ad
Deshabhimani

പാർടി കോൺഗ്രസിലൂടെ

മുംബെെയിൽ ചെങ്കൊടി ഉയർന്നപ്പോൾ | ഒന്നാം പാർടി കോൺഗ്രസ്

first party congress stage

ഒന്നാം പാർടി കോൺഗ്രസിന്റെ വേദി

avatar
T Chandramohan

Published on Mar 18, 2025, 03:38 PM | 4 min read

സിപിഐ എം 24–ാം പാർടി കോൺഗ്രസിന്‌ തമിഴകത്ത്‌ കൊടിയുയരുകയാണ്‌. ഏപ്രിൽ രണ്ട്‌ മുതൽ ആറ്‌ വരെ മധുരയിൽ നടക്കുന്ന കോൺഗ്രസ്‌ ഭാവി ഇന്ത്യയെ രൂപപ്പെടുത്താനുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും വേദിയാവും. ഈ സാഹചര്യത്തിൽ പല നിർണായക തീരുമാനങ്ങളും കൈക്കൊണ്ട മുൻ പാർടി കോൺഗ്രസുകളുടെ സംക്ഷിപ്‌ത ചരിത്രം ദേശാഭിമാനി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നു.


1920 ഒക്ടോബർ 17ന്‌ താഷ്കെന്റിലാണ്‌ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരിച്ചത്. തുടർന്ന്‌ നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യയുടെ പലഭാഗങ്ങളായി പ്രവർത്തനം തുടങ്ങി. ബോംബെയിൽ എസ് എ ഡാങ്കെയുടെയും കൽക്കട്ടയിൽ മുസഫ്ഫർ അഹ്‌മദിന്റെയും മദ്രാസിൽ എം ശിങ്കാരവേലു ചെട്ടിയാരുടെയും ലാഹോറിൽ ഗുലാം ഹുസെയ്നിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയായിരുന്നു. കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ഈ ഗ്രൂപ്പുകൾക്ക് മാർക്‌സിസം -ലെനിനിസത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകാനുള്ള പ്രവർത്തനങ്ങൾ നടത്തി. 1925 ഡിസംബർ 26ന്‌ കാൺപൂരിൽ നടന്ന യോഗത്തിലാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇന്ത്യയിലെ രൂപീകരണം. താഷ്‌കെന്റിൽ പാർടി രൂപീകരിച്ച്‌ 23 വർഷത്തിനുശേഷമാണ്‌ രാജ്യത്ത്‌ പ്രവർത്തിച്ചിരുന്ന വിവിധ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളെ ഒരുമിച്ച്‌ ചേർത്ത്‌ ആദ്യ പാർടി കോൺഗ്രസ്‌ സംഘടിപ്പിക്കാനായത്‌.


ആദ്യ പാർടി കോൺഗ്രസ്‌ 1943 മെയ്‌ 23 മുതൽ ജൂൺ ഒന്ന്‌ വരെ മുംബൈയിലാണ്‌ നടന്നത്‌. കാംഗർ മൈതാനത്തിനടുത്തുള്ള ആർ എം ഭട്ട് സ്കൂൾ ഹാളിൽ നടന്ന പാർടി കോൺഗ്രസിൽ 139 പ്രതിനിധികൾ പങ്കെടുത്തു. ക്വിറ്റ്ഇന്ത്യാ സമരത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ്‌ കോൺഗ്രസ്‌ ചേർന്നത്. ഒരുവശത്ത് സോവിയറ്റ് യൂണിയനും ചൈനയും അടക്കമുള്ള ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തോടുള്ള അനുഭാവവും മറുവശത്ത് ഇന്ത്യൻ ജനതയെ അടിച്ചമർത്തി ദേശീയസ്വാതന്ത്ര്യമെന്ന ആവശ്യം നിഷേധിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള രോഷവുമായിരുന്നു. ഇവ രണ്ടിനോടും എങ്ങനെ പൊരുത്തപ്പെടുമെന്ന പ്രശ്നം പാർടിക്കകത്ത്‌ ഉയർന്നുവന്നിരുന്നു. ഉൾപാർടി ജനാധിപത്യത്തിന്റേതായ ഔപചാരികത്വം പാർടി കോൺഗ്രസിൽ ചർച്ചയായി.


പി സി ജോഷി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ഒമ്പത് മണിക്കൂർ നീണ്ട്‌ നിന്നു. ജപ്പാന്റെ കടന്നാക്രമണവും രാജ്യത്ത് ഉയർന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങളും വലിയ വിപത്തിനാണ്‌ ഇടയാക്കുന്നതെന്ന കാര്യം റിപ്പോർട്ടിനകത്ത് എടുത്തുപറഞ്ഞു. ജനകീയയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി വർഗത്തിന്റെ കടമകളും ദേശീയ പ്രതിരോധവും സംബന്ധിച്ച റിപ്പോർട്ട്‌ പൊളിറ്റ്ബ്യൂറോ അംഗം ബി ടി രണദിവെ അവതരിപ്പിച്ചു. പ്രവിശ്യ സെക്രട്ടറിമാർ അവിടെ നടന്ന പ്രവർത്തനങ്ങളെക്കുറിച്ചും നേടിയെടുത്ത അനുഭവങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രത്യേക റിപ്പോർടും അവതരിപ്പിച്ചു. എസ് ജി സർദേശായി ഭക്ഷ്യവിഷയത്തിലും, കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷയത്തിൽ ഇ എം എസും വിദ്യാർഥികളെ സംബന്ധിച്ച് അരുൺ ബോസും റിപ്പോർട്ട്‌ അവതരിപ്പിച്ചു. വനിതാ മേഖലയെക്കുറിച്ചും ബാലസംഘത്തെക്കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു. പാർടിയുടെ പുതിയ നിയമാവലി ജി അധികാരി അവതരിപ്പിച്ചു.


കയ്യൂർ രക്തസാക്ഷിത്വത്തിന്‌ രണ്ട്‌ മാസം തികയുമ്പോഴായിരുന്നു പാർടി കോൺഗ്രസ്‌. കോൺഗ്രസിൽ കയ്യൂർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചിരുന്നു. രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരനും കയ്യൂർ സെൽ സെക്രട്ടറിയുമായ കേളു നായർ കയ്യൂർ രക്തസാക്ഷികളെ അനുസ്‌മരിച്ചു. ബിശ്വനാഥ് മുഖർജി ജയിൽ ശിക്ഷ അനുഭവിക്കുന്ന സഖാക്കളെപ്പറ്റി പ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയത്തിൽ മലബാറിലെ സമരനായകൻ കെ പി ആർ ഗോപാലനെക്കുറിച്ചും മലബാർ കർഷക സമരത്തിലെ മറ്റു ധീരരായ പോരാളികളെക്കുറിച്ചും മട്ടന്നൂരിലെയും കയ്യൂരിലെയും മൊറാഴയിലെയും സഖാക്കളേ പറ്റിയും പരാമർശിക്കപ്പെട്ടു.


റെഡ് ആർമിക്കും ഡച്ച്‌ സേനയ്ക്കും അഭിവാദ്യമർപ്പിച്ചു. ഇന്ത്യൻ സൈന്യത്തിനും നാവികസേനയ്ക്കും അഭിവാദ്യമർപ്പിച്ചുള്ള പ്രമേയം സോംനാഥ്‌ ലാഹിരിയും കമ്യൂണിസ്റ്റ് ഇന്റർനാഷണൽ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള പ്രമേയം ബി ടി രണദിവെയും അവതരിപ്പിച്ചു. 22 അംഗ കേന്ദ്രകമ്മിറ്റിയെയും മൂന്നംഗ പൊളിറ്റ്‌ ബ്യൂറോയെയും പി സി ജോഷിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.


ഫാസിസത്തിന്റെ പരാജയം ഉറപ്പാക്കാനും വ്യവസായിക, കാർഷിക ഉൽപ്പാദനം ഉറപ്പുവരുത്താനും ഒന്നിച്ച്‌ നിൽക്കണമെന്ന്‌ പാർടി കോൺഗ്രസ്‌ തൊഴിലാളികളോട്‌ ആഹ്വാനം ചെയ്‌തു. വനിതാ പ്രസ്ഥാനത്തിന്റെ മുന്നേറ്റം പരിഗണിച്ച്‌ വനിതാ സംഘടനയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചു. ഒരു ബഹുജന രാഷ്‌ട്രീയ ശക്തിയിൽ നിന്ന്‌ ബഹുജന രാഷ്‌ട്രീയ സംഘടനയായി പാർടിയെ പരിവർത്തനപ്പെടുത്താൻ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം ഇന്ത്യയിലെ മൊത്തം ജനങ്ങളിൽ കൂടി പാർടിയുടെ രാഷ്‌ട്രീയ സ്വാധീനം ഉറപ്പാക്കാനും പാർടി കോൺഗ്രസ്‌ തീരുമാനിച്ചു. ദേശിയ സുരക്ഷാ, നേതാക്കളെ മോചിപ്പിക്കൽ, ഭക്ഷ്യപ്രതിസന്ധി, കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് വിപുലമായ പ്രചാരണം സംഘടിപ്പിക്കാൻ പാർടി കോൺഗ്രസ് തീരുമാനിച്ചു. പാർടി കോൺഗ്രസിനോടനുബന്ധിച്ച് മാർച്ച് 25ന്‌ വമ്പിച്ച ബഹുജനറാലി കാംഗാർ മൈതാനത്തു നടന്നു.


1934 ൽ ബ്രിട്ടീഷ് ഭരണകൂടം കമ്യൂണിസ്റ്റ്‌ പാർടിയെ നിരോധിക്കുമ്പോൾ 200 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 1942 ജൂലായിലാണ് വിലക്ക്‌ നീക്കുന്നത്‌. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തിയ ആയിരക്കണക്കിന് സഖാക്കളുടെ ത്യാഗോജ്വലമായ പ്രവർത്തനത്തിന്റെ ഫലമായി ഒന്നാം പാർടി കോൺഗ്രസ്‌ നടക്കുമ്പോൾ അംഗത്വം 15000 കടന്നിരുന്നു. നിരോധനം നീക്കിയെങ്കിലും പാർടിക്കെതിരെയുള്ള അടിച്ചമർത്തലുകൾക്ക് കുറവുണ്ടായിരുന്നില്ല. പാർടി കോൺഗ്രസ്‌ നടക്കുമ്പോൾ 700 ലധികം പാർടി അംഗങ്ങൾ തടവിലായിരുന്നു. അതിൽ 105 പേർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർ.


പ്രതിനിധികൾ ഭൂരിപക്ഷവും ജയിൽ ശിക്ഷ അനുഭവിച്ചവർ


കോൺഗ്രസിലെ പ്രതിനിധികളിൽ എഴുപത് ശതമാനവും ജയിൽ ശിക്ഷ അനുഭവിച്ചവരായിരുന്നു. കൂടുതൽ കാലം ജയിലിൽ കഴിഞ്ഞത് ബാബ സോഹൻ സിങാണ്‌– 27 വർഷം. പ്രതിനിധികൾ ജയിലിൽ കഴിഞ്ഞ മൊത്തം കാലം കണക്കുകൂട്ടിയാൽ ഏകദേശം 411 വർഷമാണ്‌. വനിതാ പ്രതിനിധികളിൽ കൽപന ദത്ത് ഏഴ്‌ വർഷവും കമല ചാറ്റർജി ആറ്‌ വർഷവും ജയിൽ ശിക്ഷ അനുഭവിച്ചു. ബംഗാളിൽ നിന്നുമുള്ള പകുതിയോളം പ്രതിനിധികൾ തീവ്രവാദികളെന്നും കമ്യൂണിസ്റ്റുകളെന്നും മുദ്രകുത്തി ജയിലിൽ അടയ്ക്കപ്പെട്ടവരായിരുന്നു.


പങ്കെടുത്ത 68 ശതമാനം പ്രതിനിധികളും 35 വയസ്സിനു താഴെയുള്ളവർ. 139 പേരിൽ 86 പേർ ബുദ്ധിജീവികളാണ്. തൊഴിലാളികളെ സംഘടിപ്പിച്ച അവരോടൊപ്പം നിന്ന് പ്രവർത്തിച്ച മികച്ച സംഘാടകരും പ്രക്ഷോഭകരുമായിരുന്നു ഇവർ. മൂന്നു ലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 22 തൊഴിലാളി പ്രവർത്തകരും നാലു ലക്ഷം കർഷകരെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ച് കർഷകരും വൻകിട ജന്മി വിഭാഗത്തിൽ പെട്ട മൂന്നു പേരും ചെറുകിട ജന്മി വിഭാഗത്തിൽ പെട്ട രണ്ടുപേരും ഒരു കച്ചവടക്കാരനും പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരിൽ 13 മുസ്ലീങ്ങളും എട്ട്‌ സിഖുകാരും മൂന്നു ദളിതരും രണ്ട്‌ പാഴ്സികളും ഓരോ ക്രിസ്ത്യാനിയും ജൈനമതവിശ്വാസിയും പങ്കെടുത്തു. 13 വനിതകളും പങ്കെടുത്തു.


അംഗങ്ങൾ (22 അംഗ കേന്ദ്ര കമ്മിറ്റി, 3 അംഗ പോളിറ്റ്‌ ബ്യൂറോ)


  1. പി സി ജോഷി (ജനറൽ സെക്രട്ടറി)

  2. ബി ടി രണദിവെ (പിബി)

  3. ഡോ. ജി എം അധികാരി (പിബി)

  4. അജോയ്‌ ഘോഷ്‌

  5. എസ് വി ഘാട്ടെ

  6. എസ്‌ എ ഡാംഗേ

  7. ഇഖ്‌ബാൽ സിങ്‌

  8. സോം നാദ് ലാഹിരി

  9. ഭവാനി സെൻ

  10. എൻ കെ കൃഷ്ണൻ

  11. അരുൺ ബോസ്‌

  12. മൻസൂർ റിസ്‌വി

  13. എസ്‌ ജി സർദേശായി

  14. ആർ ഡി ഭരദ്വാജ്‌

  15. പി സുന്ദരയ്യ

  16. ഇ എം എസ്‌ നമ്പൂതിരിപ്പാട്‌

  17. രണേന്ദ്ര നാദ് സെൻ

  18. സജാദ്‌ ഷഹീർ

  19. മോഹൻ കുമാരമംഗലം

  20. എസ്‌ എസ്‌ ബാറ്റ്‌‌ലിവാല

  21. ബിശ്വനാഥ്‌ മുഖർജി

  22. ഡി എസ്‌ വൈദ്യ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home