Deshabhimani

print edition സുതാര്യത 
അട്ടിമറിക്കുന്നു; ലക്ഷ്യം പിഎസ്‍സിയെ തകർക്കൽ

Kerala PSC Office
വെബ് ഡെസ്ക്

Published on Oct 27, 2026, 03:14 AM | 2 min read

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള നിലവിലുള്ള സുതാര്യമായ വ്യവസ്ഥകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച ഫയൽ പൊതുഭരണ വകുപ്പിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് നീക്കം.


നിലവിൽ കേരള പിഎസ്‍സിയിൽ ചെയർമാൻ ഉൾപ്പെടെ 16 അം​ഗങ്ങളും വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 316 ൽ പിഎസ്‍സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. യുണിയൻ പിഎസ്‍സി അംഗങ്ങളെ രാഷ്ട്രപതിയും സംസ്ഥാന പിഎസ്‌സി അംഗങ്ങളെ ഗവർണറുമാണ് നിയമിക്കുന്നത്. കമീഷൻ അം​ഗങ്ങളിൽ പകുതിപ്പേർ ചുരുങ്ങിയത് പത്ത് വർഷം കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിൽ സേവനം അനുഷ്ഠിച്ചവരായിരിക്കണം. അതായത് സർവീസ് വിഷയങ്ങളിൽ പ്രാവീണ്യം ഉള്ളവരായിരിക്കണം എന്നർഥം.


സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന പാനൽ ഗവർണർ പരിശോധിച്ച ശേഷമാണ് അംഗീകരിക്കുന്നത്. റിക്രൂട്ട്മെന്റ് സംവിധാനത്തിന്റെ ഭാഗമാകുന്ന കമീഷൻ അം​ഗങ്ങൾ വിവിധ മേഖലയിൽ പ്രാവീണ്യം നേടിയവരാണെന്ന് ഇതുവഴി ഉറപ്പാക്കുന്നു. കേരളത്തിന്റെ പത്തിലൊന്നുപോലും പിഎസ്‍സി നിയമനം നടത്താത്ത കർണാടകത്തിൽ 15 കമീഷൻ അംഗങ്ങളാണുള്ളത്. രാജസ്ഥാൻ (8), തെലുങ്കാന (8), തമിഴ്നാട് (14), ആന്ധ്ര (8), ഉത്തർപ്രദേശ് (13) എന്നിങ്ങനെയാണ് കമീഷൻ അം​ഗങ്ങളുടെ കണക്ക്. എന്നാൽ ഇവിടങ്ങളിൽ ഭൂരിഭാ​ഗം നിയമനവും നടത്തുന്നത് സമാന്തര റിക്രൂട്ട്മെന്റ് ബോർഡുകളാണ്. ഈ റിക്രൂട്ട്മെന്റ് ബോർഡുകളിലെ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തുമ്പോൾ കേരളത്തിലെ അം​ഗങ്ങളുടെ ഇരട്ടിവരും.



കോടതിയിൽ നിലനിൽക്കില്ല


​തെളിവില്ലാതെയും രാഷ്ട്രീയലക്ഷ്യങ്ങളോടെയും പിഎസ്‍സി അംഗങ്ങൾക്കും മേധാവിക്കുമെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന അട്ടിമറിനീക്കങ്ങൾ സുപ്രീംകോടതി തള്ളിക്കളഞ്ഞവ. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകർക്കാനും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ വേട്ടയാടാനുമുള്ള നീക്കങ്ങൾക്കെതിരെ കർശനനിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ളത്.

പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അരുണാചൽപ്രദേശ് പിഎസ്‍സി അംഗത്തിനെതിരെ ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. കമീഷനിൽ പൊതുവായ വീഴ്‌ചകളുണ്ടായെന്നതിന്റെ പേരിൽ മാത്രം ഒരു അംഗത്തിനെതിരെ വ്യക്തിപരമായ കുറ്റം കണ്ടെത്താതെ പുറത്താക്കാനാകില്ലെന്നായിരുന്നു കോടതി വിധി. കൂട്ടുത്തരവാദിത്വം ആരോപിച്ച് നടപടിയെടുക്കുന്ന രീതി ഭരണഘടനയുടെ ആർട്ടിക്കിൾ 317 അനുസരിച്ച് അംഗീകരിക്കാനാവില്ല. കൃത്യമായ തെളിവുകളോ കുറ്റപത്രങ്ങളോ ഉണ്ടെങ്കിൽ മാത്രമേ നടപടി സാധ്യമാകൂയെന്നും വിധിയിൽ പറയുന്നു.


ബിഹാർ പിഎസ്‍സി ചെയർമാനായിരുന്ന ഡോ. റാം ആശ്രയ് യാദവിനെതിരെ ഉന്നയിച്ച രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡോ. എ എസ് ആനന്ദ് ഉൾപ്പെട്ട ബെഞ്ച് തള്ളി. കമീഷന്റെ പ്രവർത്തനങ്ങളിൽ പിഴവുകളോ പോരായ്‌മകളോ ഉണ്ടെങ്കിൽ അത് ചെയർമാന്റെയോ അംഗങ്ങളുടെയോ മോശം പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 2000 മാർച്ച് 29-നാണ് ഈ വിധിവന്നത്.


ഭരണഘടനയുടെ അനുച്ഛേദം 317(1) പ്രകാരം മോശമായി പെരുമാറ്റം, അഴിമതി പോലുള്ള ഗുരുതര കാരണങ്ങളുണ്ടെങ്കിൽ രാഷ്ട്രപതി ആ വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് വിടണം. എന്നാൽ രേഖകൾ മാത്രം നോക്കി തീർപ്പുകൽപ്പിക്കുകയല്ല സുപ്രീംകോടതി ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന ബെഞ്ച് രാഷ്ട്രപതി അയക്കുന്ന റഫറൻസും രേഖകളും നേരിട്ട് പരിശോധിച്ച് സാക്ഷികളെ വിസ്തരിക്കണം. തെളിവുകൾ വിലയിരുത്തി വസ്തുത കണ്ടെത്തണം. വ്യക്തമായ തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഭരണഘടനാപദവികളിൽ ഇരിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് ഈ അന്വേഷണങ്ങളിലൂടെ കോടതി ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home