Deshabhimani

print edition ആരോഗ്യമേഖലയിലെ സർക്കാർ 
നടപടികളിൽ ആശങ്ക: കെജിഎൻഎ

KGNA
വെബ് ഡെസ്ക്

Published on Oct 27, 2026, 03:55 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുജനാരോഗ്യ മേഖലയിലെ മാറ്റങ്ങൾ ആശങ്ക സൃഷ്ടിക്കുന്നെന്ന്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ. ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റുന്നത് സർക്കാർ തിരിച്ചറിയണം. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമമാണ്‌.


ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്താനോ അർഹരായവരുടെ സ്ഥാനക്കയറ്റം നടപ്പാക്കാനോ സർക്കാർ തയ്യാറാകുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നത് പ്രഖ്യാപനംമാത്രം. മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റി ദ്രോഹിക്കുന്ന നടപടിയും തുടരുന്നു. അവശ്യമരുന്നുകളുടെയും രോഗനിർണയ സൗകര്യങ്ങളുടെയും അപര്യാപ്തത രോഗികളെ സ്വകാര്യ ആശുപത്രികൾ തേടി പോകാൻ നിർബന്ധിതരാക്കുന്നു. തുടർച്ചയായി ചികിത്സാ പിഴവുകൾ വാർത്തയാകുമ്പോൾ യഥാർഥ കാരണങ്ങൾ കാണാതെ ജീവനക്കാരെ ബലിയാടാക്കുകയാണ്.


എസ്എംഎ മരുന്ന് വിവാദം ആരോഗ്യ മേഖലയ്ക്ക് ഉണ്ടാക്കിയ കളങ്കം ചെറുതല്ല. പൊതുജനാരോഗ്യരംഗത്തെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ് ആരോഗ്യ ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുള്ളതെന്ന സംശയം വ്യാപകമാണ്. പൊതുജനാരോഗ്യ വിദഗ്ധർ ആരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.


പൊതുജനാരോഗ്യ സംവിധാനത്തെ അപ്രസക്തമാക്കി സ്വകാര്യമേഖലയ്ക്ക് പ്രയോജനപ്പെടാൻ സർക്കാർ കൂട്ടുനിൽക്കരുത്. സമീപകാല സംഭവവികാസങ്ങൾ സൃഷ്ടിച്ച ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home