ad
Deshabhimani

പാർടി കോൺഗ്രസിലൂടെ

രണ്ടാം പാർടി കോൺഗ്രസ്; പ്രക്ഷുബ്‍ധമായ കാലം

B T Ranadive, P C Joshi, C Rajeswara Rao

പി സി ജോഷി, ബി ടി രണദിവെ, സി രാജേശ്വര റാവു

avatar
T Chandramohan

Published on Mar 19, 2025, 03:55 PM | 3 min read

1948 ഫെബ്രുവരി 28 മുതൽ മാർച്ച്‌ ആറ്‌ വരെ കൊൽക്കത്തയിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രണ്ടാം പാർടി കോൺഗ്രസ്‌ നടന്നത്‌. നിരവധി രാഷ്ട്രീയ ചർച്ചകൾക്ക്‌ വേദിയായ സുപ്രധാന പാർടി കോൺഗ്രസായിരുന്നു ഇത്‌.


മൂന്നുരേഖയാണ് അവതരിപ്പിച്ചത്. ബി ടി രണദിവെ കരട് രാഷ്ട്രീയപ്രമേയവും അഞ്ചുവർഷത്തെ പാർടി നയങ്ങളെ സംബന്ധിച്ച് സ്വയം വിമർശനപരമായി വിലയിരുത്തുന്ന റിപ്പോർട്ടും അവതരിപ്പിച്ചു. ഭവാനി സെൻ പാകിസ്ഥാനെപ്പറ്റിയുള്ള റിപ്പോർട്ടും അവതരിപ്പിച്ചു. ബി ടി ആർ അവതരിപ്പിച്ച രാഷ്ട്രീയ പ്രത്യയശാസ്‌ത്ര പ്രമേയം കൽക്കത്ത തിസീസ്‌ എന്ന പേരിൽ അന്നും ഇന്നും പാർടിക്കെതിരെ ഏറെ ചർച്ച ചെയ്യപ്പെടുന്നു. 65 പേജും ആറ്‌ അധ്യായവുമുള്ള രാഷ്ട്രീയ പ്രമേയം സമ്മേളനം അംഗീകരിച്ചു. പ്രത്യയശാസ്‌ത്ര വ്യതിയാനത്തിലെ പാളിച്ചകൾ തിരുത്താനുള്ള ശ്രമമായിരുന്നു ഈ പ്രമേയം.


ഫാസിസത്തിന്റെ പരാജയത്തെത്തുടർന്ന് അധ്വാനിക്കുന്നവർക്കും വിപ്ലവപ്രസ്ഥാനങ്ങൾക്കും അനുകൂലമായ സാഹചര്യം രൂപപ്പെട്ടതായി വിലയിരുത്തി. സാമ്രാജ്യത്വശക്തികൾ ക്ഷീണിക്കുകയും സോഷ്യലിസ്റ്റ് രാജ്യങ്ങൾ ശക്തിപ്പെട്ട് വരികയും ചെയ്‌തതായി പാർടി വ്യക്തമാക്കി. പാർടി കോൺഗ്രസിൽ പരിഷ്കരണനയവുമായി ബന്ധപ്പെട്ട ചർച്ചയും ഉയർന്നു. പ്രധാനമായും രണ്ട് വ്യതിയാനങ്ങളെക്കുറിച്ചായിരുന്നു ചർച്ച. പാർടിക്ക്‌ സംഭവിച്ച പരിഷ്‌കരണവാദപരമായ രണ്ട്‌ പ്രധാന വ്യതിയാനങ്ങളെപ്പറ്റി ബി ടി ആർ തന്നെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞു.


സാമ്രാജ്യത്വശക്തികൾക്കെതിരായ പാർടിയുടെ പോരാട്ടം നിർജീവമായി എന്നതായിരുന്നു ഒന്നാമത്തെ വിമർശനം. ബൂർഷ്വാസിയെ തുറന്നുകാണിച്ച്‌ സ്വതന്ത്ര നയം പിന്തുടരുന്നതിനുപകരം പാർടി ബൂർഷ്വാസിയുടെ കാൽപാടുകൾ പിന്തുടർന്നു എന്നതായിരുന്നു രണ്ടാമത്തെ പിശക്‌. വലത്തേയ്‌ക്കുള്ള നയ വ്യതിയാനം സംബന്ധിച്ച പാർടിയുടെ ഈ വിലയിരുത്തൽ കൃത്യമായിരുന്നുവെന്നും പാർടി പിന്നീട്‌ വിലയിരുത്തി. വലതുപക്ഷ പരിഷ്‌കരണ വാദത്തിന്റേതായ വ്യതിയാനത്തെ ശരിയായി ചൂണ്ടിക്കാട്ടിയ പാർടി കോൺഗ്രസ്‌ പക്ഷേ അത്‌ തിരുത്തുന്നതിന്‌ സ്വീകരിച്ച നിലപാടിൽ ഗുരുതരമായ പിശകുസംഭവിച്ചു. വലത്തേക്കുള്ള ചായ്‌വ്‌ തിരുത്താനുള്ള ശ്രമം പാർടിയെ എത്തിച്ചത്‌ ഇടത്തെ അറ്റത്താണ്‌.


പി സി ജോഷിയായിരുന്നു കോൺഗ്രസ്‌ നടക്കുമ്പോൾ ജനറൽ സെക്രട്ടറി. രാഷ്ട്രീയ പ്രമേയത്തിന്‌ പുറമേ ഒന്നാം കോൺഗ്രസിന്‌ ശേഷമുള്ള അഞ്ച്‌ വർഷം പാർടി പിന്തുടർന്ന നയത്തിന്റെ സ്വയം വിമർശനപരമായ അവലോകന റിപ്പോർട്ടിൽ താനടക്കമുള്ള നേതൃത്വത്തെ രൂക്ഷമായാണ്‌ ബി ടി ആർ റിപ്പോർട്ടിൽ വിമർശിച്ചത്‌. നാലരമണിക്കൂർ നീണ്ട പ്രസംഗത്തിൽ പൊളിറ്റ്‌ ബ്യൂറോയിലെയും കേന്ദ്രകമ്മിറ്റിയിലെയും എല്ലാ അംഗങ്ങളുടെയും പരിഷ്‌കരണവാദപരമായ വ്യതിയാനങ്ങളെയും വിമർശിച്ചിരുന്നു. പിന്നീട്‌ സംസാരിച്ച പി സി ജോഷിയും റിപ്പോർട്ടിനെ പൂർണമായി പിന്തുണയ്‌ക്കുകയും തന്റെ വീഴ്‌ചകളെ സ്വയം വിമർശനപരമായി അംഗീകരിക്കുകയും ചെയ്‌തു.


632 പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളും ഇതേ നിലപാടിലായിരുന്നു. വിശദമായ ചർച്ചകൾക്ക്‌ ശേഷം നിലവിലെ അംഗങ്ങളിൽ ഭൂരിപക്ഷത്തെയും ഉൾപ്പെടുത്തി 31 അംഗ കേന്ദ്രകമ്മിറ്റിയുടെ പാനലാണ്‌ അവതരിപ്പിച്ചത്‌. വോട്ടെടുപ്പിൽ നിലവിലെ ജനറൽ സെക്രട്ടറി പി സി ജോഷി ഒഴികെ ബാക്കിയെല്ലാവരും പാനലിൽ നിന്നും തെരഞ്ഞെടുത്തു. സി സി യോഗം ബി ടി ആറിനെ ജനറൽ സെക്രട്ടറിയായും കൺട്രോൾ കമീഷനെയും തെരഞ്ഞെടുത്തു. (ജനറൽ സെക്രട്ടറി: ബി ടി രണദിവെ, 31 അംഗ കേന്ദ്ര കമ്മിറ്റി, 9 അംഗ പിബി)


പാർടിയുടെ ഭരണഘടനയിൽ ജി അധികാരി നിർദ്ദേശിച്ച ഭേദഗതിയെ അംഗീകരിച്ചു. തെലങ്കാന സമരത്തിന്റെ പ്രസക്തിയും വിപ്ലവകരമായ പ്രാധാന്യവും രാഷ്ട്രീയ രേഖകളിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം പ്രതിനിധികൾ ഏകകണ്ഠമായി അംഗീകരിച്ചു. രാഷ്ട്രീയ പ്രമേയ ചർച്ചയ്ക്ക് ബി ടി രണദിവെ മറുപടി പറഞ്ഞു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ പരിഗണിക്കാനും പാർടിയിലെ നവീകരണ വ്യതിയാനത്തെക്കുറിച്ച് മതിയായ വിശകലനം നടത്താനും പഠിക്കാനും പാർടി കോൺഗ്രസ് കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി.


1950 മെയ് 20 മുതൽ ജൂൺ 1 വരെ കേന്ദ്രകമ്മിറ്റി യോഗം ചേർന്ന്‌ പൊളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ബി ടി രണദിവെയ്‌ക്കെതിരെ ഗുരുതരആരോപണം ഉയർന്നു. ബി ടി രണദിവെക്ക് പകരം സി രാജേശ്വര റാവുവിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ബി ടി ആറിനെ സിസിയിൽ നിന്നും നീക്കി.


കൊൽക്കത്ത തിസീസിനെ സംബന്ധിച്ച്‌ ഇ എം എസ്‌ പിന്നീട്‌ ഇങ്ങിനെ വിലയിരുത്തി
1947 ലെ ഭരണകൈമാറ്റത്തിന്‌ ശേഷം ഉയർന്നുവന്ന സ്ഥിതി വിലയിരുത്താനുള്ള ആദ്യശ്രമമായിരുന്നു രണദിവെ തിസീസ്‌. അതിനുമുമ്പും ചർച്ച നടത്തിയിരുന്നു. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ പാർലമെന്ററി മാർഗങ്ങളിലൂടെ പ്രവർത്തിക്കാൻ കഴിയുന്ന പദവി രാജ്യം നേടിയിരിക്കുന്നു എന്നതായിരുന്നു അന്നത്തെ വിലയിരുത്തൽ. ആ നിലപാട്‌ സ്വയം വിമർശനത്തിന്‌ വിധേയമാക്കി. അപ്പോൾ പുതിയ ലൈൻ രൂപപ്പെട്ടു. രണദിവെ ലൈൻ പഴയ ലൈൻ തിരുത്താനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ വലതുപക്ഷ പാളിച്ചയിലേക്ക്‌ എത്തിപ്പെട്ടു. അത്‌ പിന്നീട്‌ തിരുത്തപ്പെട്ടു.
തിസീസിലെ തെറ്റ്‌ മനസിലാക്കാൻ അതിലെ ശരി എന്തായിരുന്നു എന്ന്‌ ആദ്യം നോക്കണം. പുതിയ കോൺഗ്രസ്‌ ഭരണക്കാർക്കെതിരെ പോരാടണം എന്ന മുദ്രാവാക്യം കമ്യൂണിസ്‌റ്റ്‌ പാർടി ആദ്യമായി മുന്നോട്ടുവെക്കുകയായിരുന്നു. രാജ്യത്ത്‌ ഏതെങ്കിലും രാഷ്ട്രീയപാർടി അത്തരമൊരു നിലപാട്‌ എടുക്കുന്നത്‌ ആദ്യമായിരുന്നു. കോൺഗ്രസ്‌ ഭരണത്തിനെതിരെ വിപ്ലവ പാതയിലൂടെ ജനങ്ങളെ സംഘടിപ്പിക്കണമെന്ന നിഗമനത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി എത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home