ടത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും തിരുപ്പതിയിലെ ആചാരവും രണ്ടുരീതിയിലാണെന്ന് ചൂണ്ടിക്കാട്ടുന്നു. 41 ദിവസം വ്രതമെടുത്ത് പതിനെട്ടുപടികൾ കടന്ന് നെയ്യഭിഷേകവും നടത്തിയാണ് തീർഥാടകർ ശബരിമലയിറങ്ങുന്നത്. പടിപൂജ ശബരിമലയിൽ പ്രധാന വഴിപാടാണ്. ഇൗ രീതിയിലുള്ള പൂജാരീതികളല്ല തിരുപ്പതിയിലേത്. മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസികൾക്കിടയിൽ കടുത്ത ആശങ്കയുണർത്തുന്നു.
ശബരിമലയെ രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമാക്കുകയാണ് ലക്ഷ്യമെങ്കിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ തുടങ്ങിവച്ച പദ്ധതികൾ ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ അഭിപ്രായപ്പെട്ടു. ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കുക, പ്രളയസാഹചര്യത്തിൽ തീർഥാടകർക്കും മറ്റും പമ്പാനദികടന്നു മാറുകരയിലെത്താൻ പമ്പയിൽ പുതിയ പാലം നിർമിക്കുക, കാലോചിതമായ വികസനത്തിന് നിലയ്ക്കലും പമ്പയിലും ആവശ്യത്തിന് വനഭൂമി അനുവദിക്കുക, പമ്പയിലെ നിർദ്ദിഷ്ട റോപ്പ് വേ അടിയന്തരമായി പൂർത്തീകരിക്കുക തുടങ്ങിയവ അതിൽ പ്രധാനമാണെന്ന് കോൺഫെഡറേഷൻ പ്രസിഡന്റ് ആർ ഷാജിശർമയും ജനറൽ സെക്രട്ടറി ആനയറ ചന്ദ്രനും പറഞ്ഞു.









0 comments