ബിഹാറിൽ പ്രതിപക്ഷം ആത്മവിശ്വാസത്തിൽ

എം പ്രശാന്ത്
Published on Apr 06, 2025, 04:03 AM | 2 min read
സീതാറാം യെച്ചൂരി നഗർ : നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ആർജെഡിയും ഇടതുപക്ഷവും കോൺഗ്രസും ഉൾപ്പെട്ട പ്രതിപക്ഷ മഹാസഖ്യം ആത്മവിശ്വാസത്തിലാണെന്ന് സിപിഐ എം ബിഹാർ സംസ്ഥാന സെക്രട്ടറി ലലൻ ചൗധരി ‘ദേശാഭിമാനി’യോട് പറഞ്ഞു. ഭരണവിരുദ്ധവികാരം ശക്തമാണ്. എൻഡിഎ ഭരണത്തിൽ അഴിമതി വ്യാപകം. സർക്കാർ പദ്ധതികളിലുടെ ജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം ഭരണമുന്നണി നേതാക്കളിലേക്കാണ് എത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ അടിച്ചേൽപ്പിച്ച മദ്യനിരോധനം വലിയൊരു മാഫിയസംഘത്തെ സൃഷ്ടിച്ചിട്ടുണ്ട്. തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. യുവാക്കൾ കൂട്ടമായി തൊഴിൽതേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
ഇടതുപക്ഷമുന്നണി വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29 സീറ്റിൽ മത്സരിച്ച് 16 സീറ്റിൽ ജയിക്കാനായി. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് മാത്രമാണ് കിട്ടിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 50 സീറ്റിനപ്പുറം കോൺഗ്രസ് അർഹിക്കുന്നില്ല. ഇടതുപക്ഷത്തിന് 20 സീറ്റെങ്കിലും അധികമായി നൽകണം. സിപിഐ എം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റിൽ ജയിച്ചു. ഇക്കുറി 10 സീറ്റ് ആവശ്യപ്പെടും. ഇടതുപക്ഷം മാർച്ച് 20ന് ജില്ലാകേന്ദ്രങ്ങളിൽ സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ഏപ്രിൽ 15 മുതൽ വീണ്ടും പ്രചാരണപ്രവർത്തനങ്ങൾ സജീവമാക്കും–- ലലൻ ചൗധരി പറഞ്ഞു.
അഴിമതിയുടെ കൂത്തരങ്ങ്
ജെഡിയുവിനെ തൃപ്‌തിപ്പെടുത്താൻ റോഡ് നിർമാണത്തിനും മറ്റുമായി കേന്ദ്രസർക്കാർ ബിഹാറിന് വാരിക്കോരി പദ്ധതികൾ അനുവദിക്കുന്നത് അഴിമതിക്കുള്ള സ്രോതസ്സായി മാറി. കഴിഞ്ഞ വർഷം 20 പാലം തകർന്നുവീണു. ഭരണമുന്നണിയിലെ തർക്കങ്ങളും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ജെഡിയു വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നത്. വർഗീയ ധ്രുവീകരണ ലക്ഷ്യത്തോടെ കേന്ദ്രബിജെപി സർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിനെ പിന്തുണച്ചതോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ജെഡിയു ഒറ്റപ്പെട്ടു. ഇപ്പോൾ ജെഡിയുവിലെ ന്യൂനപക്ഷ വിഭാഗക്കാരായ എംഎൽഎമാരും നേതാക്കളും കൂട്ടമായി രാജിവയ്‌ക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മാനസികനിലയുടെ കാര്യത്തിലും വലിയ സംശയങ്ങൾ ഉയരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ അസ്വാഭാവിക പെരുമാറ്റം വലിയ വാർത്തയാകുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത മകനെ പിൻഗാമിയാക്കാനാണ് ശ്രമം. ജെഡിയുവിനെ ബിജെപി വിഴുങ്ങാനുള്ള എല്ലാ സാധ്യതയും സൃഷ്ടിക്കും–- ലലൻ ചൗധരി പറഞ്ഞു.









0 comments