print edition പവർഹൗസുകൾ; ഐഡിയൽ അഞ്ചാം കിരീടത്തിന്, പിടിക്കാൻ പാലക്കാടൻ ടീമുകൾ

സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കായി എത്തിയ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ താരങ്ങൾ കോഴിക്കോട് എൻഐടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു ഫോട്ടോ: ജഗത്ലാൽ
ജിതിൻ ബാബു
Published on Oct 27, 2026, 04:43 AM | 1 min read
കോഴിക്കോട്: മികച്ച സ്‌കൂളാകാൻ ഒരുപിടി കൂട്ടരുണ്ട്. തുടര്‍ച്ചയായ അഞ്ചാം കിരീടമാണ് മലപ്പുറം ഐഡിയല്‍ കടകശേരിയുടെ സ്വപ്‌നം. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്, എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, പാലക്കാട് പറളി എച്ച്എസ്, മുണ്ടൂര്‍ എച്ച്എസ്, വടവന്നൂര്‍ വിഎംഎച്ച്എസ് എന്നിവയും ഒപ്പമുണ്ട്.
കടക്കുമോ കടകശേരി
മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിന്റേത് 24 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 45 പേരുടെ സംഘമാണ്. ലോക സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യതനേടിയ പോള്‍വോള്‍ട്ട് താരം കെ എസ് അമല്‍ചിത്ര, കഴിഞ്ഞ തവണ സബ്ജൂനിയര്‍ 100 മീറ്ററില്‍ 38 വര്‍ഷത്തെ റെക്കോഡ് തിരുത്തിയ ഇടുക്കി കാല്‍വരിമൗണ്ട് സ്വദേശി ദേവപ്രിയ ഷൈബു എന്നിവര്‍ ടീമിന്റെ ഭാഗമാണ്.
വീറോടെ വടവന്നൂര്‍
പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ് കഴിഞ്ഞവര്‍ഷം എട്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമായി രണ്ടാമതെത്തി. ഒമ്പത് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമടക്കം 14 പേരുണ്ട്. ലോക സ്‌കൂള്‍ അത്‌ലറ്റിക്‌സിന് തെരഞ്ഞെടുക്കപ്പെട്ട നിവേദ്യ കലാധറാണ് മിന്നുംതാരം.
പ്രതീക്ഷയില്‍ പൂല്ലൂരാംപാറ
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞവര്‍ഷം ആറ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി നാലാംസ്ഥാനത്തായി. ഇത്തവണ 17 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളുമടക്കം 36 അംഗ ടീമാണ്.
പറളിയും മുണ്ടൂരും
പാലക്കാട് പറളി എച്ച്എസ് 10 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമടക്കം 18 അംഗ സംഘവുമായാണ് എത്തുന്നത്. കഴിഞ്ഞവര്‍ഷം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായിരുന്നു. പ്രദേശവാസികളായ കുട്ടികളാണ് താരങ്ങള്‍. പരിശീലകന്‍ പി ജി മനോജിന്റെ വിരമിക്കല്‍ വര്‍ഷംകൂടിയാണിത്.
പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിൽ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 23 അംഗ സംഘമാണ്. കഴിഞ്ഞവര്‍ഷം അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 35 പോയിന്റാണ് നേടിയത്.
മുന്നേറാന്‍ മാര്‍ബേസില്‍
എറണാകുളം മാര്‍ബേസില്‍ ഇത്തവണ 45 അംഗ സംഘത്തെയാണ് കളത്തിലിറക്കുന്നത്. 25 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും.
കഴിഞ്ഞവര്‍ഷം നാല് സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവുമായിരുന്നു.









0 comments