സൗമ്യമുഖം സമരക്കരുത്ത്


സി കെ ദിനേശ്
Published on Apr 07, 2025, 02:46 AM | 2 min read
കോടിയേരി ബാലകൃഷ്ണൻ സ്‌മാരക ഹാൾ: രാജ്യത്തെ ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയും സൗമ്യനും ജനകീയ പ്രശ്നങ്ങൾ മുൻനിർത്തിയ നിരവധി സമരങ്ങളുടെ കരുത്തുമാണ് എം എ ബേബിയുടെ ഉൾക്കാമ്പും തലപ്പൊക്കവും. ഇ എം എസിനുശേഷം കേരളത്തിൽനിന്ന് ആദ്യമായി ജനറൽ സെക്രട്ടറിയാകുന്ന ധിഷണാശാലി. പുതിയകാല വെല്ലുവിളികൾ ഏറ്റെടുക്കാൻ കരുത്തുനൽകുന്ന അനുഭവ പാരമ്പര്യമുള്ള നേതാവ്. സമരങ്ങളിൽ പങ്കെടുത്ത് പലതവണ ജയിലിൽ കിടന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു.
വിദ്യാർഥി നേതാവ്, യുവജന നേതാവ്, രാജ്യസഭാംഗം എന്നീനിലകളിൽ രാജ്യമാകെ അറിയപ്പെട്ട എം എ ബേബിക്ക് രാജ്യാന്തരതലങ്ങളിലും മികച്ച ബന്ധമാണുള്ളത്. 1978 ഹവാനയിൽ ലോക യുവജന–- വിദ്യാർഥിമേളയിൽ ഇന്ത്യൻ പ്രതിനിധിയായി. 1997ൽ രാജ്യസഭാംഗം എന്ന നിലയിൽ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചു. നിരവധി രാജ്യങ്ങളിലെ കമ്യൂണിസ്‌റ്റ് പാർടി നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നു. ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കശ്‌മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ചെന്നാലും സഖാക്കളെ പേരെടുത്ത് വിളിക്കാൻ തക്ക ബന്ധവും ബേബിക്കുണ്ട്. കല–-സാംസ്കാരിക, കായികരംഗത്തെ നേതൃപരമായ ഇടപെടലും താൽപ്പര്യവും പ്രശസ്തമാണ്.
സംഘപരിവാർവിരുദ്ധ സിനിമയായ "എമ്പുരാൻ' റഷ്യയിൽ ചിത്രീകരിക്കുന്നതിന് തടസ്സം നേരിട്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ പരിഹരിച്ചുതന്നത് എം എ ബേബിയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയത് ഇതിന് ഒരു ഉദാഹരണം മാത്രം. കഥകളി ഉൾപ്പെടെ ക്ലാസിക്കൽ കലകളിൽ അഗാധപാണ്ഡിത്യവും ആസ്വാദനശേഷിയുമുണ്ട്. 1954 ഏപ്രിൽ അഞ്ചിന് കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് ജനനം. പ്രാക്കുളം എൽപി സ്കൂൾ, എൻഎസ്എസ് സ്കൂൾ, കൊല്ലം എസ്എൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ്, രാജ്യസഭ, പാർടി കേന്ദ്രകമ്മിറ്റി എന്നിവയിലെല്ലാം പ്രായം കുറഞ്ഞ അംഗം എന്ന സവിശേഷതയുമുണ്ട്.
1975ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, 1977ൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിഅംഗം, 1979ൽ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്, 1984ൽ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം, 1986 മുതൽ രണ്ടുതവണ രാജ്യസഭാംഗം, 1987ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്, 1989ൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, 1992ൽ കേന്ദ്ര സെക്രട്ടറിയറ്റ്‌അംഗം, 1997ൽ സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം, 2012ൽ പൊളിറ്റ്‌ബ്യൂറോയിൽ.
2006ലെ എൽഡിഎഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ–- സാംസ്കാരിക മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. കലാമണ്ഡലം കൽപ്പിത സർവകലാശാലയാക്കിയതും ബിനാലെക്ക് തുടക്കം കുറിച്ചതും കലാകാര ക്ഷേമനിധി നിയമം പാസാക്കിയതും അതിൽ ചിലതുമാത്രം. അഭിനവ് രംഗമണ്ഡൽ ഏർപ്പെടുത്തിയ പ്രഥമ അർജുൻ സിങ് അവാർഡിന് അർഹനായി. പ്രധാന കൃതികൾ: എന്റെ എസ്എഫ്ഐ കാലം, എം ജി എസ് തുറന്നുകാട്ടപ്പെടുന്നു, അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം, നോം ചോംസ്‌കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി, ഒ എൻ വി സ്നേഹാക്ഷരങ്ങളിലെ ഉപ്പ്, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത, യുവജനപ്രസ്ഥാന ചരിത്രം. ഭാര്യ ബെറ്റി ലൂയിസ്, മകൻ അശോക് ബെറ്റി നെൽസൺ, മരുമകൾ: സനിധ.









0 comments