സി പി ഐ എം 24- ാം പാർടി കോൺഗ്രസ്
ജാതി സെൻസസ് നടത്തണം; ജനസംഖ്യാ കണക്കെടുപ്പുകൾ അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമത്തെ അപലപിച്ച് പാർടി കോൺഗ്രസ്

മധുര: രാജ്യത്തിന്റെ വികസന കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ അടിസ്ഥാന മാനദണ്ഡങ്ങളിൽ വരുന്നതും പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമന പദ്ധതികൾ നടപ്പാക്കുന്നതിൽ നിർണായകവുമായ ദേശീയ സെൻസസ് നടപ്പാക്കാതെ തുടരുന്ന കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സി പി ഐ എം പാർടി കോൺഗ്രസ്. ജാതിസെൻസസ് നടപ്പാക്കണമെന്ന് പാർടി കോൺഗ്രസ് ആവശ്യപ്പെട്ടു.
പത്തുവർഷം കൂടുമ്പോൾ സെൻസസ് എടുക്കാറുള്ളതാണ്. ഇത് പ്രകാരം 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഇതുവരെയും നടത്താത്തതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 24-ാമത് പാർടി കോൺഗ്രസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
2020 ൽ തന്നെ ആരംഭിക്കേണ്ടിയിരുന്ന 2021 ലെ സെൻസസ് അനിശ്ചിതമായി വൈകിക്കയാണ്. ഇതിനായുള്ള അതിർത്തി നിർണയം പോലും അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ്. കോവിഡിന് ശേഷം മാത്രമേ സെൻസസ് പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്. എന്നാൽ നാല് വർഷത്തിന് ശേഷവും സെൻസസ് നടക്കുന്നതിന്റെ ഒരുക്കങ്ങളില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ പത്ത് വർഷത്തിലൊരിക്കൽ സെൻസസ് മുടങ്ങാതെ നടത്തിവന്നിരുന്നചാണ്. 1941 ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് പോലും ഇത് പാലിച്ചു.
ജനസംഖ്യാ കണക്ക് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലെ ഗാർഹിക ഡാറ്റ, കൃഷി ചെയ്യുന്ന വിഭാഗങ്ങൾ, കർഷക തൊഴിലാളികൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഡാറ്റയും സെൻസസ് വഴി ലഭിക്കുന്നതാണ്. നഗര-ഗ്രാമീണ ജനസംഖ്യ, ഭാഷാടിസ്ഥാനത്തിൽ സംസാരിക്കുന്ന ഗ്രൂപ്പുകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റ എന്നിവയും ഇത് നൽകുന്നു. ഇത് വികസനത്തിനും ചൂഷണത്തിന് എതിരായതുമായ ഡാറ്റയാണ്.
പൊതു സെൻസസിൽ എണ്ണപ്പെടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കൂടാതെ, മറ്റ് പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റയും ഇപ്പോൾ ലഭ്യമല്ല. മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ, സിപിഐ എമ്മിന്റെ 24-ാം കോൺഗ്രസ് ജാതി സെൻസസ് എന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു.
ജാതിയും അധിഷ്ഠിതമായി സാമൂഹിക-സാമ്പത്തിക അന്തരം മനസ്സിലാക്കുന്നതിനും ഇതിൽ ഭരണവർഗ ഇടപെടൽ തിരിച്ചറിയുന്നതിനും ഈ ഡാറ്റ ആവശ്യമാണ്. വിദ്യാഭ്യാസ വികസനത്തിനും ഈ മേഖലയിലെ ഭരണവർഗ ആഘാതം വിലയിരുത്തുന്നതിനും ജാതി സെൻസസ് സഹായിക്കും. വിഭവങ്ങളും അവസരങ്ങളും ഇപ്പോഴും നിഷേധിക്കപ്പെടുന്ന എസ്‌സി, എസ്ടി, ഒബിസി ജാതി വിഭാഗങ്ങളുടെ യാഥാർത്ഥ്യം ജാതി സെൻസസിലൂടെ പുറത്തുവരും. ഭരണവർഗങ്ങളുടെ പാപ്പരത്ത നയങ്ങളും സാമൂഹിക നീതി സാക്ഷാത്കരിക്കുന്നതിൽ അവർ പരാജയപ്പെട്ടതും തുറന്നുകാട്ടപ്പെടും എന്നും രേഖ ചൂണ്ടികാട്ടുന്നു.
സെൻസസ് നടത്താതിരിക്കുന്നതിലൂടെ, ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കുള്ള മൂന്നിലൊന്ന് സംവരണം വിദൂര ഭാവിയിലേക്ക് തള്ളിവിടപ്പെട്ട സാഹചര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞത് 2029 ൽ എങ്കിലും ഇത് നടപ്പാകാത്ത സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പൊതുവേ ശാസ്ത്രീയ അടിസ്ഥാനത്തിൽ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ സർവേകളോടുള്ള അവജ്ഞ കാരണം സർക്കാർ സെൻസസ് നടത്താൻ താത്പര്യം കാണിക്കുന്നില്ല. രാജ്യത്ത് വിവിധ വകുപ്പുകൾ തുടർന്നു വരുന്ന വിവിധ സർവേകൾ മരവിപ്പിക്കയോ സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങൾ വളച്ചൊടിക്കുകയോ ചെയ്തിരിക്കയാണ്.
സെൻസസ് ബിജെപിയുടെയും ഹിന്ദുത്വ ശക്തികളുടെയും ശാസ്ത്രവിരുദ്ധ വീക്ഷണത്തിന്റെ ഇരയായി മാറി. ജാതി സെൻസസിൽ ശേഖരിക്കുന്ന ഡാറ്റ ജാതിവ്യവസ്ഥയിലെ അസമത്വങ്ങൾ തുറന്നുകാട്ടുകയും അമിതമായ മത സ്വത്വത്തെക്കുറിച്ചുള്ള സംഘപരിവാറിന്റെ അവകാശവാദങ്ങളെ തകർക്കുകയും ചെയ്യും.
ശാസ്ത്രീയ ഡാറ്റയാൽ നയിക്കപ്പെടുന്ന നയരൂപീകരണം ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാനും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനായി വളരെ വൈകിയ 2021 സെൻസസും ജാതി സെൻസസും ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ടു.
സിപിഐ (എം) ന്റെ 24-ാം കോൺഗ്രസ് ഈ ആവശ്യത്തെ പിന്തുണയ്ക്കാനും സമ്മർദ്ദം ചെലുത്താനും രാജ്യത്തെ എല്ലാ ജനാധിപത്യ വിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.









0 comments