എന്നും പുരോഗമനപക്ഷത്ത്

സു വെങ്കടേശൻ സ്റ്റേജ് നിർമാണത്തിനുള്ള നിർദേശങ്ങൾ നൽകുന്നു
N S Sajith
Published on Apr 01, 2025, 12:13 PM | 1 min read
മധുര: ‘3500 വർഷത്തെ ചരിത്രമുണ്ട് മധുരയ്‌ക്ക്. രാജ്യത്തെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്ന്. ഈ നഗരത്തിന്റെ ചിന്താപ്രക്രിയ എക്കാലത്തും പുരോഗമനപരമാണ്. രാജാക്കന്മാരെപ്പോലും വിമർശിക്കാൻ മടിയില്ലാത്തവരുടെ നാട്. അത്തരമൊരു നാട്ടിൽ കമ്യൂണിസ്റ്റ് പാർടി ശക്തിപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. 1952ലെ മൂന്നാം കോൺഗ്രസിനും 1972ലെ ഒമ്പതാം കോൺഗ്രസിനും ശേഷം 24–-ാം പാർടി കോൺഗ്രസ് നടത്താൻ ഈ നഗരത്തെ പാർടി തെരഞ്ഞെടുത്തത് ഇന്നാട്ടിലെ പ്രസ്ഥാനത്തിന്റെ കരുത്തിനുള്ള അംഗീകാരമാണ്. കൊൽക്കത്ത മാത്രമാണ് മൂന്നുതവണ പാർടി കോൺഗ്രസിന് ആതിഥ്യമരുളിയത്’–- പാർടി കോൺഗ്രസ് സംഘാടക സമിതി സെക്രട്ടറിയും മധുര എംപിയുമായ സു വെങ്കടേശൻ പറഞ്ഞു.
സ്വാതന്ത്ര്യപൂർവ കാലത്തുതന്നെ കമ്യൂണിസ്റ്റുകാരായി മാറിയ കോൺഗ്രസിലെ സോഷ്യലിസ്റ്റുകൾക്ക് ആധിപത്യമുണ്ട് മധുരയിൽ. 1939ൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പട്ടാഭി സീതാരാമയ്യയെ ഗാന്ധിജി നിർദേശിച്ചപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിനെ നിർദേശിച്ചത് സോഷ്യലിസ്റ്റുകളാണ്. അവർ നേതാജിയെ മധുരയിൽ കൊണ്ടുവന്ന് സ്വീകരണം നൽകി.
സ്വാതന്ത്ര്യത്തിനുശേഷമുള്ള 18 തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തവണ മധുരയിൽനിന്ന് ലോക്‌സഭയിലെത്തിയത് കമ്യൂണിസ്റ്റുകാരാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോർപറേഷനിൽ സിപിഐ എം പ്രതിനിധി ഡെപ്യൂട്ടി മേയറായത് ഇത്തവണ മധുരയിലാണ്. വിവിധ ജനവിഭാഗങ്ങളിൽ സിപിഐ എമ്മിന് ശക്തമായ അടിത്തറ ഉണ്ടെന്നതിന്റെ വിളംബരമാണ് പാർടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ. ജനങ്ങളുടെ പ്രതികരണം വിവരണാതീതമാണ്. സമ്മേളന നടത്തിപ്പിനാവശ്യമായ പണത്തിനുവേണ്ടി പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിൽ വച്ച ഹുണ്ടികയോട് ജനങ്ങൾ ആവേശപൂർവം പ്രതികരിച്ചു. നഗരത്തിലെ മുസ്ലിം, ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളിൽനിന്ന് വലിയ സഹകരണമാണ് ഉണ്ടാകുന്നത്–- സു വെങ്കടേശൻ പറഞ്ഞു.










0 comments