print edition ബ്രസീൽ തോറ്റിട്ടില്ല മിസ്റ്റർ ട്രംപ്

ഡോണൾഡ് ട്രംപ്, ലുല

വി ബി പരമേശ്വരൻ
Published on Oct 27, 2026, 02:29 AM | 2 min read
ബ്രസീലിൽ ലുലയുടെ ഉജ്വല വിജയം ഏറെ അസ്വസ്ഥനാക്കുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയാണ്. ലാറ്റിനമേരിക്കയെ യുഎസിന്റെ പിന്നാമ്പുറമായി വീക്ഷിച്ച 1823ലെ "മൺറോ സിദ്ധാന്തം’ പൊടിതട്ടിയെടുത്ത് "ഡോൺറോ സിദ്ധാന്തം’ അവതരിപ്പിച്ച ട്രംപ്, ഏറെ ആഗ്രഹിച്ചതായിരുന്നു ഫ്ലാവിയോ ബോൾസനാരോയുടെ വിജയം. അമേരിക്ക നേരിട്ട് ഇടപെട്ടാണ് കൊളംബിയയിലും ഇക്വഡോറിലും ചിലിയിലും ഹോണ്ടുറാസിലും വലതുപക്ഷത്തെ അധികാരത്തിലേറ്റിയത്. അർജന്റീനയിലും ബൊളീവിയയിലും പെറുവിലും മറ്റും നേരത്തേ തന്നെ സാമ്രാജ്യത്വ അനുകൂലികളെ പ്രതിഷ്ഠിച്ചിരുന്നു. ഡോൺറോ സിദ്ധാന്തം സൈനിക ഇടപെടലിലൂടെ വെനസ്വേലയിലും നടപ്പാക്കപ്പെട്ടു. ജനുവരി മൂന്നിന് തെരത്തെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി ന്യൂയോർക്കിലെ തടവറയിലാക്കി.
ലാറ്റിനമേരിക്കയിലെ ഈ അട്ടിമറിപരമ്പരയിൽ അമേരിക്കക്ക് ഏറ്റവും പ്രധാനമായും പിടിച്ചെടുക്കേണ്ടത് ബ്രസീലിനെയായിരുന്നു. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യവും ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ബ്രസീലാണ്. ലാറ്റിനമേരിക്കയുടെ മൊത്തം ജിഡിപിയുടെ മൂന്നിലൊന്നും പ്രതിനിധാനം ചെയ്യുന്ന ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ്. 30 ശതമാനം കയറ്റുമതിയും ചൈനയിലേക്കാണ്. ചൈനയുടെ വൻ നിക്ഷേപം ബ്രസീലിലുണ്ട്. ചൈന നേതൃത്വം നൽകുന്ന ബ്രിക്സ് കൂട്ടായ്മയിൽ അടിയുറച്ച് നിൽക്കുന്ന നേതാവാണ് ലുല. ബ്രിക്സ് വേദി ഉപയോഗിച്ച് ഡോളറിന്റെ ആധിപത്യത്തെ ചെറുക്കാൻ മുന്നിൽനിൽക്കുന്നതും ലുലയാണ്. മെർകോസൂർ, സെലാക് തുടങ്ങി ലാറ്റിനമേരിക്കയിലെ അമേരിക്കൻ വിരുദ്ധ കൂട്ടായ്മകളിലൊക്കെ ബ്രസീൽ സജീവമാണ്. അതിനാൽ ലുലയെ തോൽപ്പിക്കാൻ അമേരിക്ക എല്ലാ ശ്രമവും നടത്തി.
ആദ്യവട്ട വോട്ടെടുപ്പിൽ ബോൾസനാരോ മുന്നിലെത്തിയപ്പോൾ തന്നെ "വൻ വിജയം" എന്ന് ഉദ്ഘോഷിച്ച് ട്രംപ് രംഗത്തെത്തി. രണ്ടാംവട്ടത്തിനുള്ള പ്രചാരണമായപ്പോൾ യുഎസ് ഇടപെടൽ കൂടുതൽ പ്രകടമായി. മാർക് സക്കർബർഗിന്റെ മെറ്റ ബോൾസനാരോയുടെ ഉള്ളടക്കം വൻതോതിൽ പ്രചരിപ്പിച്ചപ്പോൾ ലുലയുടെ കണ്ടന്റുകൾക്ക് തടസ്സം സൃഷ്ടിച്ചു. ജയ്ർ ബൊൾസൊനാരോയ്ക്ക് എതിരെയുള്ള വിചാരണ നിർത്തിവയ്ക്കാൻ ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 2025 ജൂലായിയിൽ ബ്രസീൽ സുപ്രീംകോടതി പ്രസിഡന്റ് അലക്സാന്ദ്ര ഡി മോറേസിനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. കോടതി ജയ്ർ ബോൾസനാരോയെ ശിക്ഷിച്ചു. ബ്രസീലിന് 50 ശതമാനം ചുങ്കം ചുമത്തിയാണ് ട്രംപ് പകവീട്ടിയത്.
ഇടതുപക്ഷം ഉയർത്തിയ പ്രധാന വിഷയങ്ങളിലൊന്ന് പരമാധികാരം സംരക്ഷിക്കലാണ്. ബോൾസനാരോയെ തെരഞ്ഞെടുത്താൽ ബ്രസീൽ അമേരിക്കയുടെ കോളനിയാകുമെന്ന പ്രചാരണം ശക്തമാക്കി. യുഎസ് ശിങ്കിടികൾ ഭരിക്കുന്ന അയൽരാജ്യങ്ങളിലെ ധാതുക്കളും എണ്ണയും അമേരിക്ക പകൽകൊള്ള ചെയ്യുന്നത് കാണുന്ന ജനതയിൽ ഇത് അനുരണനങ്ങളുണ്ടാക്കി. ജയ്ർ ബോൾസനാരോയുടെ ഭരണകാലത്തെ ചെയ്തികൾ ആവർത്തിക്കപ്പെടുമെന്ന ഭയം ലുലക്ക് വോട്ടുചെയ്യാൻ ആദിവാസികളെയും ദരിദ്ര ജനവിഭാഗങ്ങളെയും പരിസ്ഥിതിവാദികളെയും പ്രേരിപ്പിച്ചു. കോവിഡ് വെറും പനി മാത്രമാണെന്ന് പറഞ്ഞ് അവഗണിച്ച ഭരണമായിരുന്നു ജയ്ർ ബോൾസനാരോയുടേത്. യുഎസ് കഴിഞ്ഞാൽ, കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ബ്രസീലിലാണ്. പരിസ്ഥിതിയും കാലാവസ്ഥാമാറ്റവും തമ്മിലുള്ള ബന്ധത്തെ തള്ളിക്കളഞ്ഞ തീവ്രവലതുപക്ഷ നേതാവിന്റെ നാലു വർഷത്തെ ഭരണത്തിനിടയിൽ 45000 ചതുരശ്ര കിലോമീറ്റർ ആമസോൺകാട് വെട്ടി. 2023ൽ ലുല അധികാരമേറിയശേഷം കാടിന്റെ നാശീകരണം 71 ശതമാനം കുറഞ്ഞു.
ജനക്ഷേമ നടപടികളും ഇടതുപക്ഷം ശക്തമായി മുന്നോട്ടുവച്ചു. ഒന്നാംവട്ട വോട്ടെടുപ്പിനു ശേഷമാണ് തൊഴിൽസമയം ആഴ്ചയിൽ 44 മണിക്കൂറിൽനിന്നു 40 മണിക്കൂറായി കുറയ്ക്കുന്ന ബിൽ പാസ്സാക്കിയത്. ശമ്പളം കുറയ്ക്കാതെ ആഴ്ചയിൽ രണ്ട് ദിവസം അവധി. സ്വയംതൊഴിൽ കണ്ടെത്തിയ 36 ലക്ഷം പേരുടെ വായ്പാകുടിശ്ശിക എഴുതിതള്ളാനും തയ്യാറായി. അവധിദിനങ്ങളിൽ പൊതുഗതാഗതം സൗജന്യമാക്കുന്ന നിർദേശം പാർലമെന്റിൽ വച്ചു. ഇന്ധന നികുതി കുറച്ചു. ദരിദ്ര കുടുംബങ്ങൾക്ക് സഹായം നൽകുന്ന "ബോൾസ ഫാമിലിയ’ പദ്ധതിയും ലുല സർക്കാർ തുടർന്നു. എന്നാൽ അധികാരമേറിയാൽ 4000 കോടി ഡോളർ പൊതുചെലവ് കുറയ്ക്കുമെന്നായിരുന്നു തീവ്ര വലതുപ ക്ഷത്തിന്റെ പ്രഖ്യാപനം. സൈനിക സ്വേഛാധിപത്യത്തിലേക്കുള്ള തിരിച്ചുപോക്ക് തടയാനുള്ള ജനവിധി കൂടിയാണ് ബ്രസീലിലേത്. ഫ്ലാവിയോയുടെ തെരഞ്ഞെടുപ്പ് വാഗ്-ദാനത്തിൽ പ്രധാനം അച്ഛനെ ജയിൽ മോചിതനാക്കുമെന്നായിരുന്നു.
സൈന്യത്തിന് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുംവിധം ഭരണഘടനയിൽ ഭേദഗതി വരുത്തുമെന്നും വഴങ്ങാത്ത ജഡ്ജിമാരെ ഇംപീച്ച് ചെയ്യുമെന്നും രാഷ്ട്രീയശത്രുക്കളെ തടവിലിടുമെന്നും ആവർത്തിച്ചത് ജനങ്ങളിൽ അവമതിപ്പുണ്ടാക്കി.
വിവാദ ബാങ്കർ ഡാനിയൽ വാർകാരോയിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളർ വാങ്ങി അച്ഛനെക്കുറിച്ച് സിനിമയെടുക്കാൻ ഫ്ലാവിയോ ശ്രമിച്ചുവെന്ന വാർത്തയെ തുടർന്ന് അദ്ദേഹത്തിനെതിരെ അഴിമതി അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് കാലത്ത് വാക്സിൻ ലോബികളുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന ആരോപണവും ഉയർന്നു.









0 comments