ഏപ്രിൽ രണ്ട് മുതൽ ആറ് വരെ
മധുര ഉണർന്നു; പാർടി കോൺഗ്രസിന് ഒരുക്കങ്ങളായി

PHOTO: Facebook
പ്രത്യേക ലേഖകൻ
Published on Mar 28, 2025, 05:18 PM | 2 min read
മധുര: തമിഴകത്തെ ചരിത്ര, സാസ്‌കാരിക നഗരമായ മധുരയിൽ സിപിഐ എം 24-ാം പാർടി കോൺഗ്രസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തമുക്കം മൈതാനത്ത് സജ്ജീകരിച്ച സീതാറാം യെച്ചൂരി നഗരിയിൽ ഏപ്രിൽ രണ്ട് മുതൽ ആറ് വരെയാണ് കോൺഗ്രസ് ചേരുന്നത്.
ഏപ്രിൽ ഒന്നിന് വൈകിട്ട് 6.30ന് മൈതാനത്തെ പി രാമമൂർത്തി സ്‌മാരക ഹാളിൽ ചരിത്രപ്രദർശനം പ്രമുഖ മാധ്യമപ്രവർത്തകനും സ്വാഗതസംഘം രക്ഷാധികാരിയുമായ എൻ റാം ഉദ്‌ഘാടനം ചെയ്യും. പുസ്‌തകം പ്രദർശനം പാർടിയുടെ മുതിർന്ന നേതാവ് വി പരമേശ്വരൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമാവും.
ശിങ്കാരവേലു, സേലം ജയിൽ രക്തസാക്ഷികൾ, കോവൈ ചിന്നയ്യം പാളയം രക്തസാക്ഷികൾ, വിദ്യാർഥി രക്തസാക്ഷികളായ സോമു–-സെംബു, മധുര രക്തസാക്ഷികൾ എന്നിങ്ങനെ സ്‌മൃതിമണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖകൾ എത്തിച്ചേരും. സന്ധ്യക്ക് തമുക്കം മൈതാനത്ത് സംഗമിക്കും.
വെൺമണി രക്തസാക്ഷികളുടെ സ്‌മാരകകുടീരത്തിൽനിന്ന് പാർടി കേന്ദ്രകമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ഏപ്രിൽ രണ്ടിന് രാവിലെ കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും. രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.
10.30ന് കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ പൊളിറ്റ്‌ബ്യൂറോ കോ–-ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ള ഇടതുപക്ഷ പാർടി നേതാക്കൾ പങ്കെടുക്കും. ഉച്ചയ്‌ക്കുശേഷം പ്രതിനിധിസമ്മേളനം ചേരും.
രണ്ട് മുതൽ അഞ്ച് വരെ ഓരോ ദിവസവും വൈകിട്ട് കലാപരിപാടികളും സെമിനാറുകളും നടക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് കെ പി ജാനകിയമ്മാൾ സ്‌മാരക വേദിയിൽ സാംസ്‌കാരിക സംഗമം നടക്കും. ദിണ്ടിഗൽ ശക്തി സാംസ്‌കാരിക കേന്ദ്രം കലാപരിപാടി അവതരിപ്പിക്കും. തമിഴ് പണ്ഡിതൻ സോളമൻ പാപ്പയ്യ, സിനിമാ സംവിധായകരായ രാജു മുരുഗൻ, ശശികുമാർ എന്നിവർ സംസാരിക്കും.
ഏപ്രിൽ മൂന്നിന് വൈകിട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. പ്രകാശ് കാരാട്ടിന്റെ ആമുഖത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സുധാകർ എന്നിവർ പങ്കെടുക്കും. കെ ബാലകൃഷ്‌ണൻ അധ്യക്ഷനാകും. തുടർന്ന് വനിതകൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം.
നാലിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ ചലച്ചിത്രനടന്മാരായ വിജയ് സേതുപതി, സമുദ്രക്കനി, സംവിധായകൻ വെട്രിമാരൻ എന്നിവർ പങ്കെടുക്കും. അഞ്ചിന് വൈകിട്ട്‌അഞ്ചിന് നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ ചലച്ചിത്രകാരന്മാരായ പ്രകാശ്‌രാജ്, മാരി ശെൽവരാജ്, ടി എസ് ജ്ഞാനവേൽ എന്നിവർ പങ്കെടുക്കും. നടി രോഹിണിയും സംഘവും നാടകം അവതരിപ്പിക്കും.
ആറിന് ഉച്ചയ്‌ക്കുശേഷം മൂന്നിന് റെഡ് വളണ്ടിയർ പരേഡ് ആരംഭിക്കും. നാലിന് റിങ് റോഡ് ജങ്‌ഷനു സമീപം എൻ ശങ്കരയ്യ സ്‌മാരക ഗ്രൗണ്ടിൽ പൊതുസമ്മേളനം തുടങ്ങും. പ്രമുഖ നേതാക്കൾ സംസാരിക്കും. സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.









0 comments