ad
Deshabhimani

ചുവരെഴുത്ത്‌ വായിക്കാനാകാത്ത കോൺഗ്രസ്‌

HARIYANA PREMCHAND
avatar
പി ആർ ചന്തുകിരൺ

Published on Apr 04, 2025, 02:56 PM | 2 min read

സീതാറാം യെച്ചൂരി നഗർ : ഭരണവിരുദ്ധ വികാരത്തിൽ കടപുഴകുമെന്ന്‌ സർക്കാർതന്നെ ഭയന്ന ഘട്ടത്തിൽപോലും ഹരിയാനയിൽ ബിജെപിയെ ചെറുക്കുന്നതിൽ കോൺഗ്രസ്‌ പൂർണമായി പരാജയപ്പെട്ടെന്ന്‌ സിപിഐ എം 
 ഹരിയാന സംസ്ഥാന സെക്രട്ടറി പ്രേംചന്ദ്‌ പറഞ്ഞു. ആഭ്യന്തരസർവേയിൽ അപകടം തിരിച്ചറിഞ്ഞ ബിജെപി തെരഞ്ഞെടുപ്പ്‌ പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ നീക്കി. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള നയാബ്‌സിങ്‌ സൈനിയെ മുഖ്യമന്ത്രിയാക്കി. എന്നാൽ, കോൺഗ്രസ്‌ ഒരു മുന്നൊരുക്കവും നടത്തിയില്ല– പ്രേംചന്ദ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


ജീവൽ പ്രശ്‌നങ്ങൾ ഉയർത്തി കർഷക, തൊഴിലാളി, യുവജന പ്രക്ഷോഭങ്ങൾ അലയടിച്ച ഘട്ടത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറുന്ന സാഹചര്യം ഒഴിവാക്കി പ്രതിപക്ഷ പാർടികൾ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന്‌ സിപിഐ എം ആഹ്വാനം ചെയ്‌തിരുന്നു. ഇത്‌ ചെവിക്കൊള്ളാൻ കോൺഗ്രസ്‌ തയ്യാറായില്ല. എഎപി ഉൾപ്പെടെയുള്ളവർ സന്നദ്ധരായിട്ടും കോൺഗ്രസ്‌ വഴങ്ങിയില്ല. കോൺഗ്രസിന്റെ പിടിപ്പുകേടിന്‌ നൽകേണ്ടിവന്ന വിലയാണ്‌ മൂന്നാംവട്ടവും ബിജെപി അധികാരത്തിലെത്തിയത്‌. ജീവൽ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളെ ഭിന്നിപ്പിലൂടെ അട്ടിമറിക്കാനുള്ള നീക്കത്തെ മറ്റ്‌ മതനിരപേക്ഷ പാർടികളുമായി ഐക്യപ്പെട്ട്‌ സിപിഐ എം പ്രതിരോധിക്കും.


മുനിസിപ്പൽ തെരഞ്ഞെടുപ്പ്‌


കോൺഗ്രസ്‌ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം. സംസ്ഥാന ഭരണത്തിന്റെ ആനുകൂല്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ബിജെപി നേതാക്കൾ പ്രചാരണങ്ങളിൽ സജീവമായപ്പോൾ കോൺഗ്രസ്‌ നേതാക്കൾ വിശ്രമത്തിലായിരുന്നു. മുനിസിപ്പൽ കോർപറേഷനുകളിൽ ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും നഗരസഭകളിലും ജില്ലാപരിഷത്തുകളിലും ആ കുതിപ്പുണ്ടായില്ല. ബിജെപിയെ ചെറുത്തത്‌ ചെറുപാർടികളും സ്വതന്ത്രരുമാണ്‌.



കർഷക പ്രക്ഷോഭം


കേന്ദ്രത്തിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുന്നത്‌ വിദ്വേഷം വിതച്ച്‌ ജനങ്ങളെ ഭിന്നിപ്പിച്ചാണ്‌. മതവും ജാതിയും പറഞ്ഞുള്ള ഈ വേലിക്കെട്ടുകളെ പൊളിച്ചെറിയുകയാണ്‌ കർഷകപ്രക്ഷോഭങ്ങൾ. അഖിലേന്ത്യ കിസാൻ സഭയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളെ ബിജെപി സർക്കാരുകൾ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഗ്രാമീണ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്‌. പശുവിന്റെ പേരിൽ ന്യൂനപക്ഷങ്ങളെയും ദളിത്‌ വിഭാഗത്തെയും ലക്ഷ്യംവച്ചുള്ള നീക്കങ്ങളും കർഷകരെ അപകടപ്പെടുത്തുന്നു.



വർഗീയ സംഘർഷങ്ങൾ


ഹരിയാന ജനസംഖ്യയിൽ ഏഴുശതമാനം മാത്രമാണ്‌ മുസ്ലിങ്ങൾ. അവരെ നിരന്തരം സംഘപരിവാർ സംഘടനകൾ സർക്കാരിന്റെ സംരക്ഷണയിൽനിന്ന്‌ വേട്ടയാടുന്നു. മറ്റ്‌ മതാഘോഷങ്ങൾക്കൊന്നും പൊതുവഴിയിൽ വിലക്കില്ലെങ്കിലും നിസ്‌കാരം കുറ്റകൃത്യമാകുന്നു. ന്യൂനപക്ഷങ്ങൾക്കും ദളിത്‌ വിഭാഗത്തിനും സാമൂഹ്യനീതി അന്യമായി. കൃഷിഭൂമി തട്ടിയെടുക്കുന്ന അക്രമിസംഘങ്ങൾ എല്ലാ ജില്ലകളിലും സജീവം. ചോദ്യം ചെയ്യുന്നവരെ കൊലപ്പെടുത്തുന്നു.


ജനകീയ പ്രശ്‌നങ്ങൾ ഉയർത്തും


മുതിർന്ന നേതാക്കളും യുവാക്കളും ഉൾപ്പെടുന്ന പുതിയ സംസ്ഥാന കമ്മിറ്റി പാർടിയെ കൂടുതൽ ശക്തിപ്പെടുത്താനും ജീവൽപ്രശ്‌നങ്ങളിൽ കാര്യക്ഷമമായ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാനും ശ്രമിക്കും. ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെയുള്ള വിവിധ പദ്ധതി പ്രവർത്തകർ ശക്തമായ സമരമാണ്‌ ഉയർത്തുന്നത്‌. ഇവരെ തൊഴിലാളികളായി അംഗീകരിക്കാനോ അർഹതപ്പെട്ട വരുമാനം ഉറപ്പാക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ഈ അനീതി ചോദ്യം ചെയ്യുന്ന സ്ഥിതിയുമില്ല.

വലിയ വിഭാഗം ജനതയ്‌ക്ക്‌ സുരക്ഷിതമായ കിടപ്പാടമില്ല. ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്‌. അസുഖങ്ങൾ വ്യാപകം. വാഹനപ്പെരുപ്പം വായു മലിനീകരണം വർധിപ്പിക്കുന്നു. വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്‌. വൈദ്യുതി നിരക്ക്‌ വലിയ തോതിൽ കൂട്ടി. തൊഴിലില്ലായ്‌മ രൂക്ഷമായതോടെ യുവാക്കൾ അസ്വസ്ഥരാണ്‌. സ്‌ത്രീ സുരക്ഷയും ക്രമസമാധാനവും തകർന്നു. വലിയ വാഗ്‌ദാനങ്ങൾ നൽകിയ ബിജെപി അധികാരത്തിൽ എത്തിയതോടെ മലക്കം മറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home