രണ്ട് സൂര്യോദയവും സിദാന്റെ ഹെഡ് ബട്ടും

ജ്യോതിസ് [email protected]
Published on Jun 03, 2026, 09:29 AM | 4 min read
മെസി- റൊണാൾഡോമാരുടെ ലോകകപ്പ് അരങ്ങേറ്റം, ഇറ്റലിയുടെ നാലാം കിരീടധാരണം, സിദാന്റെ കുപ്രസിദ്ധമായ ഹെഡ് ബട്ട്, കാർഡുകളുടെ പെരുമഴ കണ്ട 'ന്യൂറംബർഗിലെ പോരാട്ടം, വിചിത്രമായ റഫറിയിങ് പിഴവുകൾ, ലോകകപ്പ് ചരിത്രത്തിലെ 2000-ാ മത്തെ ഗോൾ തുടങ്ങിയവയെല്ലാം ചേർന്ന് 2006ൽ ജർമനിയിൽ നടന്ന പതിനെട്ടാമത്തെ ഫിഫ ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ ഒന്നാക്കി മാറ്റി
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നിലവിലെ ചാമ്പ്യന്മാർക്ക് (ബ്രസീൽ) നേരിട്ട് യോഗ്യത ലഭിച്ചില്ല. ലോകകപ്പിൽ പങ്കെടുക്കാൻ അവർക്കും പ്രാദേശിക യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വന്നു.

ലോകകപ്പ് ചരിത്രത്തിലെ 2000-ാം ഗോൾ
ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്വീഡന്റെ മാർക്കസ് ആൽബാക്ക് നേടിയ ഗോളിലൂടെ ലോകകപ്പ് ചരിത്രത്തിൽ 2000 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.
ഗോൾ വഴങ്ങാതെ സ്വിറ്റ്സർലൻഡിന്റെ മടക്കം
ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ സ്വിറ്റ്സർലൻഡ് പുറത്തായത് ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ റെക്കോഡായി. പ്രീ- ക്വാർട്ടറിൽ ഉക്രെയ്നോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് അവർ മടങ്ങിയത്.

കാർഡുകളുടെ സർവ്വകാല റെക്കോഡ്
അച്ചടക്ക നടപടികളുടെ കാര്യത്തിൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് 2006-ലാണ് പിറന്നത്. ടൂർണമെന്റിലാകെ 345 മഞ്ഞക്കാർഡുകളും 28 ചുവപ്പുകാർഡുകളും റഫറിമാർക്ക് പുറത്തെടുക്കേണ്ടി വന്നു.
'ന്യൂറംബർഗിലെ പോരാട്ടം' (Battle of Nuremberg /Massacre of Nuremberg)
പോർച്ചുഗലും നെതർലാൻഡ്‌സും തമ്മിലുള്ള പ്രീ- ക്വാർട്ടർ മത്സരം നാലു ചുവപ്പു കാർഡുകളും 16 മഞ്ഞക്കാർഡുകളുമായി 'ന്യൂറംബർഗിലെ പോരാട്ടം' എന്ന പേരിൽ കുപ്രസിദ്ധി നേടി. മത്സരം നിയന്ത്രിച്ചത് വാലന്റീൻ ഇവാനോവ് ആണ്. പോർച്ചുഗൽ ഒരു ഗോളിന് (Maniche ആയിരുന്നു ഗോൾ അടിച്ചത്) ജയിച്ചു.

ഇന്നാ പിടിച്ചോ മൂന്ന്
2006 ലോകകപ്പിലെ ക്രൊയേഷ്യ– ഓസ്‌ട്രേലിയ മത്സരത്തിൽ ക്രൊയേഷ്യൻ താരം ജോസിപ് സിമുനിച്ചിന് ഇംഗ്ലീഷ് റഫറി ഗ്രഹാം പോൾ മൂന്ന് മഞ്ഞക്കാർഡുകൾ നൽകിയത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ റഫറിംഗ് പിഴവുകളിലൊന്നാണ്. 61-ാം മിനിറ്റിൽ സിമുനിച്ചിന് ആദ്യ മഞ്ഞക്കാർഡ് ലഭിച്ചു. തുടർന്ന് 90-ാം മിനിറ്റിൽ രണ്ടാമത്തെ മഞ്ഞക്കാർഡും നൽകിയെങ്കിലും, സിമുനിച്ചിന്റെ ഓസ്‌ട്രേലിയൻ ശൈലിയിലുള്ള ഇംഗ്ലീഷ് കാരണം അതൊരു ഓസ്‌ട്രേലിയൻ താരത്തിനാണ് നൽകിയതെന്ന് തെറ്റായി കണക്കാക്കിയതിനാൽ അപ്പോൾ ചുവപ്പ് കാർഡ് കാണിക്കാൻ മറന്നു.
മത്സരം അവസാനിച്ച ശേഷം റഫറിയോട് വീണ്ടും തർക്കിച്ചതിന് സിമുനിച്ചിന് മൂന്നാമതും മഞ്ഞക്കാർഡ് നൽകുകയും പിന്നാലെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു. ഈ അബദ്ധത്തെ തുടർന്ന് ഫിഫ ഗ്രഹാം പോളിനെ ആ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കുകയും പിന്നീട് അദ്ദേഹം അന്താരാഷ്ട്ര റഫറിയിങിൽ നിന്ന് വിരമിക്കുകയും ചെയ്തു.

രണ്ടു സൂര്യോദയം
ഫുട്ബോൾ ലോകം പിന്നീട് അടക്കിഭരിച്ച ലയണൽ മെസി (സെർബിയക്കെതിരെ ഗോൾ നേടി), ക്രിസ്റ്റ്യാനോ റൊണാൾഡോ (ഇറാനെതിരെ ഗോൾ നേടി), വെയ്ൻ റൂണി എന്നിവരുടെ കന്നി ലോകകപ്പായിരുന്നു ഇത്.

റോഡ്രിഗസിന്റെ തകർപ്പൻ വോളി
പ്രീ- ക്വാർട്ടറിൽ മെക്സിക്കോയ്ക്കെതിരെ അർജന്റീനയുടെ മാക്സി റോഡ്രിഗസ് എക്സ്ട്രാ ടൈമിൽ നേടിയ തകർപ്പൻ വോളി ടൂർണമെന്റിലെ മികച്ച ഗോളായി പരിഗണിക്കപ്പെട്ടു.
ബെക്കാമിന്റെ റെക്കോർഡ്
ഇക്വഡോറിനെതിരെ ഫ്രീ കിക്കിലൂടെ ഗോൾ നേടിയ ഡേവിഡ് ബെക്കാം തുടർച്ചയായ മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി.

അവിസ്മരണീയമായ ഒരു ഗോളാദരം
ഇക്വഡോറും കോസ്റ്ററിക്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽ ഇക്വഡോർ സ്ട്രൈക്കർ ഇവാൻ കാവിയേഡസ് (Iván Kaviedes)നേടിയ ഗോൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നാണ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇക്വഡോർ വിജയിച്ച ആ മത്സരത്തിൽ, ടീമിന്റെ മൂന്നാമത്തെ ഗോളാണ് കാവിയേഡസ് വലയിലാക്കിയത്. ഗോൾ നേടിയ സന്തോഷത്തിൽ ഒരു മഞ്ഞ സ്പൈഡർമാൻ മാസ്ക് മുഖത്തണിഞ്ഞാണ് അദ്ദേഹം അത് ആഘോഷിച്ചത്.

അതൊരു സാധാരണ ആഘോഷമായിരുന്നില്ല; മറിച്ച്, ഒരു വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച തന്റെ പ്രിയ സുഹൃത്തും സഹതാരവുമായിരുന്ന ഒറ്റിലീനോ ടെനോറിയോയ്ക്കുള്ള ഹൃദയസ്പർശിയായ ആദരവായിരുന്നു അത്. ഗോളടിക്കുമ്പോൾ മകനെയും ആരാധകരെയും സന്തോഷിപ്പിക്കാൻ സ്പൈഡർമാൻ മാസ്ക് അണിയുക എന്നത് ടെനോറിയോയുടെ ശീലമായിരുന്നു. സുഹൃത്തിന്റെ ഓർമ്മകളെ ലോകകപ്പ് വേദിയിൽ അനശ്വരമാക്കിയ കാവിയേഡസ്, ഫുട്ബോൾ വെറുമൊരു കളി മാത്രമല്ല, ആഴമേറിയ മനുഷ്യബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കൂടി വേദിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
റോബോട്ട് ഡാൻസ്
ടൂർണമെന്റിലെ ഏറ്റവും ഉയരം കൂടിയ താരമായ ഇംഗ്ലണ്ടിന്റെ പീറ്റർ ക്രൗച്ച് ട്രിനിഡാഡ് & ടോബാഗൊയ്ക്കെതിരെ ഗോളടിച്ചതിന് ശേഷം അവതരിപ്പിച്ച 'റോബോട്ട് ഡാൻസ്' ആരാധകർക്കിടയിൽ തരംഗമായി.

കുപ്രസിദ്ധ ഹെഡ്ബട്ട്, ഇറ്റലിക്ക് കപ്പ്
ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനായി സിനദീൻ സിദാൻ ഒരു കിടിലൻ 'പനെൻക' (Panenka) പെനാൽറ്റി വലയിലെത്തിച്ച് തുടക്കത്തിൽ തന്നെ ഇറ്റലിക്കെതിരെ ലീഡ് നേടി.മാർക്കോ മറ്റെരാസി ഇറ്റലിക്കായി സമനില ഗോൾ നേടി.

ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാന്റെ കരിയറിലെ അവസാന മത്സരമായിരുന്നു അത്. എക്സ്ട്രാ ടൈമിലെ 110-ാം മിനിറ്റിൽ, തന്റെ സഹോദരിയെക്കുറിച്ച് മോശമായി സംസാരിച്ച ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ പ്രകോപിതനായ സിദാൻ തലകൊണ്ട് അതിശക്തമായി ഇടിച്ചു വീഴ്ത്തുകയും ചുവപ്പുകാർഡ് കണ്ട് പുറത്താവുകയും ചെയ്തു. ലോകത്തെ നടുക്കിയ ഈ സംഭവത്തിന്റെ ഓർമയ്ക്കായി അൾജീരിയൻ- ഫ്രഞ്ച് ശില്പി അഡെൽ അബ്ദസ്സെമെദ് അഞ്ച് മീറ്റർ ഉയരമുള്ള "കൂപ്പ് ഡി ടെറ്റ്" (Coup de Tête) എന്ന വെങ്കല പ്രതിമ നിർമ്മിച്ചു.

സെമി ഫൈനലിൽ ജർമനിക്കെതിരെ അവസാന നിമിഷം ഗോൾ നേടി ഹീറോയായ ഇറ്റാലിയൻ ലെഫ്റ്റ് ബാക്ക് ഫാബിയോ ഗ്രോസ്സോ, ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക വിജയ പെനാൽറ്റിയും വലയിലെത്തിച്ച് ഇറ്റലിക്ക് നാലാം ലോകകപ്പ് കിരീടം സമ്മാനിച്ചു. വെറും അഞ്ചു ഗോളുകൾ മാത്രം നേടി ജർമനിയുടെ മിറോസ്ലാവ് ക്ലോസെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

എന്താണ് പനേങ്ക (Panenka)?
ഗോൾകീപ്പർ ഒരു വശത്തേക്ക് ഡൈവ് ചെയ്യുമെന്ന കണക്കുകൂട്ടലിൽ, പോസ്റ്റിന്റെ മധ്യഭാഗത്തേക്ക് പന്ത് പതുക്കെ ചിപ്പ് ചെയ്ത് അടിക്കുന്ന പെനാൽറ്റി രീതിയാണിത്. 1976ലെ യൂറോ കപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഈ തന്ത്രം വിജയകരമായി പ്രയോഗിച്ച ചെക്കോസ്ലോവാക്യൻ താരം അന്റോണിൻ പനേങ്കയാണ് ഇതിന്റെ ഉപജ്ഞാതാവ്.
പ്രതിരോധ താരത്തിന് ഗോൾഡൻ ബോൾ
മുന്നേറ്റ നിരക്കാർക്ക് മാത്രം ലഭിക്കാറുള്ള ടൂർണമെന്റിലെ മികച്ച താരത്തിനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം ഇറ്റാലിയൻ നായകനും സൂപ്പർ ഡിഫൻഡറുമായ ഫാബിയോ കന്നവാരോ സ്വന്തമാക്കി.

ഫിഫ വേൾഡ് ചാമ്പ്യൻസ് ബാഡ്ജ്
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരെ ആദരിക്കുന്നതിനായി 2008ൽ ഫിഫ പ്രത്യേക ബാഡ്ജ് അവതരിപ്പിച്ചു. 2006-ലെ ലോകകപ്പ് ജേതാക്കളായതിനാൽ ഇറ്റലിയാണ് ചരിത്രത്തിലാദ്യമായി തങ്ങളുടെ ജേഴ്സിയിൽ ഈ ബാഡ്ജ് അണിഞ്ഞത്.









0 comments