print edition ദേശാഭിമാനിക്ക് പരസ്യം നിഷേധിച്ച് സംസ്ഥാന സർക്കാർ


സ്വന്തം ലേഖകൻ
Published on Oct 27, 2026, 04:55 AM | 1 min read
തിരുവനന്തപുരം: രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ, ദേശാഭിമാനി പത്രത്തിന് പരസ്യം നിഷേധിച്ച് യുഡിഎഫ് സർക്കാർ. സംസ്ഥാന സർക്കാരിന് കീഴിലുള്ള കോർപറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പരസ്യമാണ് തടഞ്ഞത്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിന്റെ നിർദേശാനുസരണമാണ് നടപടിയെന്നാണ് വിവരം.
കെഎംഎസ്‌സിഎൽ അടക്കമുള്ളവയുടെ പരസ്യമാണ് തടഞ്ഞത്. കോർപറേഷന്റെ തലപ്പത്ത് നിയമനം നടത്താത്തതും ക്വാളിറ്റി കൺട്രോൾ വിഭാഗം ഇല്ലാതാക്കിയതും അടക്കമുള്ള വാർത്തകൾ ദേശാഭിമാനി നൽകിയിരുന്നു. ഇതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ദേശാഭിമാനിക്ക് പരസ്യം നൽകരുതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശമുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മറ്റു വകുപ്പുകളിലുള്ള സ്ഥാപനങ്ങളും കോർപറേഷനുകളും ചില പൊതുമേഖലാ സ്ഥാപനങ്ങളും ദേശാഭിമാനിക്ക് പരസ്യം നൽകുന്നില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്‌ട്രീയഭേദമില്ലാതെ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും പരസ്യം നൽകിയിരുന്നു. സർക്കാരിനെതിരെ നിരന്തരം വ്യാജവാർത്ത ചമച്ചിട്ടും പ്രതിപക്ഷ പാർടികളുടെ പത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ പരസ്യം നിഷേധിച്ചിട്ടില്ല. മുൻ യുഡിഎഫ് സർക്കാരുകളും രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ ദേശാഭിമാനിയെ അവഗണിച്ചിട്ടില്ല.
എന്നാൽ, വി ഡി സതീശൻ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. ഹിതകരമല്ലാത്ത ചോദ്യം ചോദിച്ചതിന് ദേശാഭിമാനി, കൈരളി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളെ പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് മലയാള പത്രങ്ങളിൽ സർക്കുലേഷനിൽ മൂന്നാംസ്ഥാനത്തുള്ള ദേശാഭിമാനിയ്ക്ക് പരസ്യം നിഷേധിക്കുന്നത്.








0 comments